'ഗാംഗുലിയുടെ നിയമനത്തിന് പിന്നില്‍ ഞാനല്ല'; അഭ്യൂഹങ്ങള്‍ തള്ളി അമിത് ഷാ

By Web TeamFirst Published Oct 15, 2019, 6:21 PM IST
Highlights

ഗാംഗുലിയുടെ നിയമനവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അമിത് ഷാ

മുംബൈ: ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയെ നിയമിക്കുന്നതിൽ താൻ ഇടപെട്ടുവെന്ന പ്രചാരണം തെറ്റാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗാംഗുലിയുടെ നിയമനവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അമിത് ഷാ പറഞ്ഞു.

ബിസിസിഐ പ്രസിഡന്റിനെ കണ്ടെത്താൻ തനിക്ക് യാതൊരു അധികാരവുമില്ല. ബിസിസിഐയ്‌ക്ക് ഇക്കാര്യത്തിൽ വ്യക്തമായ നടപടിക്രമങ്ങളുണ്ട്. ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് ഗാംഗുലി തന്നെ കണ്ടിരുന്നു. ഗാംഗുലിയെ ബിജെപിയിലേക്ക് ഇതുവരെ ക്ഷണിച്ചിട്ടില്ല. ഗാംഗുലി ബിജെപിയിൽ ചേര്‍ന്നാൽ സന്തോഷമേയുള്ളൂവെന്നും അമിത് ഷാ പറഞ്ഞു. 

ബിസിസിഐ പ്രസിഡന്‍റായി സൗരവ് ഗാംഗുലി ഈമാസം 23ന് ചുമതലയേൽക്കും. മുംബൈയിൽ നടക്കുന്ന ബിസിസിഐയുടെ വാർഷിക പൊതുയോഗത്തിലാണ് ഗാംഗുലി അടക്കമുള്ള പുതിയ ഭാരവാഹികൾ ചുമതല ഏൽക്കുക. അനുരാഗ് താക്കൂർ, എൻ ശ്രീനിവാസൻ പക്ഷങ്ങൾ സമവായത്തിൽ എത്തിയതോടെ ബിസിസിഐയുടെ എല്ലാ സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് ഒഴിവായി. 

പത്ത് മാസമായിരിക്കും ബിസിസിഐ പ്രസിഡന്‍റായി ഗാംഗുലി പ്രവർത്തിക്കുക. ബിസിസിഐയുടെ പുതിയ നിയമപ്രകാരം ഒരാൾക്ക് ആറ് വർഷമേ തുടർച്ചയായി ഭരണപദവിയിൽ ഇരിക്കാനാവൂ. ഗാംഗുലി അഞ്ചുവർഷമായി ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റാണ്. ഇതുകൂടി ചേർക്കുമ്പോൾ 2020 ജൂണിൽ ഗാംഗുലിക്ക് ഭരണരംഗത്ത് നിന്ന് മാറി നിൽക്കേണ്ടിവരും. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമേ ഗാംഗുലിക്ക് ക്രിക്കറ്റ് ഭരണരംഗത്ത് തിരിച്ചെത്താൻ കഴിയൂ.

click me!