മൂന്നാം ഏകദിനത്തില്‍ അവിശ്വസനീയം ജയം; ഇംഗ്ലണ്ടിനെതിരായ പരമ്പര ഓസീസിന്

By Web TeamFirst Published Sep 17, 2020, 9:06 AM IST
Highlights

ഗ്ലെന്‍ മാക്‌സ്‌വെല്‍ (90 പന്തില്‍ 108), അലക്‌സ് ക്യാരി (114 പന്തില്‍ 106) എന്നിവരുടെ അവസരോചിത സെഞ്ചുറിയാണ് ഓസീസിന് അവിസ്മരണീയ ജയം സമ്മാനിച്ചത്.

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് അവിശ്വസനീയ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെടുത്തു. ജോണി ബെയര്‍സ്‌റ്റോ (126 പന്തില്‍ 112)യുടെ സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങില്‍ ഓസീസ് 49.4 നാല് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഗ്ലെന്‍ മാക്‌സ്‌വെല്‍ (90 പന്തില്‍ 108), അലക്‌സ് ക്യാരി (114 പന്തില്‍ 106) എന്നിവരുടെ അവസരോചിത സെഞ്ചുറിയാണ് ഓസീസിന് അവിസ്മരണീയ ജയം സമ്മാനിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഓസീസ് 2-1ന് സ്വന്തമാക്കി. മാക്‌സ്‌വെല്‍ കളിയിലേയും പരമ്പരയിലേയും താരമായി.

ഒരു ഘട്ടത്തില്‍ അഞ്ചിന് 73 എന്ന നിലയില്‍ തോല്‍വി മുന്നില്‍ കണ്ടിരിക്കുകയായിരുന്നു ഓസീസ്. എന്നാല്‍ മാക്‌സ്‌വെല്‍- ക്യാരി സഖ്യം നേടിയ 213 റണ്‍സിന്റെ കൂട്ടുകെട്ട് സന്ദര്‍ശകര്‍ക്ക് തുണയായി. മാക്‌സ്‌വെല്ലിന്റെ രണ്ടാം ഏകദിന സെഞ്ചുറിയാണിത്. ഏഴ് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ക്യാരിയുടേത് കന്നി സെഞ്ചുറിയായിരുന്നു. 114 പന്തുകള്‍ നേരിട്ട താരം  രണ്ട് സിക്‌സും ഏഴ് ഫോറും സഹിതമാണ് ഇത്രയും റണ്‍സെടുത്തത്. 

എന്നാല്‍ എട്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇംഗ്ലീഷ് പേസര്‍മാര്‍ ഇരുവരേയും പവലിയനിലേക്ക് മടക്കിയയച്ചു. മത്സരം അവസാന ഓവറിലേക്ക്. ഓസീസിന് ജയിക്കാന്‍ വേണ്ടത് പത്ത് റണ്‍സ്. പാറ്റ് കമ്മിന്‍സും (പുറത്താവാതെ 4), മിച്ചല്‍ സ്റ്റാര്‍ക്കും (മൂന്ന് പന്തില്‍ പുറത്താവാതെ 11) ക്രീസില്‍. അവസാന ഓവറില്‍ വാലറ്റക്കാരെ സമ്മദ്ദത്തിലാക്കി മത്സരം കയ്യിലാക്കാമെന്നായിരുന്നു ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെ പ്രതീക്ഷ. പന്തെറിയാനെത്തിയത് സ്പിന്നറായ ആദില്‍ റഷീദ്. നേരിട്ട ആദ്യ പന്ത് തന്നെ സ്റ്റാര്‍ക്ക് സിക്‌സര്‍ പായിച്ചു. അടുത്ത രണ്ട് പന്തിലും ഓരോ റണ്‍സ് വീതം. നാലാം പന്തില്‍ സ്റ്റാര്‍ക്ക് ഒരു ബൗണ്ടറി കൂടി നേടി. ഇതോടെ പരമ്പര ഓസീസ് സ്വന്തമാക്കി.

മാര്‍ക് വുഡ്, ടോം കറന്‍ എന്നിവര്‍ക്ക് ഓവര്‍ ബാക്കി നില്‍ക്കെയാണ് ഇംഗ്ലീഷ് ക്യാപ്റ്റന്‍ മോര്‍ഗന്‍ അവസാന ഓവര്‍ റഷീദിന് നല്‍കിയത്. ഡേവിഡ് വാര്‍ണര്‍ (24), ആരോണ്‍ ഫിഞ്ച് (12), മാര്‍കസ് സ്‌റ്റോയിനിസ് (4), മര്‍നസ് ലബുഷാനെ (20), മിച്ചല്‍ മാര്‍ഷ് (2) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ്, ജോ റൂട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

നേരത്തെ ബെയര്‍സ്‌റ്റോയുടെ പത്താം സെഞ്ചുറിക്ക് പുറമെ സാം ബില്ലിങ്‌സ് (57), ക്രിസ് വോക്‌സ് (39 പന്തില്‍ പുറത്താവാതെ 53) എന്നിവരുടെ ഇന്നിങ്‌സാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 12 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ബെയര്‍സ്‌റ്റോയുടെ ഇന്നിങ്‌സ്. ഒരു ഘട്ടത്തില്‍ നാലിന് 96 എന്ന നിലയിലായിരുന്നു ആതിഥേയര്‍. ജേസണ്‍ റോയ് (0), ജോ റൂട്ട് (0), മോര്‍ഗന്‍ (23), ജോസ് ബട്‌ലര്‍ (8), ടോം കറന്‍ (19), ആദില്‍ റഷീദ് (പുറത്താവാതെ 11) എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ സ്‌കോറുകള്‍. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം സാംപ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

click me!