അശ്വിന്‍ പോലും അറിഞ്ഞില്ല; ആ വിക്കറ്റ് ചരിത്രത്തില്‍ ഇടംപിടിച്ച ഒന്നായിരുന്നു

By Web TeamFirst Published Feb 9, 2021, 8:00 AM IST
Highlights

മൂന്ന് സ്പിന്നര്‍മാര്‍ മാത്രമാണ് ഇത്തരത്തില്‍ വിക്കറ്റ് വീഴ്ത്തിയിട്ടുള്ളൂ. അവസാന രണ്ട് തവണയും ഇത് സംഭവിച്ചത് 100 വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്ന് മാത്രം. 

ചെന്നൈ: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ റെക്കോഡ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്ത് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. 100 വര്‍ഷത്തിനിടെ ഒരു ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ ബാറ്റ്‌സ്മാനെ മടക്കിയയക്കുന്ന സ്പിന്നറെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അശ്വിന്‍. മൂന്ന് സ്പിന്നര്‍മാര്‍ മാത്രമാണ് ഇത്തരത്തില്‍ വിക്കറ്റ് വീഴ്ത്തിയിട്ടുള്ളൂ. അവസാന രണ്ട് തവണയും ഇത് സംഭവിച്ചത് 100 വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്ന് മാത്രം. 

ചെന്നൈ ടെസ്റ്റിന്റെ നാലാം ദിനം ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ റോറി ബേണ്‍സിനെ പുറത്താക്കിയതോടെയാണ് അശ്വിന്‍ ചരിത്രത്തില്‍ ഇടം നേടിയത്. ആദ്യ പന്തില്‍ തന്നെ താരത്തെ അശ്വിന്‍ സ്ലിപ്പില്‍ അജിന്‍ക്യ രഹാനെയുടെ കൈകളിലെത്തിക്കുകയായിരുന്നു. 1907ലാണ് അവസാനമായി ഇങ്ങനെ സംഭവിച്ചത്. ദക്ഷിണാഫ്രിക്കന്‍ ലെഗ് സ്പിന്നറായിരുന്ന ബെര്‍ട്ട് വോള്‍ഗര്‍ ഇംഗ്ലണ്ടിന്റെ ടോം ഹയ്‌വാര്‍ഡിനെ പുറത്താക്കി. മത്സരത്തിലെ തന്നെ ആദ്യ പന്തായിരുന്നു അത്.

1888 ആഷസിലാണ് രണ്ടാമത്തെ സംഭവം. ഇംഗ്ലീഷ് സ്പിന്നര്‍ ബോബി പീല്‍ ആയിരുന്നു നേട്ടത്തിന് ഉടമ. ഇതൊരു റെക്കോഡാണെന്ന് അറിയില്ലായിരുന്നുവെന്ന് അശ്വിന്‍ നാലാം ദിവസത്തിന് ശേഷം ബിസിസിഐ ടിവിയില്‍ സംസാരിച്ചു. ഇന്നലത്തെ മത്സരത്തിന് ശേഷം ഡ്രസിംഗ് റൂമില്‍ തിരിച്ചെത്തിയ ശേഷം ടീം മാനേജ്‌മെന്റാണ് ഇക്കാര്യം അറിയിച്ചതെന്നും അശ്വിന്‍ വ്യക്തമാക്കി.

click me!