വിചിത്രവും രസകരവുമായ കാരണം! ഓസീസ്-പാക് ടെസ്റ്റ് നിര്‍ത്തിവെച്ചു; ചിരിയടക്കാനാവാതെ വാര്‍ണറും അംപയര്‍മാരും

Published : Dec 28, 2023, 09:31 AM IST
വിചിത്രവും രസകരവുമായ കാരണം! ഓസീസ്-പാക് ടെസ്റ്റ് നിര്‍ത്തിവെച്ചു; ചിരിയടക്കാനാവാതെ വാര്‍ണറും അംപയര്‍മാരും

Synopsis

മത്സരം അല്‍പസമയം നിര്‍ത്തിവെക്കേണ്ടിവന്നത് തേര്‍ഡ് അംപയര്‍ റിച്ചാര്‍ഡ് ഇല്ലിംഗ്‌വര്‍ത്ത് ലിഫ്റ്റില്‍ കുടുങ്ങിപോയതുകൊണ്ട് മാത്രമാണ്. മത്സരം നിര്‍ത്തേണ്ടിവന്നതിന്റെ കാരണമറിഞ്ഞ് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ക്ക് ചിരി നിര്‍ത്താന്‍ പോലും കഴിഞ്ഞില്ല.

മെല്‍ബണ്‍: രാജ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഒരുപാട് കാരണങ്ങളുണ്ടാവാറുണ്ട്. ചിലപ്പോള്‍ വെളിച്ചകുറവാകാം. അതുമല്ലെങ്കില്‍ മോശം കാലാവസ്ഥയോ ഔട്ട് ഫീല്‍ഡ് നനഞ്ഞതോ കാരണമാവാം. എന്നാല്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്‌ട്രേലിയ - പാകിസ്ഥാന്‍ രണ്ടാം ടെസ്റ്റ് വിചിത്രമായ കാരണം കൊണ്ട് നിര്‍ത്തിവെക്കേണ്ടി വന്നു. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസത്തിനിടെയാണ് സംഭവം. മേല്‍പറഞ്ഞ കാരണങ്ങളൊന്നും മെല്‍ബണില്‍ ഇല്ലായിരുന്നു.

മത്സരം അല്‍പസമയം നിര്‍ത്തിവെക്കേണ്ടിവന്നത് തേര്‍ഡ് അംപയര്‍ റിച്ചാര്‍ഡ് ഇല്ലിംഗ്‌വര്‍ത്ത് ലിഫ്റ്റില്‍ കുടുങ്ങിപോയതുകൊണ്ട് മാത്രമാണ്. മത്സരം നിര്‍ത്തേണ്ടിവന്നതിന്റെ കാരണമറിഞ്ഞ് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ക്ക് ചിരി നിര്‍ത്താന്‍ പോലും കഴിഞ്ഞില്ല. മത്സരം നിര്‍ത്തിവെച്ചുള്ള ഇടവേളയില്‍ ഫീല്‍ഡ് അംപയര്‍മാരും ഇക്കാര്യം പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. എന്തായാലും മിനിറ്റുകള്‍ക്ക് ശേഷം ഇല്ലിംഗ്‌വര്‍ത്ത് തന്റെ ഇരിപ്പിടത്തില്‍ തിരിച്ചെത്തി. അദ്ദേഹം ചിരിച്ചുകൊണ്ട് ഗ്രൗണ്ടിലേക്ക് കൈ വീശി കാണിക്കുന്നുണ്ടായിരുന്നു. വീഡിയോ കാണാം... 

 

അതേസമയം, രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍ച്ച നേരിടുകയാണ് ഓസീസ്. പാകിസ്ഥാനെതിരെ ഒന്നാം ഇന്നിംഗ്‌സില്‍ 54 റണ്‍സിന്റെ ലീഡ് നേടിയ ശേഷം ബാറ്റിംഗ് ആരംഭിച്ച ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലിന് 53 എന്ന നിലയിലാണ്. രണ്ട് വിക്കറ്റ് വീതം നേടിയ ഷഹീന്‍ അഫ്രീദി, മിര്‍ ഹംസ എന്നിവരാണ് ഓസീസിനെ തകര്‍ത്തത്. സ്റ്റീവന്‍ സ്മിത്ത് (12), മിച്ചല്‍ മാര്‍ഷ് (25) എന്നിവരാണ് ക്രീസില്‍. നേരത്തെ ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 318നെതിരെ പാകിസ്ഥാന്‍ 264ന് എല്ലാവരും പുറത്തായിരുന്നു. 

മൂന്നാം ദിനമായ ഇന്ന് ഉസ്മാന്‍ ഖവാജയുടെ (0) വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. അഫ്രീദിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന് ക്യാച്ച്. ലബുഷെയ്‌നും (4) അഫ്രീദിയുടെ പന്തില്‍ ഇതേ രീതിയില്‍ പുറത്തായി. എട്ട് പന്ത് മാത്രമായിരുന്നു ആയുസ്. ഇടങ്കയ്യന്മാാരായ ഡേവിഡ് വാര്‍ണര്‍ (6), ട്രാവിസ് ഹെഡ് (0) എന്നിവരെ അടുത്തടുത്ത പന്തുകളില്‍ മിര്‍ ഹംസ ബൗള്‍ഡാക്കി. 

ആറിന് 194 എന്ന നിലയില്‍ ഇന്ന് ഒന്നാം ഇന്നിംഗ്‌സ് ആരംഭിച്ച പാകിസ്ഥാനെ റിസ്‌വാന്‍ (42), ആമേര്‍ ജമാല്‍ (33) എന്നിവരുടെ ഇന്നിംഗ്‌സാണ് 250 കടത്തിയത്. റിസ്‌വാന്‍ ആദ്യം പുറത്തായി. പിന്നീടെത്തിയ അഫ്രീദി (21) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഹസന്‍ അലി (2), മിര്‍ ഹംസ (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കമ്മിന്‍സിന് അഞ്ച് വിക്കറ്റുണ്ട്. നതാന്‍ ലിയോണ്‍ നാല് വിക്കറ്റ് വീഴ്ത്തി.

എന്തിനുള്ള പുറപ്പാടാ? പരിശീലനത്തിനിടെ പന്തെറിഞ്ഞ് ദ്രാവിഡ്! അത്ഭുതത്തോടെ കോലി, നിര്‍ദേശം നല്‍കി രോഹിത്

PREV
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ