
മുംബൈ: ഏഷ്യന്‍ ഗെയിസില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഈ മാസം 15ന് മുമ്പ് പ്രഖ്യാപിച്ചേക്കും. ഈ മാസം 15നാണ് ഏഷ്യന്‍ ഒളിംപിക് കൗണ്‍സിലിന് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന ടീം അംഗങ്ങളുടെ പട്ടിക സമര്‍പ്പിക്കേണ്ട അവസാന തീയതി. സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ടുവരെ ചൈനയിലെ ഹാങ്ചൗവിലാണ് ഏഷ്യന്‍ ഗെയിംസ് നടക്കുക. ഏഷ്യന്‍ ഗെയിംസ് ടീമിലുള്‍പ്പെടുന്ന താരങ്ങള്‍ക്ക് ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് ടീമിലിടം നേടാനാവില്ലെന്നാണ് കരുതുന്നത്.
ഒക്ടോബര്‍ അഞ്ചിനാണ് ഏകദിന ലോകകപ്പ് തുടങ്ങുന്നത്. ഒക്ടോബര്‍ എട്ടിന് ഓസ്ട്രേലിയക്കെതിരെ ചെന്നൈയിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബര്‍ എട്ടിനാണ് ഏഷ്യന്‍ ഗെയിംസ് സമാപിക്കുന്നത്. ലോകകപ്പിനുള്ള പ്രാഥമിക സ്ക്വാഡിനെ ഓഗസ്റ്റ് അവസാനവാരം പ്രഖ്യാപിക്കണമെന്നാണ് ഐസിസിയുടെ നിര്‍ദേശം. ഈ സാഹചര്യത്തില്‍ ലോകകപ്പ് ടീമില്‍ ഇടമുണ്ടാകില്ലെന്ന് ഉറപ്പുള്ള താരങ്ങളെയാവും ഏഷ്യന്‍ ഗെയിംസിന് അയക്കുക.
റിങ്കുവിന്‍റെ സമയം വരും, വിമര്‍ശനപ്പെരുമഴക്കിടയിലും ആശ്വാസ വാക്കുകളുമായി ഇര്‍ഫാന്‍ പത്താന്‍
സീനിയര്‍ താരം ശിഖര്‍ ധവാനായിരിക്കും ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ നയിക്കുക എന്നാണ് റിപ്പോര്‍ട്ട്. ധവാനൊപ്പം യുവതാരങ്ങളായ യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്‌വാദ്, ഐപിഎല്ലില്‍ തിളങ്ങിയ ജിതേഷ് ശര്‍മ, റിങ്കു സിംഗ്, ലോകകപ്പ് ടീമിലുണ്ടാവില്ലെന്ന് കരുതുന്ന ആര്‍ അശ്വിന്‍ എന്നിവരെല്ലാം ഏഷ്യന്‍ ഗെയിംസിനുള്ള ടീമിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയാളി താരം സഞ്ജു സാംസണും ഏഷ്യന്‍ ഗെയിംസ് ടീമില്‍ ഇടം നേടിയാല്‍ ലോകകപ്പ് ടീമില്‍ സ്ഥാനമുണ്ടാകില്ലെന്ന് ഉറപ്പിക്കേണ്ടിവരും. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ട20 പരമ്പരകള്‍ ഈ മാസം അവസാനമെ തുടങ്ങൂവെന്നതിനാല്‍ ഈ പരമ്പരകളിലെ പ്രകടനം നോക്കി ടീമിനെ പ്രഖ്യാപിക്കാനുള്ള സാവകാശം ബിസിസിഐക്കില്ല.
അതുകൊണ്ടുതന്നെ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ആരൊക്കെയാകും ഇടം നേടുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. കഴിഞ്ഞ വര്‍ഷം നടക്കേണ്ട ഏഷ്യന്‍ ഗെയിംസ് ചൈനയിലെ കൊവിഡ് സാഹചര്യങ്ങളെ തുടര്‍ന്നാണ് ഈ വര്‍ഷത്തേക്ക് മാറ്റിയത്. ചൈന ഇത് മൂന്നാം തവണയാണ് ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്. 2021 ഒളിംപിക്സിലെയും കഴിഞ്ഞവര്‍ഷത്തെ കോമണ്‍വെല്‍ത്ത് ഗെയിംസിലെയും മികവുറ്റ പ്രകടനത്തിന്‍റെ തിളക്കത്തിലാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസിനൊരുങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!