
പെര്‍ത്ത്: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയുടെ ആവേശത്തിന് തിരികൊളുത്തി ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍. പരമ്പരയിലെ ആദ്യ ടെസ്റ്റ് 22ന് പെര്‍ത്തില്‍ തുടങ്ങാനിരിക്കെ വിരാട് കോലിയെ വാഴ്ത്തിക്കൊണ്ടാണ് ഇന്ന് പ്രമുഖ ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ പുറത്തിറങ്ങിയത്. ഇംഗ്ലീഷില്‍ മാത്രമല്ല, അഡ്‌ലെയ്ഡ് അഡ്വര്‍ടൈസര്‍ എന്ന പത്രം ഹിന്ദിയിലും പഞ്ചാബിയിലും തലക്കെട്ടെഴുതി ഇന്ത്യൻ ആരാധകരെപോലും ഞെട്ടിക്കുകയും ചെയ്തു.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള വിരാട് കോലിയുള്‍പ്പെടെയുള്ള താരങ്ങളടങ്ങിയ ഇന്ത്യയുടെ ആദ്യ സംഘം ഇന്നലെ ഓസ്ട്രേലിയയില്‍ എത്തിയിരുന്നു. വിരാട് കോലിക്ക് പുറമെ യുവതാരം യശസ്വി ജയ്സ്വാളിനെ പുതിയ 'കിംഗ്' എന്നാണ് ഒരു പത്രം പഞ്ചാബിയില്‍ വിശേഷിപ്പിച്ചത്.
ഓസ്ട്രേലിയയില്‍ നാലു ടെസ്റ്റ് പരമ്പരകള്‍ കളിച്ചിട്ടുള്ള വിരാട് കോലിക്ക് തന്നെയാണ് ഏറ്റവും കൂടുതല്‍ ആരാധകരുള്ളത്. അതേസമയം, 2023ല്‍ ഇന്ത്യൻ ടെസ്റ്റ് ക്യാപ് അണിഞ്ഞ യശസ്വി ജയ്സ്വാളിന്‍റെ ആദ്യ ഓസ്ട്രേലിയന്‍ പരമ്പരയാണിത്.ഓസ്ട്രേലിയന്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനായി ഇന്ത്യൻ ടീം ഇനിയുള്ള ദിവസങ്ങളില്‍ പെര്‍ത്തില്‍ പരിശീലനം നടത്തും. ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് പരിശീലന മത്സരങ്ങളില്ല. 22ന് പെര്‍ത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.
ആദ്യ ടെസ്റ്റിനുശേഷം ഡിസംബര്‍ ഒന്നുമുതല്‍ ഓസ്ട്രേലിയന്‍ പ്രൈമിനിസ്റ്റേഴ്സ് ഇലവനുമായി ഇന്ത്യ ദ്വിദിന പരിശീലന മത്സരത്തില്‍ കളിക്കും. കാന്‍ബറയിലെ മനൗക ഓവലിലാണ് പരിശീലന മത്സരം.ഡിസംബര്‍ ആറു മുതല്‍ അഡ്‌ലെയ്ഡ് ഓവലിലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്. ഡേ നൈറ്റ് ടെസ്റ്റാണിത്. ഡിസംബര്‍ 14 മുതല്‍ ബ്രിസേബേനിലെ ഗാബയിലാണ് മൂന്നാം ടെസ്റ്റ്. മെല്‍ബണില്‍ ഡിസംബര്‍ 26 മുതലാണ് ബോക്സിംഗ് ഡേ ടെസ്റ്റ്.
ജനുവരി മൂന്ന് മതുല്‍ സിഡ്നിയിലാണ് പരമ്പരയിലെ അവസാന ടെസ്റ്റിന് തുടക്കമാകുക. 1990നു ശേഷം ആദ്യമായാണ് ഇന്ത്യയും ഓസ്ട്രേലിയയും അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ രണ്ട് തവണയും ഓസ്ട്രേലിയയില്‍ പരമ്പര നേടി ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!