
ജൊഹാനസ്ബര്‍ഗ്: ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് ബാറ്റ്സ്മാന്‍മാരെ തെരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എ ബി ഡിവില്ലിയേഴ്സ്. മൂന്ന് ഇന്ത്യൻ താരങ്ങള്‍ അടങ്ങുന്ന പട്ടികയില്‍ ഒന്നാമന്‍ ഇന്ത്യയുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറോ വിരാട് കോലിയോ ഒന്നുമല്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററായി ഡിവില്ലിയേഴ്സ് തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യൻ നായകന്‍ എം എസ് ധോണിയെയാണ് എന്നതാണ് ശ്രദ്ധേയം. 2011ല്‍ ഇന്ത്യക്ക് ഏകദിന ലോകകപ്പ് സമ്മാനിച്ച ധോണി ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷര്‍മാരിലൊരാളായാണ് അറിയപ്പെടുന്നത്.
ഏകദിന ക്രിക്കറ്റിലെ രണ്ടാമനായി ഡിവില്ലിയേഴ്സ് തെരഞ്ഞെടുത്തത് തന്‍റെ അടുത്ത സുഹൃത്ത് കൂടിയായ വിരാട് കോലിയെയാണ്. ഏകദിന ക്രിക്കറ്റില്‍ 51 സെഞ്ചുറികള്‍ അടക്കം 58 റണ്‍സ് ശരാശരിയില്‍ 14180 റണ്‍സടിച്ചിട്ടുള്ള കോലി ഏകദിന റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്താണ്. 74 അര്‍ധസെഞ്ചുറികളും കോലിയുടെ പേരിലുണ്ട്.
ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മൂന്നാമനായാണ് ഡിവില്ലിയേഴ്സ് തെരഞ്ഞെടുത്തത്. ഏകദിനങ്ങളില്‍ 18426 റണ്‍സടിച്ച സച്ചിൻ 49 സെഞ്ചുറികളും 154 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടിണ്ട്.
സച്ചിന്‍ കഴിഞ്ഞാല്‍ നാലാമനായി ഡിവില്ലിയേഴ്സ് തെരഞ്ഞെടുത്തത് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിനെയാണ്. ഓസ്ട്രേലിയയുടെ മൂന്ന് ലോകകപ്പ് നേട്ടങ്ങളില്‍ പങ്കാളിയായ പോണ്ടിംഗ് ഏകദിനങ്ങളില്‍ 30 സെഞ്ചുറികളടക്കം 13704 റണ്‍സടിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ട് ഇതിഹാസം ജാക്വിസ് കാലിസാണ് ഡിവില്ലിയേഴ്സിന്‍റെ പട്ടികയില്‍ ഇടം നേടിയ അഞ്ചാമത്തെ താരം. ഏകദിനങ്ങളില്‍ 17 സെഞ്ചുറികളടക്കം 11,579 റണ്‍സും 273 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുള്ള കാലിസ് മാത്രമാണ് പട്ടികയില്‍ ലോകകപ്പ് നേടാത്ത ഏകതാരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!