തല തകര്‍ത്ത് പേസര്‍മാര്‍, നടുവൊടിച്ച് ജഡേജ, വാലരിഞ്ഞ് അശ്വിന്‍; നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യയുടെ കംഗാരുവേട്ട

Published : Feb 09, 2023, 02:23 PM IST
തല തകര്‍ത്ത് പേസര്‍മാര്‍, നടുവൊടിച്ച് ജഡേജ, വാലരിഞ്ഞ് അശ്വിന്‍; നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യയുടെ കംഗാരുവേട്ട

Synopsis

ജഡേജയുടെ പന്തില്‍ ഫ്രണ്ട് ഫൂട്ടില്‍ മുന്നോട്ടാഞ്ഞ് ഷോട്ട് കളിക്കാന്‍ ശ്രമിച്ച ലാബുഷെയ്നിനെ കെ എസ് ഭരത് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ മാറ്റ് റെന്‍ഷോയെ(0) വിക്കറ്റിന് മുന്നില്‍ കുടുക്കി ജഡേജ ഇരട്ട പ്രഹരമേല്‍പ്പിച്ചു.

നാഗ്പൂര്‍: ഇന്ത്യക്കെതിരായ നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച. തുടക്കത്തിലെ തകര്‍ച്ചക്കുശേഷം മാര്‍നസ് ലാബുഷെയ്നിന്‍റെയും സ്റ്റീവ് സ്മിത്തിന്‍റെയും ബാറ്റിംഗ് കരുത്തില്‍ കരകയറിയ ഓസീസ് ആദ്യം ദിനം ചായക്ക് പിരിയുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെന്ന നിലയിലാണ്. 29 റണ്‍സോടെ പീറ്റര്‍ ഹാന്‍ഡ്സ്കോംബും റണ്ണൊന്നുമെടുക്കാതെ നേഥന്‍ ലിയോണും ക്രീസില്‍. 49 റണ്‍സെടുത്ത മാര്‍നസ് ലാബുഷെയ്നാണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി ജഡേജ നാലും അശ്വിന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

തുടക്കത്തിലെ തകര്‍ച്ചുകശേഷം 76-2 എന്ന ഭേദപ്പെട്ട സ്കോറില്‍ ലഞ്ചിന് പിരിഞ്ഞ ഓസീസിനെ ലഞ്ചിനുശേഷം രവീന്ദ്ര ജഡേജ കറക്കി വീഴ്ത്തി. തുടക്കത്തില്‍ 2-2ലേക്ക് കൂപ്പുകുത്തിയ ഓസീസിനെ കരകയറ്റിയ മാര്‍നസ് ലാബുഷെയ്നും സ്റ്റീവ് സ്മിത്തും ചേര്‍ന്നുള്ള 74 റണ്‍സ് കൂട്ടുകെട്ട് ഇന്ത്യക്ക് ഭീഷണിയായി വളരുമ്പോഴാണ് ലഞ്ചിനുശേഷമുള്ള തന്‍റെ രണ്ടാം ഓവറില്‍ പൊരുതി നിന്ന ലാബുഷെയ്നെ(49) പുറത്താക്കി ജഡേജ കൂട്ടുകെട്ട് പൊളിച്ചത്.

ജഡേജയുടെ പന്തില്‍ ഫ്രണ്ട് ഫൂട്ടില്‍ മുന്നോട്ടാഞ്ഞ് ഷോട്ട് കളിക്കാന്‍ ശ്രമിച്ച ലാബുഷെയ്നിനെ കെ എസ് ഭരത് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ മാറ്റ് റെന്‍ഷോയെ(0) വിക്കറ്റിന് മുന്നില്‍ കുടുക്കി ജഡേജ ഇരട്ട പ്രഹരമേല്‍പ്പിച്ചു. പിന്നാലെ അക്സര്‍ പട്ടേലിന്‍റെ ഒരോവറില്‍ മൂന്ന് ബൗണ്ടറിയടിച്ച് കൗണ്ടര്‍ അറ്റാക്ക് ചെയ്യാന്‍ ശ്രമിച്ച സ്റ്റീവ് സ്മിത്തിനെ(37) ക്ലീന്‍  ബൗള്‍ഡാക്കി  ജഡേജ ഓസീസിന്‍റെ നടുവൊടിച്ചു. ഇതോടെ 76-2ല്‍ നിന്ന് ഓസീസ് 109-5ലേക്ക് കൂപ്പുകുത്തി.

അശ്വിന്‍റെ ഇരട്ടപ്രഹരം

അഞ്ച് വിക്കറ്റ് നഷ്ടമായശേഷം അലക്സ് ക്യാരി റിവേഴ്സ് സ്വീപ്പിലൂടെ ഇന്ത്യന്‍ സ്പിന്നര്‍മാരെ നേരിട്ടപ്പോള്‍ ഓസീസ് സ്കോര്‍ ബോര്‍ഡ് വീണ്ടും അനങ്ങി തുടങ്ങി. 33 പന്തില്‍ 36 റണ്‍സെടുത്ത ക്യാരി റിവേഴ്സ് സ്വീപ്പ് കളിക്കാനുള്ള ശ്രമത്തില്‍ ബൗള്‍ഡായതോടെ വീണ്ടും ഓസീസിന്‍റെ തകര്‍ച്ച തുടങ്ങി. ടെസ്റ്റ് കരിയറില്‍ 450 വിക്കറ്റ് തികച്ച അശ്വിന്‍ പിന്നാലെ അരങ്ങേറ്റക്കാരന്‍ ടോഡ് മര്‍ഫിയെ(0) വിരാട് കോലിയുടെ കൈകകളിലെത്തിച്ച് ഓസീസിന്‍റെ വാലരിഞ്ഞു.

നേരത്തെ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഓസീസിന് ഡേവിഡ് വാര്‍ണര്‍ (1), ഉസ്മാന്‍ ഖവാജ (1) എന്നിവരുടെ വിക്കറ്റുകള്‍ ആദ്യ മൂന്നോവവറിനുള്ളില്‍ തന്നെ നഷ്ടമായിരുന്ന. തന്‍റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ ഖവാജയെ മുഹമ്മദ് സിറാജും തന്‍റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ വാര്‍ണറെ മുഹമ്മദ് ഷമിയുമാണ് പുറത്തക്കിയത്. എന്നാല്‍ പിന്നീട് ക്രീസില്‍ ഉറച്ചുനിന്ന സ്മിത്തും ലാബുഷെയ്നം ചേര്‍ന്ന് ആദ്യ സെഷനില്‍ 74 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കായി ജഡേജ നാലും അശ്വിന്‍ രണ്ടും സിറാജ്, ഷമി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

PREV
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍