'ഇന്ത്യന്‍ പൗരത്വം വാഗ്ദാനം ചെയ്തിരുന്നു'; തള്ളികളയാനുള്ള കാരണം വ്യക്തമാക്കി റാഷിദ് ഖാന്‍

Published : Apr 19, 2026, 09:20 PM IST
Rashid Khan

Synopsis

ഇന്ത്യയും ഓസ്ട്രേലിയയും തനിക്ക് പൗരത്വം വാഗ്ദാനം ചെയ്തിരുന്നുവെന്ന് അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ വെളിപ്പെടുത്തി. തൻ്റെ പുതിയ പുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

അഹമ്മാദാബാദ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന്റെ അഭിമാനമായ ലെഗ് സ്പിന്നര്‍ റാഷിദ് ഖാന്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇന്ത്യയും ഓസ്ട്രേലിയയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തനിക്ക് പൗരത്വം വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍ തന്റെ മാതൃരാജ്യമായ അഫ്ഗാനിസ്ഥാനെ വിട്ടുപോകാന്‍ താന്‍ തയ്യാറായില്ലെന്നും റാഷിദ് വ്യക്തമാക്കി. അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ 'റാഷിദ് ഖാന്‍: ഫ്രം സ്ട്രീറ്റ്‌സ് ടു സ്റ്റാര്‍ഡം' എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ഇന്ത്യന്‍ ബോര്‍ഡിന്റെ വാഗ്ദാനം

2023-ലെ ഐപിഎല്‍ സീസണിനിടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ തന്നെ കണ്ടതെന്നു റാഷിദ് പറയുന്നു... 'അഫ്ഗാനിസ്ഥാനിലെ സാഹചര്യം വളരെ മോശമാണ്, അതിനാല്‍ ഇന്ത്യയില്‍ തന്നെ താമസിച്ച് ഇവിടെ കളിച്ചുകൂടേ' എന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യന്‍ രേഖകള്‍ നല്‍കാമെന്നും വാഗ്ദാനം ചെയ്തു. എന്നാല്‍ ചിരിച്ചുകൊണ്ട് താന്‍ ആ ക്ഷണം നിരസിച്ചുവെന്നും തന്റെ രാജ്യം അഫ്ഗാനിസ്ഥാനാണെന്ന് വ്യക്തമാക്കിയെന്നും റാഷിദ് പുസ്തകത്തില്‍ കുറിക്കുന്നു. സമാനമായ വാഗ്ദാനങ്ങള്‍ ഓസ്ട്രേലിയയില്‍ നിന്നും തനിക്ക് ലഭിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.

നേരത്തെ 2018-ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കളിക്കുമ്പോള്‍ റാഷിദ് ഖാന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ ആവേശഭരിതരായ ഇന്ത്യന്‍ ആരാധകര്‍ അദ്ദേഹത്തിന് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ ക്യാംപെയ്ന്‍ നടത്തിയിരുന്നു. അന്ന് വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഈ പോസ്റ്റുകള്‍. ഇതേത്തുടര്‍ന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി നേരിട്ട് ഇടപെടുകയും റാഷിദ് ഖാന്‍ തങ്ങളുടെ രാജ്യത്തിന്റെ അഭിമാനമാണെന്നും അദ്ദേഹത്തെ വിട്ടുകൊടുക്കില്ലെന്നും വ്യക്തമാക്കുകയും ചെയ്തിരുന്നു.

നങ്ങര്‍ഹാറിലെ പൊടിപിടിച്ച തെരുവുകളില്‍ നിന്ന് ലോകം അറിയപ്പെടുന്ന ക്രിക്കറ്ററായി മാറിയ റാഷിദ് ഖാന്റെ ജീവിതം ഇന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന്റെ തന്നെ വളര്‍ച്ചയുടെ അടയാളമാണ്. 2020ലെ ഐസിസി പ്ലെയര്‍ ഓഫ് ദി ഡെക്കേഡ് പുരസ്‌കാരം സ്വന്തമാക്കിയ റാഷിദ്, എത്ര വലിയ വാഗ്ദാനങ്ങള്‍ ലഭിച്ചാലും അഫ്ഗാനിസ്ഥാന്‍ ജേഴ്‌സിയില്‍ തുടരുമെന്ന ഉറച്ച നിലപാടിലാണ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സീചെം ട്രോഫി: ചണ്ഡീഗഢിനെ തകർത്തു; തുടർച്ചയായ അഞ്ചാം വിജയത്തോടെ കേരളം ഫൈനലിൽ
'കോലിയുടെ ഉപദേശം കേട്ട്, ഒന്നര വർഷം ആ ശൈലി പിന്തുടര്‍ന്നു, പിന്നെ പറ്റിയില്ല'; തുറന്നു പറഞ്ഞ് സഞ്ജു സാംസൺ