
കറാച്ചി: ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച പാകിസ്ഥാന്‍ സൂപ്പര്‍ ലിഗ് മത്സരങ്ങള്‍ ഇന്നലെ പുനരാരംഭിച്ചപ്പോള്‍ ബാബര്‍ അസമിന്‍റെ പെഷവാര്‍ സാല്‍മിക്ക് വീണ്ടും തോല്‍വി. കറാച്ചി കിംഗ്സിനെതിരായ മത്സരത്തില്‍ ബാബര്‍ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി പൊരുതിയെങ്കിലും പെഷവാര്‍ സാല്‍മി 23 റണ്‍സിന്‍റെ തോല്‍വി വഴങ്ങി. ആദ്യം ബാറ്റ് ചെയ്ത കറാച്ചി കിംഗ്സ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തു.
50 പന്തില്‍ 86 റണ്‍സെടുത്ത ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറാണ് കറാച്ചിയുടെ ടോപ് സ്കോററായത്. ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ബെന്‍ മക്‌ഡര്‍മോര്‍ട്ടിനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ വാര്‍ണറും ഇംഗ്ലണ്ട് താരം ജെയിംസ് വിന്‍സും(42 പന്തില്‍ 72) 162 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി കറാച്ചി കിംഗ്സിന് മികച്ച അടിത്തറയിട്ടു. ഇര്‍ഫാന്‍ ഖാന്‍ നിരാശപ്പെടുത്തിയെങ്കിലും കുഷ്ദില്‍ ഷാ(15 പന്തില്‍ 43*) മുഹമ്മദ് നബി(10 പന്തില്‍ 26*) എന്നിവരും തകര്‍ത്തടിച്ചതോടെ കറാച്ചി കിംഗ്സ് 20 ഓവറില്‍ 237ല്‍ എത്തി.
238 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പെഷവാര്‍ സാല്‍മിക്കായി ഓപ്പണര്‍ സയിം അയൂബ്(31 പന്തില്‍ 47) തര്‍ത്തടിച്ചെങ്കിലും മുഹമ്മദ് ഹാരിസ്(9) നിരാശപ്പെടുത്തി. മൂന്നാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ ബാബര്‍ അസം 49 പന്തില്‍ 94 റണ്‍സെടുത്ത് പ്രതീക്ഷ നല്‍കിയെങ്കിലും മറ്റ് താരങ്ങള്‍ക്കാരും തിളങ്ങാനാവാതിരുന്നതോടെ സാല്‍മി 23 റണ്‍സിന്‍റെ തോല്‍വി വഴങ്ങി. പതിനെട്ടാം ഓവറില്‍ സാല്‍മി സ്കോര്‍ 184ല്‍ നില്‍ക്കെയാണ് ബാബര്‍ പുറത്തായത്. 10 ഫോറും നാലു സിക്സും അടങ്ങുന്നതാണ് ബാബറിന്‍റെ ഇന്നിംഗ്സ്.
തോല്‍വിയോടെ സാല്‍മിയുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്കും തിരിച്ചടിയേറ്റു. ഒമ്പത് കളികളില്‍ എട്ട് പോയന്‍റുള്ള സാല്‍മി അഞ്ചാം സ്ഥാനത്താണിപ്പോള്‍. നാലാം സ്ഥാനത്തുള്ള ലാഹോര്‍ ക്യുലാന്‍ഡേഴ്സുമായുള്ള അടുത്ത മത്സരം ജയിച്ചില്ലെങ്കില്‍ സാല്‍മിക്ക് പ്ലേ ഓഫിലെത്താനാവില്ല. ജയത്തോടെ കറാച്ചി കിംഗ്സ് 12 പോയന്‍റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 13 പോയന്‍റുള്ള ക്വറ്റ ഗ്ലാഡിയേറ്റേഴ്സാണ് ഒന്നാമത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക