
ലക്നൗ: ഐപിഎല്ലില്‍ ലക്നൗ സൂപ്പർ ജയന്‍റ്സ് നായകന്‍ റിഷഭ് പന്തിനെ നെറ്റ്സിൽ വെള്ളം കുടിപ്പിച്ച് ഇടംകൈയ്യൻ പേസർ അർജുൻ ടെൻഡുൽക്കർ. ബാറ്റിംഗ് പരിശീലനത്തിനിടെ റിഷഭ് പന്തിന് നേരെ തുടർച്ചയായി കൃത്യതയാർന്ന യോർക്കറുകൾ എറിയുന്ന അർജുന്‍റെ വീഡിയോ ആണ് ലക്നോ സൂപ്പര്‍ ജയന്‍റ്സ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
മുംബൈ ഇന്ത്യൻസ് താരമായിരുന്ന അർജുൻ കഴിഞ്ഞ ഐപിഎൽ താരലേലത്തിലാണ് അടിസ്ഥാന വിലയ്ക്ക് ലക്നൗവിൽ എത്തിയത്. എന്നാല്‍ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും അർജുന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. പരിശീലനത്തിനിടെ ക്യാപ്റ്റനെ വിറപ്പിക്കുന്ന പ്രകടനം പുറത്തെടുത്തതോടെ അർജുൻ പ്ലേയിംഗ് ഇലവനിലെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകൻ എന്ന നിലയിലുള്ള അമിത സമ്മർദ്ദം തനിക്ക് മേലില്ലെന്ന് 26-കാരനായ അർജുൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഞാൻ ക്രിക്കറ്റ് കളിക്കുന്നത് എന്‍റെ പാഷൻ കൊണ്ടാണ്, അല്ലാതെ ആർക്കുമുന്നിലും ഒന്നും തെളിയിക്കാൻ വേണ്ടിയല്ല. കഠിനാധ്വാനം ചെയ്യുന്നതിലും കളി ആസ്വദിക്കുന്നതിലുമാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ശുഭങ്കർ മിശ്രയുടെ പോഡ്കാസ്റ്റില്‍ അർജുൻ പറഞ്ഞു.
അർജുന് ലഖ്‌നൗ ടീമിൽ ഇടം ലഭിക്കില്ലെന്ന മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിന്‍റെ പ്രസ്താവന വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മായങ്ക് യാദവ്, മൊഹ്‌സിൻ ഖാൻ, ആവേശ് ഖാൻ, മുഹമ്മദ് ഷമി എന്നിവരടക്കം ശക്തമായ പേസ് നിരയിൽ അർജുന് സ്ഥാനം കണ്ടെത്തുക പ്രയാസമാണെന്നായിരുന്നു അശ്വിന്‍റെ വിലയിരുത്തൽ. എന്നാൽ അശ്വിന്‍റെ ഈ വാക്കുകളെ രൂക്ഷമായ ഭാഷയിലാണ് അർജുന്‍റെ പരിശീലകനായിരുന്ന യോഗ്‌രാജ് സിംഗ് നേരിട്ടത്. അശ്വിൻ പറയുന്നത് അസംബന്ധമാണെന്നും ഒരാളുടെ കഴിവിനെ അളക്കാൻ ഇദ്ദേഹം ആരാണെന്നും യോഗ്‌രാജ് ചോദിച്ചിരുന്നു.
ഐപിഎൽ കരിയർ: ഇതുവരെ അഞ്ച് മത്സരങ്ങൾ കളിച്ച അർജുൻ മൂന്ന് വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. കളിച്ച രണ്ട് മത്സരങ്ങളിൽ ഒന്നിൽ ജയിച്ച ലക്നൗ പോയിന്‍റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. വ്യാഴാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആണ് ലക്നൗവിന്‍റെ അടുത്ത മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!