
കെന്നിംഗ്‌ടണ്‍ ഓവല്‍: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്. സ്റ്റീവ് സ്മിത്തിന്‍റെയും വാലറ്റത്തിന്‍റെയും പോരാട്ട മികവിലാണ് ഓസീസ് 12 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയത്.ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 283 റണ്‍സിന് മറുപടിയായി ഓസ്ട്രേലിയ രണ്ടാം ദിനം 295 റണ്‍സിന് ഓള്‍ ഔട്ടായി. 71 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍. 185-7 എന്ന നിലയില്‍ തകര്‍ന്നശേഷം വാലറ്റക്കാരായ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും(36), ടോഡ് മര്‍ഫിയും(34) ചേര്‍ന്നാണ് ഓസ്ട്രേലിയക്ക് ലീഡ് സമ്മാനിച്ചത്.
രണ്ടാം ദിനം 61-1 എന്ന സ്കോറില്‍ ബാറ്റിംഗ് തുടര്‍ന്ന ഓസ്ട്രേലിയക്ക് സ്കോര്‍ 91ല്‍ നില്‍ക്കെ മാര്‍നസ് ലാബുഷെയ്നിനെ നഷ്ടമായി. 82 പന്തില്‍ ഒമ്പത് റണ്‍സ് മാത്രമെടുത്ത ലാബുഷെയ്നിനെ സ്ലിപ്പില്‍ ജോ റൂട്ട് പറന്നു പിടിച്ചു. സ്റ്റീവ് സ്മിത്തും ഉസ്മാന്‍ ഖവാജയും ചേര്‍ന്ന് ഓസീസിനെ 100 കടത്തിയെങ്കിലും ഖവാജയെ(47) മടക്കി സ്റ്റുവര്‍ട്ട് ബ്രോഡ് അടുത്ത തിരിച്ചടി നല്‍കി. ട്രാവിസ് ഹെഡിനും ക്രീസില്‍ അധികം ആയുസുണ്ടായില്ല. ഹെഡിനെ(4) ബെയര്‍സ്റ്റോയുടെ കൈകളിലെത്തിച്ച ബ്രോഡ് ഇരട്ടപ്രഹരമേല്‍പ്പിച്ചതോ ഓസീസ് പരുങ്ങലിലായി.
മിച്ചല്‍ മാര്‍ഷും(16) സ്മിത്തും ചേര്‍ന്ന് ഓസീസിനെ 150 കടത്തിയെങ്കിലും ആന്‍ഡേഴ്സന്‍റെ സ്വിംഗിന് മുന്നില്‍ മാര്‍ഷ് മടങ്ങി. അലക്സ് ക്യാരിയും(10), തൊട്ടു പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്കും(7) വീണതോടെ ഇംഗ്ലണ് ഭേദപ്പെട്ട ലീഡ് നേടുമെന്ന് തോന്നിച്ചെങ്കിലും അവസാന മൂന്ന് വിക്കറ്റില്‍ 100 റണ്‍സിലേറെ കൂട്ടിച്ചേര്‍ത്ത് ഓസ്ട്രേലിയ ലീഡെടുത്തു.
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയുടെ മത്സരക്രമമായി; മത്സരങ്ങള്‍ക്ക് രാജ്യാന്തര പദവി
123 പന്തില്‍ ആറ് ബൗണ്ടറി പറത്തി 71 റണ്‍സെടുത്ത സ്മിത്തിനെ ക്രിസ് വോക്സ് ബെയര്‍സ്റ്റോയുടെ കൈകളിലെത്തിക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് മൂന്നും സ്റ്റുവര്‍ട്ട് ബ്രോഡ്, മാര്‍ക്ക് വുഡ്, ജോ റൂട്ട് എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.