മുന്നൂറാനായി ഡേവിഡ് വാര്‍ണര്‍; പിങ്ക് പന്തില്‍ ട്രിപ്പിള്‍ സെഞ്ചുറി

By Web TeamFirst Published Nov 30, 2019, 12:13 PM IST
Highlights

പാകിസ്ഥാനെതിരെ അഡ്‌ലെയ്‌ഡില്‍ നടന്നുകൊണ്ടിരിക്കുന്ന പകല്‍-രാത്രി ടെസ്റ്റിലാണ് വാര്‍ണര്‍ 300 തികച്ചത്

അഡ്‌ലെയ്‌ഡ്: പിങ്ക് പന്തില്‍ ട്രിപ്പിള്‍ സെഞ്ചുറിയുമായി ഓസീസ് സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. പാകിസ്ഥാനെതിരെ അഡ്‌ലെയ്‌ഡില്‍ നടന്നുകൊണ്ടിരിക്കുന്ന പകല്‍-രാത്രി ടെസ്റ്റില്‍ 389 പന്തിലാണ് വാര്‍ണര്‍ 300 തികച്ചത്. വാര്‍ണറുടെ കരിയറിലായ ആദ്യ ട്രിപ്പിള്‍ ശതകമാണിത്. രണ്ടാം ദിനം രണ്ടാം സെഷന്‍ പുരോഗമിക്കവെ 537/3 എന്ന നിലയിലാണ് ആതിഥേയര്‍. ഡേവിഡ് വാര്‍ണര്‍ക്കൊപ്പം(300*) മാത്യു വെയ്‌ഡാണ്(21*) ക്രീസില്‍.

മാര്‍നസ് ലാബുഷാഗ്‌നെ, സ്റ്റീവ് സ്‌മിത്ത് എന്നിവരുടെ വിക്കറ്റാണ് ഓസീസിന് ഇന്ന് നഷ്ടമായത്. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചുറി കണ്ടെത്തിയ ലാബുഷ്‌ഗാ‌നെ 238 പന്തില്‍ 162 റണ്‍സെടുത്തു. ഷഹീന്‍ അഫ്രിദിക്കാണ് വിക്കറ്റ്. രണ്ടാം വിക്കറ്റില്‍ 361 റണ്‍സിന്‍റെ റെക്കോര്‍ഡ് കൂട്ടുകെട്ടാണ് വാര്‍ണര്‍- ലാബുഷാ‌ഗ്‌നെ സഖ്യം കൂട്ടിച്ചേര്‍ത്തത്. പകല്‍-രാത്രി ടെസ്റ്റില്‍ ഏതൊരു വിക്കറ്റിലെയും അഡ്‌ലെയ്‌ഡിലെയും ഉയര്‍ന്ന കൂട്ടുകെട്ടാണിത്. 

7000 തികച്ച് റെക്കോര്‍ഡുമായി സ്‌മിത്തിന് മടക്കം

ടെസ്റ്റ് ക്രിക്കറ്റില്‍ കുറഞ്ഞ ഇന്നിംഗ്‌സില്‍ 7000 റണ്‍സ് തികച്ച താരമെന്ന നേട്ടം മത്സരത്തിനിടെ സ്‌മിത്ത് സ്വന്തമാക്കി. അഡ്‌ലെയ്‌ഡില്‍23 റണ്‍സ് നേടിയതോടെയാണ് സ്‌മിത്ത് ചരിത്രം കുറിച്ചത്. 126 ഇന്നിംഗ്‌സില്‍ സ്‌മിത്ത് ഈ നേട്ടത്തിലെത്തിയപ്പോള്‍ 73 വര്‍ഷം മുന്‍പ് 130 ഇന്നിംഗ്‌സില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കിയ ഇംഗ്ലീഷ് ഇതിഹാസം വാല്‍ട്ടര്‍ ഹേമണ്ടിന്‍റെ റെക്കോര്‍ഡ് പഴങ്കഥയായി.

ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും വീരേന്ദന്‍ സെവാഗും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും സ്‌മിത്തിന്‍റെ കുതിപ്പിന് മുന്നില്‍ വഴിമാറിയവരിലുണ്ട്. 

എന്നാല്‍ രണ്ടാം മത്സരത്തിലും മികച്ച സ്‌കോറിലെത്താന്‍ സ്‌മിത്തിനായില്ല. 64 പന്തില്‍ 36 റണ്‍സെടുത്ത സ്‌മിത്തിനെ ഷഹീന്‍ അഫ്രീദി പുറത്താക്കി. വാര്‍ണറും സ്‌മിത്തും 106 റണ്‍സ് ചേര്‍ത്തു. ഇതോടെ ഈ വര്‍ഷം 9 ഇന്നിംഗ്‌സില്‍ നിന്ന് 814 റണ്‍സായി സ്‌മിത്തിന്‍റെ സമ്പാദ്യം. 

ആഷസിലെ കടംവീട്ടി വാര്‍ണര്‍

രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ എട്ടു റണ്‍സെത്തിയപ്പോഴേക്കും ബേണ്‍സിനെ നഷ്ടമായെങ്കിലും പാകിസ്ഥാന്റെ ആഘോഷം അവിടെ തീര്‍ന്നു. ടെസ്റ്റ് കരിയറിലെ 23-ാം സെഞ്ചുറി തികച്ച വാര്‍ണര്‍ ആഷസിലെ നാണംകെട്ട പ്രകടനം മായ്ച്ചുകളഞ്ഞാണ് കുതിക്കുന്നത്. ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സ് തോല്‍വി വഴങ്ങി പാകിസ്ഥാന് പരമ്പരയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ രണ്ടാം ടെസ്റ്റില്‍ ജയം അനിവാര്യമാണ്.

click me!