
ശ്രീലങ്കക്കെതിരെയുള്ള ടി20 ക്രിക്കറ്റിൽ പാകിസ്ഥാൻ മിന്നുന്ന ജയം നേടിയെങ്കിലും സ്റ്റാർ ബാറ്റ്സ്മാൻ ബാബർ അസമിന് ട്രോൾ മഴ. മൂന്നാമനായി ഇറങ്ങിയ ബാബർ റൺസ് കണ്ടെത്താൻ വിഷമിച്ച് പുറത്തായതാണ് ആരാധകരുടെ പരിഹാസത്തിന് കാരണമായത്. 22 പന്തിൽ നിന്ന് 16 റൺസാണ് താരം നേടിയത്. ആകെ പറത്തിയത് ഒരു സിക്സറും. 72 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. ഇന്ന് ആഷസ് ടെസ്റ്റിൽ ട്രാവിസ് ഹെഡ് തകർത്തടിച്ചപ്പോൾ, ടി20യിൽ ബാബർ ടെസ്റ്റ് കളിക്കുകയാണെന്നായിരുന്നു വിമർശനം. 2025 ലെ ഏഷ്യാ കപ്പിൽ റൺസ് നേടാത്തതിന്റെ പേരിൽ ബാബർ അസമിനെ പാകിസ്ഥാൻ ടി20 ടീമിൽ നിന്ന് പുറത്താക്കിയിരുന്നു. ഇത്തവണ ഇന്ത്യയോട് തോറ്റതിന് ശേഷം അദ്ദേഹത്തെ ടീമിലേക്ക് തിരിച്ചുവിളിച്ചു. ഈ വർഷം 5 മത്സരങ്ങളിൽ നിന്ന് 103.26 സ്ട്രൈക്ക് റേറ്റിൽ 95 റൺസ് ബാബർ നേടി. ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനാണ് 31 കാരൻ.
റാവല്‍പിണ്ടി, ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ ജയമാണ് പാകിസ്ഥാന്‍ നേടിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സാണ് നേടാന്‍ സാധിച്ചത്. മുഹമ്മദ് നവാസ് പാകിസ്ഥാന് വേണ്ടി മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 15.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ശ്രീലങ്കയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.