ദാനം നല്‍കിയ അവസരങ്ങള്‍ ഇന്ത്യ തുലച്ചു; സിഡ്‌നി ടെസ്റ്റിന്‍റെ രണ്ടാം സെഷനില്‍ കടിഞ്ഞാണ്‍ ഏറ്റെടുത്ത് ഓസീസ്

By Web TeamFirst Published Jan 7, 2021, 11:26 AM IST
Highlights

അഞ്ച് റണ്‍സെടുത്ത ഡേവിഡ് വാര്‍ണറുടെ വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. മുഹമ്മദ് സിറാജിനാണ് വിക്കറ്റ്. അരങ്ങേറ്റക്കാരന്‍ വില്‍ പുകോവ്‌സ്കി (54), മര്‍നസ് ലബുഷാനെ (34) എന്നിവരാണ് ക്രീസില്‍.
 

സിഡ്‌നി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ തുടക്കത്തിലെ വിക്കറ്റ് നഷ്ടത്തിന് ശേഷം ശ്രദ്ധയോടെ ഓസ്‌ട്രേലിയ. ഇടയ്ക്ക് മഴയെടുത്ത ആദ്യദിനത്തില്‍ ചായയ്ക്ക് പിരിയുമ്പോള്‍ ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെടുത്തിട്ടുണ്ട്. പിന്നാലെ മഴയെത്തിയതോടെ മത്സരം നിര്‍ത്തിവച്ചു. അഞ്ച് റണ്‍സെടുത്ത ഡേവിഡ് വാര്‍ണറുടെ വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. മുഹമ്മദ് സിറാജിനാണ് വിക്കറ്റ്. അരങ്ങേറ്റക്കാരന്‍ വില്‍ പുകോവ്‌സ്കി (54), മര്‍നസ് ലബുഷാനെ (34) എന്നിവരാണ് ക്രീസില്‍. പുകോവ്‌സ്‌കി രണ്ട് ക്യാച്ച് അവസരങ്ങള്‍ നല്‍കിയെങ്കിലും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് മുതലാക്കാനായില്ല.

മടങ്ങിവരവില്‍ നിരാശപ്പെടുത്തി വാര്‍ണര്‍

പരിക്കിന് ശേഷമുള്ള തിരിച്ചുവരവില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു വാര്‍ണറുടേത്. മോശം ഫോമിലായിരുന്നു ജോ ബേണ്‍സിന് പകരം ടീമില്‍ തരിച്ചെത്തിയ വാര്‍ണര്‍ക്ക് എട്ട് പന്ത് മാത്രമായിരുന്നു ആയുസ്. സിറാജിന്റെ പന്തില്‍ ഡ്രൈവിന് ശ്രമിച്ചപ്പോള്‍ വാര്‍ണര്‍ക്ക് പിഴച്ചു. എഡ്ജായ പന്ത് ഫസ്റ്റ് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ചേതേശ്വര്‍ പൂജാരയുടെ കൈകളിലേക്ക്. ആറ് റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്.

പുകോവ്‌സ്‌കി- ലബുഷാനെ സഖ്യത്തിന്റെ രക്ഷാപ്രവര്‍ത്തനം

ഒന്നിന് ആറ് എന്ന സാഹചര്യത്തില്‍ ഒത്തുച്ചേര്‍ന്ന പുകോവ്‌സ്‌കി- ലബുഷാനെ സഖ്യം കളി ഏറ്റെടുത്തു. ഇരുവരും ഇതുവരെ 87 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അരങ്ങേറ്റക്കാരന്റെ സമ്മര്‍ദ്ദമൊന്നും കാണിക്കാതെയാണ് പുകോവ്‌സ്‌കി ബാറ്റ് ചെയ്യുന്നത്. സീനിയര്‍ താരം ലബുഷാനെയുടെ പിന്തുണ കൂടിയായപ്പോള്‍ 22കാരന്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് നീങ്ങി. 100 പന്തില്‍ നാല് ബൗണ്ടറികളോടെയാണ് താരം 54 റണ്‍സെടുത്തത്. ലബുഷാനെ ഇതുവരെ അഞ്ച് ബൗണ്ടറികള്‍ നേടിയിട്ടുണ്ട്. 

അവസരങ്ങള്‍ തുലച്ചു

ഇതുവരെ മാത്രം പുകോവ്‌സ്‌കിയെ പുറത്താക്കാനുള്ള മൂന്ന് അവസരങ്ങളാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. താരം 26ല്‍ നില്‍ക്കെ അശ്വിന്റെ പന്തില്‍ നല്‍കിയ അനായാസ ക്യാച്ച് പന്തിന് കൈ പിടിയിലൊതുക്കാന്‍ കവിഞ്ഞില്ല. രണ്ട് ഓവറുകള്‍ക്ക് ശേഷം മറ്റൊരു അവസരം കൂടി താരം നിലത്തിട്ടു. ഇത്തവണ മഹമ്മദ് സിറാജിന്റെ പന്തിലായിരുന്നു. എന്നാല്‍ ആദ്യത്തേതിനേക്കാള്‍ കുറച്ച് ബുദ്ധിമുട്ടുള്ളതുമായിരുന്നു. അടുത്തത് റണ്ണൗട്ട് അവസരമായിരുന്നു. ഇത്തവണ ബുമ്രയാണ് വില്ലനായത്. ഡീപ്പ് കവറിലേക്ക് ഓടി പന്തെടുത്ത് എറിയേണ്ടതിന് പകരം കവറിലെ ഫീല്‍ഡര്‍ക്ക് മറിച്ചു നല്‍കി. ത്രോ അല്‍പം കൂടി വേഗത്തില്‍ പന്തിന് നല്‍കിയിരുന്നെങ്കില്‍ റണ്ണൗട്ടിനുള്ള അവസരമുണ്ടായിരുന്നു.  

രണ്ട് മാറ്റങ്ങളുമായി ഓസീസ്

നേരത്തെ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങിയത്. ബേണ്‍സിന് പകരം വാര്‍ണര്‍ ടീമിലെത്തി. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ വാര്‍ണര്‍ക്ക് പരിക്കേറ്റിരുന്നു. ടി20 പരമ്പരയും ആദ്യ രണ്ട് ടെസ്റ്റും താരത്തിന് നഷ്ടമായിരുന്നു. നേരത്തെ അദ്ദേഹം പൂര്‍ണ ഫിറ്റല്ലെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ട്രാവിസ് ഹെഡ്ഡിന് പകരമാണ് വില്‍ പുകോവ്സ്‌കി ടീമിലെത്തിയത്. 22കാരനായ പുകോവ്സ്‌കിയെ നേരത്തെ ടീമില്‍ ഉള്‍പ്പെടുത്തിരുന്നു. എന്നാല്‍ ഇന്ത്യക്കെതിരായ സന്നാഹ മത്സരത്തില്‍ പരിക്കേറ്റതിനെ തുര്‍ന്ന് ആദ്യ രണ്ട് ടെസ്റ്റുകളിലും കളിക്കാനായില്ല. കഴിഞ്ഞ രണ്ട് ടെസ്റ്റിലും ഓപ്പണറുടെ റോളിലെത്തിയ മാത്യൂ വെയ്ഡ് ഇത്തവ ഹെഡ്ഡിന്റെ അഞ്ചാം നമ്പറില്‍ കളിക്കും.


രോഹിത്തും സൈനിയും ടീമില്‍

നേരത്തെ രണ്ട് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയത്. മോശം ഫോമിലുള്ള മായങ്ക് അഗര്‍വാളിന് പകരം രോഹിത് ശര്‍മയെ ടീമിലെടുത്തു. ഐപിഎല്ലിന് ശേഷം ആദ്യമായിട്ടാണ് അദ്ദേഹം ദേശീയ ടീമില്‍ കളിക്കുന്നത്. പരിക്ക് കാരണം നിശ്ചിത ഓവര്‍ പരമ്പരകള്‍ രോഹിത്തിന് നഷ്ടമായിരുന്നു. രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ ഉമേഷ് യാദവിന് പകരം നവ്ദീപ് സൈനി ടീമിലെത്തി. താരത്തിന്റെ അരങ്ങേറ്റമാണിത്.

ടീം ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), ഹനുമ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, നവ്ദീപ് സൈനി, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്.

ഓസ്ട്രേലിയ: വില്‍ പുകോവ്‌സ്‌കി, ഡേവിഡ് വാര്‍ണര്‍, മര്‍നസ് ലബുഷാനെ, സ്റ്റീവന്‍ സ്മിത്ത്, മാത്യു വെയ്ഡ്, കാമറൂണ്‍ ഗ്രീന്‍, ടീം പെയ്ന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.

click me!