ഇന്ത്യന്‍ പേസാക്രമണത്തില്‍ മൂക്കുകുത്തി ബംഗ്ലാദേശ്, പകരക്കാരായി ഇറക്കിയത് രണ്ട് പേരെ

By Web TeamFirst Published Nov 22, 2019, 6:07 PM IST
Highlights

ആദ്യ ദിനം ലഞ്ചിന് മുമ്പ് മുഹമ്മദ് ഷമിയുടെ പന്ത് ഹെല്‍മെറ്റില്‍ കൊണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ലിറ്റണ്‍ ദാസിനാണ് ആദ്യം പരിക്കേറ്റത്.

കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ട് കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടിനെ ഗ്രൗണ്ടിലിറക്കി ബംഗ്ലാദേശ്. പിങ്ക് പന്തില്‍ ഇന്ത്യന്‍ പേസര്‍മാര്‍ മാരക ഫോമിലേക്ക് ഉയര്‍ന്നതോടെയാണ് ബംഗ്ലാദേശിന് രണ്ട് പകരക്കാരെ ഇറക്കേണ്ടിവന്നത്. ഒരു ടെസ്റ്റില്‍ രണ്ട് കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂഷന്‍ നടത്തുന്ന ആദ്യ ടീമാണ് ബംഗ്ലാദേശ്.

ആദ്യ ദിനം ലഞ്ചിന് മുമ്പ് മുഹമ്മദ് ഷമിയുടെ പന്ത് ഹെല്‍മെറ്റില്‍ കൊണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ലിറ്റണ്‍ ദാസിനാണ് ആദ്യം പരിക്കേറ്റത്. ഫിസിയോയുടെ സഹായം തേടിയ ലിറ്റണ്‍ ദാസ് വീണ്ടുംഏതാനും പന്തുകള്‍ കൂടി ബാറ്റ് ചെയ്തെങ്കിലും വേദനമൂലം ബാറ്റിംഗ് തുടരാനാവാതെ ക്രീസ് വിട്ടു. 27 പന്തില്‍ 24 റണ്‍സായിരുന്നു ലിറ്റണ്‍ ദാസിന്റെ സമ്പാദ്യം. മെഹ്ദി ഹസനാണ് ലിറ്റണ്‍ ദാസിന്റെ പകരക്കാരനായി(കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി ലഞ്ചിന് ശേഷം ക്രീസിലെത്തിയത്.

വിക്കറ്റ് കീപ്പറായ ലിറ്റണ്‍ ദാസിന് പകരം എത്തിയതിനാല്‍ മെഹ്ദി ഹസന് മത്സരത്തില്‍ പന്തെറിയാനാവില്ല. ബാറ്റിംഗിടെ ചെവിയില്‍ പന്തുകൊണ്ട് നയീം ഹസന്‍(19) ഇഷാന്തിന്റെ പന്തില്‍ പുറത്തായശേഷമാണ് വേദനകാരണം മത്സരത്തില്‍ നിന്ന് പിന്‍മാറിയത്. തൈജുള്‍ ഇസ്ലാമാണ് ഹസന് പകരം ബംഗ്ലാദേശിനായി പിന്നീട് ഫീല്‍ഡിംഗിന് ഇറങ്ങിയത്.

click me!