
മുംബൈ: ഏഷ്യാ കപ്പ് 2023 ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം ഉറപ്പായി. ഇരു ടീമുകളും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടതോടെയാണിത്. മൂന്ന് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളാണ് ടൂര്‍ണമെന്‍റിലുണ്ടാവുക. ഇന്ത്യക്കും പാകിസ്ഥാനും പുറമെ ശ്രീലങ്കയും ഒന്നാം ഗ്രൂപ്പിലാണ്. രണ്ടാം ഗ്രൂപ്പില്‍ അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകള്‍ക്കൊപ്പം പ്രീമിയര്‍ കപ്പ് വിജയിക്കുന്ന ടീം കൂടി ഇടംപിടിക്കും. ഏകദിന ലോകകപ്പിന് മുന്നോടിയായി 50 ഓവര്‍ ഫോര്‍മാറ്റില്‍ നടക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബറിലാണ് അരങ്ങേറുക. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലവന്‍ ജയ് ഷായാണ് 2023-24 സീസണിലെ ക്രിക്കറ്റ് കലണ്ടര്‍ പുറത്തുവിട്ടത്.
യോഗ്യതാ മത്സരങ്ങൾ കൂടാതെ ആറ് ലീഗ് മത്സരങ്ങളും ആറ് സൂപ്പര്‍ 4 മത്സരങ്ങളും അടക്കം ആകെ 13 മത്സരങ്ങളാണ് നടക്കുക. കഴിഞ്ഞ വര്‍ഷം നടന്ന ട്വന്‍റി 20 ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം വന്നിരുന്നു.
എന്നാല്‍ ഏഷ്യാ കപ്പ് വേദി സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. പാകിസ്ഥാനാണ് വേദിയായി നറുക്ക് വീണിരിക്കുന്നതെങ്കിലും പാകിസ്ഥാനിലേക്ക് ടീമിനെ അയക്കില്ലെന്ന് കഴിഞ്ഞ ഒക്ടോബറില്‍ ബിസിസിഐ സെക്രട്ടറിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റുമായ ജയ് ഷാ വ്യക്തമാക്കിയിരുന്നു. ടൂര്‍ണമെന്‍റ് നിഷ്‌പക്ഷ വേദിയിലേക്ക് മാറ്റണമെന്നാണ് ബിസിസിഐയുടെ ആവശ്യം. ഇതോടെ ഇരു ക്രിക്കറ്റ് ബോര്‍ഡുകളും തമ്മില്‍ വാക്‌വാദം അരങ്ങേറിയിരുന്നു. ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ മുന്‍ തലവന്‍ റമീസ് രാജ പിന്നാലെ രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു.
ഇരു രാജ്യങ്ങളും തമ്മിൽ 2013ന് ശേഷം പരമ്പരകൾ നടന്നിട്ടില്ല. 2016 ട്വന്‍റി 20 ലോകകപ്പിലാണ് പാകിസ്ഥാൻ അവസാനമായി ഇന്ത്യയിൽ കളിച്ചത്. നേരത്തെ സുരക്ഷാ കാരണങ്ങളാൽ വിവിധ രാജ്യങ്ങൾ പാകിസ്ഥാനിലേക്ക് വരുന്നത് ഒഴിവാക്കിയിരുന്നെങ്കിലും സമീപകാലത്ത് ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലൻഡ് ടീമുകളെല്ലാം പാകിസ്ഥാനിലെത്തി പരമ്പര കളിച്ചിരുന്നു. ഇതോടെയാണ് ഏഷ്യാ കപ്പിന് വേദിയൊരുക്കാമെന്ന പ്രതീക്ഷ പാകിസ്ഥാന് വര്‍ധിച്ചത്.
'ഏകദിന ലോകകപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ചിട്ടില്ല'; നിലപാട് മയപ്പെടുത്തി പുതിയ പിസിബി ചെയർമാൻ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!