Latest Videos

ഏഷ്യാ കപ്പ്: 'വേദി പാകിസ്ഥാനെങ്കില്‍ കളിക്കില്ല'; പിസിബിയുടെ ഭീഷണിക്ക് മറുപടിയുമായി ബിസിസിഐ

By Web TeamFirst Published Jan 28, 2020, 8:40 PM IST
Highlights

പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നതിന് ടീം ഒരുക്കമല്ലെന്ന് ബിസിസിഐ ഉന്നതന്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ്

ദില്ലി: ഏഷ്യാ കപ്പ് ക്രിക്കറ്റിന് പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്നതില്‍ തടസമില്ലെന്നും എന്നാല്‍ വേദി മറ്റെവിടെയെങ്കിലും ആകണമെന്നും ബിസിസിഐ. പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നതിന് ടീം ഇന്ത്യ ഒരുക്കമല്ലെന്ന് ബിസിസിഐ ഉന്നതന്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. ഏഷ്യാ കപ്പില്‍ കളിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ പങ്കെടുക്കില്ല എന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ഭീഷണിക്കാണ് ബിസിസിഐയുടെ മറുപടി. 

'ഏഷ്യാ കപ്പിന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആതിഥേയത്വം വഹിക്കുന്നു എന്നതല്ല, വേദി എവിടെയാണ് എന്നതാണ് പ്രശ്‌നം. നിലവിലെ സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് ന്യൂട്രല്‍ വേദി വേണമെന്ന കാര്യം വ്യക്തമാണ്. ഒന്നിലേറെ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റിനായെങ്കിലും ടീം ഇന്ത്യ പാകിസ്ഥാനില്‍ സന്ദര്‍ശം നടത്തുന്ന സാഹചര്യം ഉദിക്കുന്നില്ല. ഇന്ത്യ ഏഷ്യാ കപ്പില്‍ പങ്കെടുക്കണമെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് ആഗ്രഹമുണ്ടെങ്കില്‍ വേദി പാകിസ്ഥാന്‍ ആവരുത്' എന്നും ബിസിസിഐ പ്രതിനിധി വ്യക്തമാക്കി. 

'2018 ഒരു ഉദാഹരണം'; പാകിസ്ഥാനും നോക്കാമെന്ന് ബിസിസിഐ

ന്യൂട്രല്‍ വേദിയില്‍ 2018ലേതുപോലെ മത്സരങ്ങള്‍ നടത്താമെന്ന് ബിസിസിഐ ഉന്നതന്‍ ഉദാഹരണം ചൂണ്ടിക്കാടി. പാകിസ്ഥാന്‍ താരങ്ങള്‍ക്ക് വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് 2018ല്‍ വേദി യുഎഇയിലേക്ക് മാറ്റാന്‍ ബിസിസിഐ പ്രേരിപ്പിച്ച പ്രധാന ഘടങ്ങളിലൊന്ന്. 

പാകിസ്ഥാനില്‍ അടുത്ത വര്‍ഷം സെപ്റ്റംബറിലാണ് ഏഷ്യാ കപ്പ് നടക്കേണ്ടത്. വേദിയാവാന്‍ 2018ലാണ് പാക്കിസ്ഥാന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അനുമതി നല്‍കിയത്. ടി20 ലോകകപ്പിന് മുന്നോടിയായി ടി20 ഫോര്‍മാറ്റിലായിരിക്കും മത്സരങ്ങള്‍. ഏഷ്യാ കപ്പില്‍ ടീം ഇന്ത്യ പങ്കെടുക്കുമോ എന്നറിയാന്‍ ജൂണ്‍ വരെ കാത്തിരിക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെയാണ് ലോകകപ്പ് സഹകരണം റദ്ദാക്കും എന്ന വെല്ലുവിളിയുമായി പിസിബി രംഗത്തുവന്നത്. 

'ഇങ്ങോട്ട് വന്നില്ലെങ്കില്‍ അങ്ങോട്ടുമില്ല'; ഇന്ത്യയെ വെല്ലുവിളിച്ച് പാകിസ്ഥാന്‍

'ടീം ഇന്ത്യ 2020 ഏഷ്യാ കപ്പിനായി പാകിസ്ഥാനില്‍ എത്തിയില്ല എന്നുണ്ടെങ്കില്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാന്‍ പങ്കെടുക്കില്ല' എന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് വസീം ഖാന്‍ കഴിഞ്ഞ വാരം വ്യക്തമാക്കിയിരുന്നു. പാക് മണ്ണില്‍ ഏഷ്യാ കപ്പ് നടത്തുക എന്നത് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ തീരുമാനമാണ്. അത് മാറ്റാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനോ ഐസിസിക്കോ പ്രത്യേക അധികാരമില്ലെന്ന് വസീം പറഞ്ഞു. 

പാക് മണ്ണില്‍ ക്രിക്കറ്റ് കളിക്കില്ലെന്നുള്ള ഇന്ത്യയുടെ കടുത്ത നിലപാട് കാരണം പാകിസ്ഥാനില്‍ നിന്ന് ഏഷ്യാ കപ്പ് മാറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോള്‍ ഒരു പതിറ്റാണ്ടിന്‍റെ ഇടവേളയ്‌ക്ക് ശേഷം പാക് മണ്ണിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ തിരിച്ചെത്തിയിരിക്കുകയാണ്. ശ്രീലങ്കയാണ് പാകിസ്ഥാനില്‍ ട്വന്‍റി 20, ടെസ്റ്റ് പരമ്പരയ്‌ക്കായി എത്തിയത്. നിലവില്‍ ബംഗ്ലാദേശിന്‍റെ പാക് പര്യടനം പുരോഗമിക്കുകയാണ്. 

click me!