ധോണിയും റെയ്‌നയും വിദേശ ലീഗുകളില്‍ കളിക്കട്ടേയെന്ന് ആകാശ് ചോപ്ര; ബിസിസിഐയുടെ തീരുമാനം നിര്‍ണായകം

By Web TeamFirst Published Aug 21, 2020, 5:48 PM IST
Highlights

മുന്‍ പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിയെ പോലെ വിരമിക്കല്‍ തീരുമാനം മാറ്റിവച്ച് ക്രിക്കറ്റിലേക്ക് തിരികെ വരണമെന്നും ചോപ്ര പറഞ്ഞിരുന്നു.

ദില്ലി: അപ്രതീക്ഷിതമായിട്ടാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയും സുരേഷ് റെയ്‌നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ഇരുവരും തുടര്‍ന്നും ഐപിഎല്‍ കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇരുവരുടെയും വിരമിക്കല്‍ തീരുമാനം പല ക്രിക്കറ്റ് ആരാധകര്‍ക്കും ഒട്ടും സ്വീകാര്യമല്ലായിരുന്നു. ധോണി ഒരിക്കല്‍കൂടി ദേശീയ ജേഴ്‌സിയില്‍ കളിച്ചിട്ട് വിരമിച്ചാല്‍ മതിയെന്ന് പലരും അഭിപ്രായപ്പെട്ടു. ഒരു വിടവാങ്ങല്‍ മത്സരം വേണമെന്നായിരുന്നു പലരുടെയും പക്ഷം. എന്നാല്‍ റെയ്‌നയുടെ വിരമിക്കല്‍ തീരുമാനം ഒരുപാട് നേരത്തെയായെന്ന് പലരും പറഞ്ഞു. 

റെയ്‌നയുടെ കാര്യത്തില്‍ ഇതേ അഭിപ്രായം തന്നെയായിരുന്നു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്രയ്ക്കും. വിരമിക്കാന്‍ തീരൂമാനിച്ചത് കുറച്ച് നേരത്തെ ആയെന്നാണ് ചോപ്ര പറഞ്ഞത്. മുന്‍ പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിയെ പോലെ വിരമിക്കല്‍ തീരുമാനം മാറ്റിവച്ച് ക്രിക്കറ്റിലേക്ക് തിരികെ വരണമെന്നും ചോപ്ര പറഞ്ഞിരുന്നു. 33 വയസ് മാത്രമാണ് റെയ്‌നയുടെ പ്രായം, ഇനിയും അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാനുള്ള സമയം റെയ്‌നയ്ക്കുണ്ടെന്നാണ് ചോപ്ര പറയുന്നത്. 

മറ്റൊരു അഭിപ്രായം കൂടി വ്യക്തമാക്കിയിരിക്കുകയാണ് ചോപ്ര. ഇരുതാരങ്ങളേയും വിദേശലീഗ് കളിക്കാന്‍ ബിസിസിഐ അനുവദിക്കണമെന്നാണ് ചോപ്ര പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ധോണിയും റെയ്‌നയും വിദേശലീഗുകളില്‍ കളിക്കുന്നത് രസമുള്ള കാഴ്ച്ചയായിരിക്കും. ഇരുവര്‍ക്കും കളിക്കാന്‍ ബിസിസിഐ അനുമതി നല്‍കണം. എന്നാല്‍ ധോണി വിദേശ ലീഗിലേക്ക് പോകുമോ എന്നുള്ള കാര്യം സംശയകരമാണ്. 

എന്നാല്‍ റെയ്‌നയ്ക്ക് 33 വയസ് മാത്രമാണ് പ്രായം. അദ്ദേഹത്തിന് ഇനിയും ക്രിക്കറ്റില്‍ ബാല്യമുണ്ട്. റെയ്‌നയ്ക്ക ആഗ്രഹവുമുണ്ട്. എന്നാല്‍ ബിസിസിഐയുടെ തീരുമാനമാണ് നിര്‍ണായകം. ഇരുവുരം എന്‍ഒസിക്ക് ശ്രമിച്ചാല്‍ ബിസിസിഐ എന്ത് മറുപടി നല്‍കുമെന്നുള്ളത് കണ്ടറിയണം.'' ചോപ്ര വ്യക്താക്കി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായി ഇരുവരും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം യുഎഇയിലേക്ക് തിരിച്ചിരുന്നു. സെപ്റ്റംബര്‍ 19നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. വിരമിച്ച ശേഷം ഇരുവരും കളിക്കുന്ന ആദ്യ ടൂര്‍ണമെന്റായിരിക്കുമത്.

click me!