ധോണിയല്ല, ടി20 ലോകകപ്പില്‍ വിക്കറ്റ് കീപ്പറാവേണ്ടത് ആ താരം: ഗൗതം ഗംഭീര്‍

By Web TeamFirst Published Apr 13, 2020, 1:18 PM IST
Highlights
ഐപിഎല്‍ ഈ വര്‍ഷം നടന്നില്ലെങ്കില്‍ എന്തടിസ്ഥാനത്തിലാണ് ധോണിയെ ടീമിലെടുക്കുകയെന്നും ഗംഭീര്‍ 
ദില്ലി: ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ എം എസ് ധോണിക്ക് പകരം കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറാവണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. വിക്കറ്റ് കീപ്പറെന്ന നിലയില്‍ സമീപകാലത്ത് രാഹുല്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും അതുകൊണ്ടുതന്നെ ലോകകപ്പിലും രാഹുലിനെ വിക്കറ്റ് കീപ്പറാക്കുന്നതാണ് ബുദ്ധിപരമായ തീരുമാനമെന്നും സ്റ്റാര്‍ സ്പോര്‍ട്സിന്റെ ചാറ്റ് ഷോയില്‍ പങ്കെടുത്ത് ഗംഭീര്‍ പറഞ്ഞു.

ഐപിഎല്‍ ഈ വര്‍ഷം നടന്നില്ലെങ്കില്‍ എന്തടിസ്ഥാനത്തിലാണ് ധോണിയെ ടീമിലെടുക്കുകയെന്നും ഗംഭീര്‍ ചോദിച്ചു. ഈ വര്‍ഷം ഐപിഎല്‍ നടന്നില്ലെങ്കില്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ധോണിയെ സംബന്ധിച്ചിടത്തോളം ദുഷ്കരമായിരിക്കും. കഴിഞ്ഞ ഏകദിന ലോകകപ്പിനുശേഷം മത്സര ക്രിക്കറ്റ് കളിക്കാത്ത ധോണിയെ എന്തടിസ്ഥാനത്തിലാണ് ടീമിലെടുക്കുക. അതുകൊണ്ടുതന്നെ കെ എല്‍ രാഹുലാണ് ധോണിയുടെ ശരിയായ പകരക്കാരന്‍. വിക്കറ്റ് കീപ്പറെന്ന നിലയില്‍ രാഹുല്‍ സമീപകാലത്ത് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. 

രാഹുലിന്റെ ബാറ്റിംഗും കീപ്പിംഗും ഞാന്‍ ശ്രദ്ധിച്ചിരുന്നു. വിക്കറ്റ് കീപ്പിംഗില്‍ ധോണിയുടെ നിലവാരം രാഹുലിനില്ലെന്നത് സമ്മതിക്കുന്നു. പക്ഷെ ടി20 ക്രിക്കറ്റിന്റെ കാര്യമെടുത്താല്‍ രാഹുല്‍ യൂട്ടിലിറ്റി പ്ലേയറാണ്. മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ബാറ്റ് ചെയ്യാനുമാകും. ഐപിഎല്‍ നടന്നില്ലെങ്കില്‍ ധോണിയുടെ തിരിച്ചുവരവ് സാധ്യതകള്‍ മങ്ങും. ആദ്യന്തികമായി നിങ്ങള്‍ ഇന്ത്യക്ക് വേണ്ടിയാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ മികച്ച പ്രകടനം നടത്തുന്നവര്‍ ആരാണോ അവരാണ് ടീമിലെത്തേണ്ടതെന്നും ഗംഭീര്‍ വ്യക്തമാക്കി.

വിരമിക്കല്‍ തീരുമാനം ധോണിയുടെ വ്യക്തിപരമായ കാര്യമാണെന്നും ഗംഭീര്‍ പറഞ്ഞു. ഐപിഎല്‍ നടന്നില്ലെങ്കില്‍ ധോണി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്ന കാര്യം സംശയമാണെന്ന് മുന്‍ ചീഫ് സെലക്ടര്‍ കെ ശ്രീകാന്തും പറഞ്ഞിരുന്നു. താന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്നെങ്കിലും ഇതുതന്നെയാകും നിലപാടെന്നും ശ്രീകാന്ത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതേ ഷോയില്‍ പങ്കെടുത്ത മുന്‍ ഇംഗ്ലമ്ട് നായകന്‍ നാസര്‍ ഹുസൈന്‍ അഭിപ്രായപ്പെട്ടത് ധോണിയെ വിരമിക്കാന്‍ നിര്‍ബന്ധിക്കരുതെന്നായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനായി ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ധോണിക്കാവുമെന്നും ഹുസൈന്‍ പറഞ്ഞിരുന്നു.
click me!