Ajinkya Rahane : രഞ്ജി ട്രോഫി കളിച്ച് ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ അജിങ്ക്യ രഹാനെ; പരിശീലനം തുടങ്ങി

Published : Feb 04, 2022, 01:27 PM ISTUpdated : Feb 04, 2022, 01:34 PM IST
Ajinkya Rahane : രഞ്ജി ട്രോഫി കളിച്ച് ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ അജിങ്ക്യ രഹാനെ; പരിശീലനം തുടങ്ങി

Synopsis

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അജിങ്ക്യ രഹാനെയുടെ ബാറ്റിംഗ് ഫോമില്ലായ്‌മ വലിയ വിമര്‍ശനം നേരിട്ടിരുന്നു

മുംബൈ: രഞ്ജി ട്രോഫിയില്‍  (Ranji Trophy 2021-22) കളിച്ച് ഫോം വീണ്ടെടുക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ അജിങ്ക്യ രഹാനെ (Ajinkya Rahane). മുംബൈ ടീമിനൊപ്പം പരിശീലനം നടത്തുന്ന രഹാനെ മികച്ച സീസണാണ് ലക്ഷ്യമിടുന്നതെന്ന് പരിശീലകന്‍ അമോല്‍ മജുംദാര്‍ (Amol Mazumdar) വ്യക്തമാക്കി. രഹാനെ മികച്ച ടച്ചിലാണെന്നും ആത്മവിശ്വാസം കൈവരിച്ചാല്‍ ഫോമില്‍ തിരിച്ചെത്തുമെന്നും  പറഞ്ഞു. ഇന്ത്യന്‍ സീനിയര്‍ സെലക്‌ടര്‍മാരുടെ വിശ്വാസം കാക്കണമെങ്കില്‍ രഞ്ജിയില്‍ രഹാനെയ്‌ക്ക് മികവ് തെളിയിച്ചേ മതിയാകൂ. 

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അജിങ്ക്യ രഹാനെയുടെ ബാറ്റിംഗ് ഫോമില്ലായ്‌മ വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഇക്കാലയളവില്‍ 20ല്‍ താഴെ ബാറ്റിംഗ് ശരാശരി മാത്രമാണ് ഇന്ത്യയുടെ വിശ്വസ്‌ത ബാറ്റര്‍ എന്ന വിശേഷണമുണ്ടായിരുന്ന രഹാനെയ്‌ക്കുണ്ടായിരുന്നത്. 2022ല്‍ കളിച്ച രണ്ട് ടെസ്റ്റില്‍ 68 റണ്‍സ് മാത്രം നേടിയപ്പോള്‍ ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായിരുന്നു. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ തോല്‍വിയുടെ പഴികള്‍ രഹാനെയ്‌ക്കും കേള്‍ക്കേണ്ടിവന്നു. 

ശ്രീലങ്കയ്‌ക്കെതിരായ പരമ്പര മാര്‍ച്ചിലേക്ക് നീട്ടിവച്ചതിനാല്‍ രഹാനെയ്‌ക്കും ഫോമില്ലായ്‌മയുടെ പേരില്‍ വിമര്‍ശനം നേരിടുന്ന മറ്റൊരു ബാറ്റര്‍ ചേതേശ്വര്‍ പൂജാരയ്‌ക്കും ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവിന് രഞ്ജി ട്രോഫി സുവര്‍ണാവസരമാണ്. രഹാനെ മുംബൈ ടീമിനൊപ്പവും പൂജാര സൗരാഷ്‌ട്രയ്‌ക്കൊപ്പം പരിശീലനം നടത്തുകയാണ്. ഇരുവരും നെറ്റ്‌സില്‍ പരിശീലനം നടത്തി. ശ്രീലങ്കയ്‌ക്കെതിരെ മാര്‍ച്ചില്‍ രണ്ട് ടെസ്റ്റുകള്‍ക്കാണ് ടീം ഇന്ത്യ വേദിയൊരുക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോല്‍വിയില്‍ നിന്നുള്ള തിരിച്ചുവരവാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. 

ഫോം നഷ്ടമായി ടെസ്റ്റ് ടീമിലെ സ്ഥാനംപോലും തുലാസിലായ അജിങ്ക്യ രഹാനെയോടും ചേതേശ്വര്‍ പൂജാരയോടും രഞ്ജി ട്രോഫിയില്‍ കളിച്ച് ഫോം തെളിയിക്കാന്‍ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം രഞ്ജി ട്രോഫി വീണ്ടും തുടങ്ങാനിരിക്കെയാണ് ഗാംഗുലിയുടെ നിര്‍ദേശം. 'രഞ്ജി ട്രോഫി വലിയ ടൂര്‍ണമെന്‍റാണ്. ഞങ്ങളെല്ലാം രഞ്ജിയില്‍ കളിച്ചുവന്നവരാണ്. അതിനാല്‍ രാജ്യാന്തര ക്രിക്കറ്റിലെ പരിചയസമ്പന്നരായ താരങ്ങള്‍ക്ക് രഞ്ജിയില്‍ മടങ്ങിയെത്തി കളിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാവേണ്ട കാര്യമില്ലെ'ന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. 

രഞ്ജി ട്രോഫിയില്‍ ഫെബ്രുവരി 10 മുതൽ മാര്‍ച്ച് 15 വരെയാണ് ആദ്യഘട്ട മത്സരങ്ങള്‍. ഐപിഎല്ലിന് ശേഷം നോക്കൗട്ട് ഘട്ടം നടക്കും. മെയ് 30 മുതൽ ജൂൺ 26 വരെയാണ് നോക്കൗട്ട് മത്സരങ്ങള്‍. ഒന്‍പത് വേദികളിലായി 38 ടീമുകള്‍ ഇക്കുറി മാറ്റുരയ്‌ക്കും. നാല് ടീമുകളുളള എട്ട് എലീറ്റ് ഗ്രൂപ്പുകളും ആറ് ടീമുകളുള്ള ഒരു പ്ലേറ്റ് ഗ്രൂപ്പുമാണ് പ്രാഥമിക ഘട്ടത്തിൽ. നേരത്തെ ജനുവരി 13നാരംഭിക്കാന്‍ പദ്ധതിയിട്ടിരുന്ന മത്സരങ്ങള്‍ കൊവിഡ് മൂന്നാം തരംഗത്തെ തുടര്‍ന്ന് നീട്ടിവയ്‌ക്കുകയായിരുന്നു. 

Ranji Trophy : തിരുവനന്തപുരത്തും മത്സരം; കേരളം എലീറ്റ് ഗ്രൂപ്പ് എയിൽ, രഞ്ജി ട്രോഫി മത്സരക്രമമായി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'10 വര്‍ഷം, ഒരുപാട് പരാജയങ്ങള്‍, പക്ഷെ എന്‍റെ സമയം വരുമെന്ന് എനിക്കുറപ്പായിരുന്നു', തുറന്നുപറഞ്ഞ് സഞ്ജു സാംസണ്‍
സെഞ്ചുറിയടിച്ചിട്ടും വിരാട് കോലി വീണു, ഏകദിന സിംഹാസനത്തിന് പുതിയ അവകാശി, രോഹിത്തിനും നഷ്ടം