Ashes 2021-2022: ആഷസിനുശേഷം താരങ്ങളുടെ മദ്യവിരുന്ന്, അന്വേഷണം പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

By Web TeamFirst Published Jan 18, 2022, 9:00 PM IST
Highlights

ഇംഗ്ലണ്ട് സഹ പരിശീലകനായ ഗ്രാഹാം തോര്‍പ്പ് ചിത്രീകരിച്ചതാണ് വീഡിയോ എന്നാണ് കരുതുന്നത്. സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡാണ് കളിക്കാരുടെ മദ്യവിരുന്നിന്‍റെ വീഡിയോ ആദ്യം പുറത്തുവിട്ടത്. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്, ജെയിംസ് ആന്‍ഡേഴ്സണ്‍, ഓസ്ട്രേലിയന്‍ താരങ്ങളായ നഥാന്‍ ലിയോണ്‍, അലക്സ് ക്യാരി, ട്രാവിസ് ഹെഡ് എന്നിവരാണ് വീഡിയോയിലുള്ളത്.

ഹൊബാര്‍ട്ട്: ആഷസ് പരമ്പരയിലെ(Ashes 2021-2022) ദയനീയ തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ട് താരങ്ങള്‍(England Cricket Team) ടീം ഹോട്ടലില്‍ മദ്യവിരുന്ന് നടത്തിയതിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്(ECB). ഹൊബാര്‍ട്ടിലെ അവസാന ടെസ്റ്റിനുശേഷം പാതിരാത്രി കഴിഞ്ഞും മദ്യവിരുന്നില്‍ പങ്കെടുത്തിരുന്ന ഇംഗ്ലണ്ട് ഓസ്ട്രേലിയന്‍ കളിക്കാരോട് പോലീസ് എത്തി റൂമുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

ഇംഗ്ലണ്ട് സഹ പരിശീലകനായ ഗ്രാഹാം തോര്‍പ്പ് ചിത്രീകരിച്ചതാണ് വീഡിയോ എന്നാണ് കരുതുന്നത്. സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡാണ് കളിക്കാരുടെ മദ്യവിരുന്നിന്‍റെ വീഡിയോ ആദ്യം പുറത്തുവിട്ടത്. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്, ജെയിംസ് ആന്‍ഡേഴ്സണ്‍, ഓസ്ട്രേലിയന്‍ താരങ്ങളായ നഥാന്‍ ലിയോണ്‍, അലക്സ് ക്യാരി, ട്രാവിസ് ഹെഡ് എന്നിവരാണ് വീഡിയോയിലുള്ളത്.

ഹൊബാര്‍ട്ട് ടെസ്റ്റ് കഴിഞ്ഞ് പിറ്റേന്ന് പുലര്‍ച്ചെ ആറ് മണിവരെ കളിക്കാര്‍ താമസിക്കുന്ന ഹോട്ടലിന്‍റെ ടെറസില്‍ മദ്യവിരുന്നിലായരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കളിക്കാരുടെ ബഹളം അതിരുവിട്ടതിനെത്തുടര്‍ന്നാണ് ടാസ്മാനിയ പോലീസ് സംഭവത്തില്‍ ഇടപെട്ടത്. കളിക്കാരോട് എല്ലാം പാക്ക് ചെയ്ത് ഹോട്ടല്‍ വിടാന്‍ പോലീസ് നിര്‍ദേശിക്കുന്നതും വീഡിയോയില്‍ കാണാം.

ബഹളം കൂടിയതിനെത്തുടര്‍ന്നാ ണ് പോലീസ് സംഭവത്തില്‍ ഇടപെട്ടതെന്നും മറ്റ് അനിഷ്ട സംഭവങ്ങളൊന്നും കളിക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി. വീഡിയോ എങ്ങനെ പുറത്തുപോയി എന്നതിനെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ആഷസില്‍ ഇംഗ്ലണ്ട് ഓസ്ട്രേലിയയോട് 4-0നാണ് തോറ്റത്.

click me!