
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടം. ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെയും ഫഖര്‍ സമന്‍റെയും വിക്കറ്റുകളാണ് പാക്കിസ്ഥാന് നഷ്ടമായത്. മൂന്നാം ഓവറില്‍ ബാബര്‍ അസമിനെ വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ഒമ്പത് പന്തില്‍ രണ്ട് ബൗണ്ടറിയടക്കം 10 റണ്‍സാണ് ബാബര്‍ നേടിയത്. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ആവേശ് ഖാന്‍ 10 റണ്‍സെടുത്ത ഫഖര്‍ സമനെ പുറത്താക്കി. പവര്‍ പ്ലേ പിന്നിടുമ്പോള്‍ പാക്കിസ്ഥാന്‍ ആറോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സെന്ന നിലയിലാണ്. 20 പന്തില്‍ 20 റണ്‍സുമായി മുഹമ്മദ് റിസ്‌വാനും ഒരു റണ്ണോടെ ഇഫ്തിഖര്‍ അഹമ്മദും ക്രീസില്‍.
തുടക്കം നാടകീയം
പവര്‍ പ്ലേയില്‍ ഭുവിയുടെ ആദ്യ ഓവര്‍ തന്നെ സംഭവബഹുലമായിരുന്നു. ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ തന്നെ ഭുവി മുഹമ്മദ് റിസ്‌വാനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയിരുന്നു. ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചെങ്കിലും റിവ്യു എടുത്ത് റിസ്‌വാന്‍ രക്ഷപ്പെട്ടു. നാലാം പന്തില്‍ ബാബറിന്‍റെ മനോഹര ബൗണ്ടറി. പക്ഷെ അവസാന പന്തില്‍ റിസ്‌വാനെതിരെ ക്യാച്ചിനായുള്ള ഇന്ത്യയുടെ ശക്തമായ അപ്പീല്‍. ഓണ്‍ ഫീല്‍ഡ് അമ്പയര്‍ നിരസിച്ചപ്പോള്‍ ഇന്ത്യ റിവ്യു എടുത്തു. എന്നാല്‍ ഇത്തവണയും ഭാഗ്യം റിസ്‌വാന്‍റെ കൂടെയായിരുന്നു. ആദ്യ ഓവറില്‍ ഏഴ് റണ്‍സാണ് പാക്കിസ്ഥാന്‍ നേടിയത്.
അര്‍ഷദീപിന്‍റെ രണ്ടാം ഓവറില്‍ എട്ട് റണ്‍സടിച്ച് പാക്കിസ്ഥാന്‍ ആത്മവിശ്വാസം വീണ്ടെടുത്തു. എന്നാല്‍ മൂന്നാം ഓവറില്‍ ബാബറിനെ അപ്രതീക്ഷിത ബൗണ്‍സറില്‍ അര്‍ഷദീപ് സിംഗിന്‍റെ കൈകളിലെത്തിച്ച് ഭുവി പാക്കിസ്ഥാന് കനത്ത പ്രഹരമേല്‍പ്പിച്ചു. ആ ഓവറില്‍ അഞ്ച് റണ്‍സ് നേടിയ പാക്കിസ്ഥാന്‍ അര്‍ഷദീപ് എറിഞ്ഞ നാലാം ഓവറില്‍ നാലു റണ്‍സടിച്ചു. ആദ്യ ബൗളിംഗ് മാറ്റമായി എത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ അഞ്ചാം ഓവറില്‍ ഏഴ് റണ്‍സടിച്ച റിസ്‌വാനും ഫഖര്‍ സമനും ചേര്‍ന്ന് ആവേശ് ഖാന്‍ എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ 13 റണ്‍സടിച്ച് പാക്കിസ്ഥാനെ 43 റണ്‍സിലെത്തിച്ചു.
നേരത്തെ നിര്‍ണായക പോരാട്ടത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് പകരം ഫിനിഷറായ ദിനേശ് കാര്‍ത്തിക്കാണ് അന്തിമ ഇവലനില്‍ ഇടം നേടിയത്. ഭുവനേശ്വര്‍ കുമാറിനും അര്‍ഷദീപ് സിംഗിനുമൊപ്പം മൂന്നാം പേസറായി ആവേശ് ഖാനും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി. മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും അടങ്ങുന്നതാണ് പാക്കിസ്ഥാന്‍റെ ബൗളിംഗ് നിര. യുവപേസര്‍ നസീം ഷാ പാക് ടീമില്‍ ഇന്ന് അരങ്ങേറ്റം കുറിക്കുന്നു.\