
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ വിവാഹിതനായി. വ്യാഴാഴ്ച മുംബൈയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ സാനിയ ചന്ദോക്കിനെയാണ് അര്‍ജുന്‍ ജീവിതപങ്കാളിയാക്കിയത്. ക്രിക്കറ്റ്, സിനിമ, ബിസിനസ് രംഗത്തെ പ്രമുഖര്‍ അണിനിരന്ന ചടങ്ങ് ഒരു വന്‍ താരസംഗമമായി മാറി. ദക്ഷിണ മുംബൈയിലെ സ്വകാര്യ വേദിയില്‍ വെച്ചായിരുന്നു വിവാഹം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 25നായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ആഴ്ചകള്‍ നീണ്ടുനിന്ന ആഘോഷങ്ങള്‍ക്കൊടുവിലാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി ഭാര്യ സാക്ഷിക്കൊപ്പമെത്തിയത് ആരാധകരില്‍ വലിയ ആവേശമുണ്ടാക്കി. ടി20 ലോകകപ്പ് സെമി ഫൈനലിന് തൊട്ടുമുമ്പായി ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറും ഭാര്യ നടാഷ ജെയ്നും വിവാഹത്തിനെത്തിയിരുന്നു. സുനില്‍ ഗാവസ്‌കര്‍, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ, രവി ശാസ്ത്രി തുടങ്ങിയ ക്രിക്കറ്റ് ഇതിഹാസങ്ങളും യുവരാജ് സിംഗ്, ഇര്‍ഫാന്‍ പഠാന്‍, വീരേന്ദര്‍ സെവാഗ്, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിംഗ് തുടങ്ങിയവരും കുടുംബസമേതം ചടങ്ങില്‍ പങ്കെടുത്തു. ഐസിസി ചെയര്‍മാന്‍ ജയ് ഷാ, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ എന്നിവരും വിവാഹത്തിനെത്തിയിരുന്നു.
ബോളിവുഡ് താരം അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ് ബച്ചന്‍ എന്നിവര്‍ കുടുംബസമേതം പങ്കെടുത്തത് സിനിമാ ലോകത്തിന്റെ സാന്നിധ്യമുറപ്പിച്ചു. പ്രമുഖ വ്യവസായികളായ മുകേഷ് അംബാനിയും നിത അംബാനിയും ആഘോഷങ്ങളില്‍ സജീവമായിരുന്നു. മഹാരാഷ്ട്ര മന്ത്രി ആശിഷ് ഷേലാര്‍, സംവിധായകന്‍ അശുതോഷ് ഗോവാരിക്കര്‍ തുടങ്ങിയവരും അതിഥികളായെത്തി.
മുംബൈയിലെ പ്രമുഖമായ 'ഘായ്' കുടുംബത്തിലെ അംഗമാണ് സാനിയ. ഐക്കോണിക് ബ്രാന്‍ഡായ ക്വാളിറ്റി ഐസ്‌ക്രീം, മുംബൈയിലെ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍ എന്നിവ സ്ഥാപിച്ച ഇക്ബാല്‍ കൃഷന്‍ ഘായിയുടെ കൊച്ചുമകളാണ് സാനിയ. ബാസ്‌കിന്‍-റോബിന്‍സിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഗ്രാവിസ് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പാണ് ഇവരുടേത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ബിരുദം നേടിയ സാനിയ ഒരു വെറ്ററിനറി ടെക്‌നീഷ്യന്‍ കൂടിയാണ്. മുംബൈയില്‍ 'മിസ്റ്റര്‍ പോസ്' എന്ന പേരില്‍ ആഡംബര പെറ്റ് സ്പായും അവര്‍ നടത്തുന്നുണ്ട്. നേരത്തെ ജാംനഗറില്‍ അംബാനി കുടുംബം അതിഥികള്‍ക്കായി പ്രത്യേക പ്രീ-വെഡിങ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!