അവരെനിക്ക് ഒരു വിലയും നല്‍കിയില്ല; ക്രിസ് ഗെയ്‌ലിന് പിന്നാലെ ജമൈക്ക തല്ലവാസിനെതിരെ ആഞ്ഞടിച്ച് ആന്ദ്രേ റസ്സല്‍

By Web TeamFirst Published May 1, 2020, 9:36 AM IST
Highlights

ഞാന്‍ അവരുടെ വെറുമൊരു താരം മാത്രമല്ല. ക്യാപ്റ്റനായിരുന്നു. എന്നാല്‍ അങ്ങനൊയൊരു പരിഗണനയൊ വിലയൊ അവര്‍ തന്നിട്ടില്ല. ഞാന്‍ അവര്‍ക്കൊരു സാധാരണ ക്രിക്കറ്റ് താരം മാത്രമായിരുന്നു. 
 

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: കരീബിയന്‍ പ്രീമിയര്‍ ലീഗ് ക്ലബ് ജമൈക്ക തല്ലവാസിനെതിരെ ആഞ്ഞടിച്ച് വെടിക്കെട്ട് താരം ആന്ദ്രേ റസ്സല്‍. രണ്ട് ദിവസം മുമ്പ് ഫ്രാഞ്ചൈസിയുടെ അസിസ്റ്റന്റ് കോച്ച് രാംനരേഷ് സര്‍വനെതിരെ ക്രിസ് ഗെയ്‌ലും കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. പിന്നാലെയാണ് റസ്സലിന്റെ വെളിപ്പെടുത്തല്‍. 

ഇതുപോലെ വിഷമത്തിലാക്കിയ മറ്റൊരു ഫ്രാഞ്ചൈസിയിലും ഞാന്‍ കളിച്ചിട്ടില്ലെന്ന് റസ്സല്‍ വ്യക്തമാക്കി. ''ജമൈക്ക തല്ലവാസിന്റെ ക്യാപ്റ്റനായിരുന്നു ഞാന്‍. എന്നാല്‍ ഇത്രത്തോളം വിഷമിപ്പിച്ച മറ്റൊരു ഫ്രാഞ്ചൈസിയിലും ഞാന്‍ കളിച്ചിട്ടില്ല. ഞാന്‍ അവരുടെ വെറുമൊരു താരം മാത്രമല്ല. ക്യാപ്റ്റനായിരുന്നു. എന്നാല്‍ അങ്ങനൊയൊരു പരിഗണനയൊ വിലയൊ അവര്‍ തന്നിട്ടില്ല. ഞാന്‍ അവര്‍ക്കൊരു സാധാരണ ക്രിക്കറ്റ് താരം മാത്രമായിരുന്നു. 

ഞാന്‍ എപ്പോഴും ജയിക്കാന്‍ വേണ്ടിയാണ് കളിച്ചത്. താരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ എനിക്കും പങ്കുണ്ട്. ഒരു  താരത്തെ ടീമില്‍ എടുക്കുന്നത് അവരില്‍ വിശ്വാസമുണ്ടായതുകൊണ്ടാണ്. എന്നാല്‍ എനിക്കുവേണ്ട താരങ്ങളെ അവര്‍ തന്നിരുന്നില്ല. എന്റെ അഭിപ്രായങ്ങള്‍ക്ക് വില നല്‍കിയിരുന്നില്ല. അരങ്ങേറ്റം കുറിച്ച ഒരു ഫസ്റ്റ് ക്ലാസ് പ്ലയര്‍ എന്ന പരിഗണന മാത്രമാണ് ലഭിച്ചിരുന്നത്. 

താരലേത്തില്‍ ഏത് താരത്തെയാണ് നിലനില്‍ത്താന്‍ പോകുന്നത്, ഏതൊക്കെ താരങ്ങളെയാണ് ടീമിലെടുക്കാന്‍ പോകുന്നത് എന്നൊക്കെ ചോദിക്കുമ്പോഴും വ്യക്തമായ ഉത്തരം ലഭിച്ചിരുന്നില്ല. പിന്നീട് ഇത്തരം കാര്യങ്ങള്‍ ഞാന്‍ ചോദിച്ചിരുന്നില്ല. ചിലപ്പോള്‍ ജമൈക്കയുമായുള്ള എന്റെ അവസാന സീസണായിരിക്കും ഇത്.'' റസ്സല്‍ പറഞ്ഞുനിര്‍ത്തി.

നേരത്തെ, സര്‍വനെതിരെ ക്രിസ് ഗെയ്ല്‍ കടുത്ത ഭാഷയില്‍ സംസാരിച്ചിരുന്നു. കൊറോണ വൈറസിനേക്കാളും വലിയ വിഷമാണ് സര്‍വനെന്നാണ് ഗെയ്ല്‍ പറഞ്ഞത്. തലാവാസ് ടീമിനൊപ്പം കരിയര്‍ അവസാനിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ തല്ലവാസിന്റെ അസിസ്റ്റന്റ് കോച്ചായ സര്‍വന്‍ കാരണം നേരത്തെ നിര്‍ത്തേണ്ടിവന്നുവെന്ന് ഗെയ്ല്‍ പറഞ്ഞു. കൊറോണ വൈറസിനേക്കാള്‍ വലിയ വിഷമാണ് സര്‍വനെന്നും ഒറ്റുകാരനാണെന്നും ഗെയ്ല്‍ ആരോപിച്ചിരുന്നു.

click me!