ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ബംഗ്ലാദേശിന് ജയം

By Web TeamFirst Published May 23, 2021, 8:50 PM IST
Highlights

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സാണ് നേടിയ്. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്ക 48.1 ഓവറില്‍ 224 എല്ലാവരും പുറത്തായി.
 

ധാക്ക: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ബംഗ്ലാദേശിന് ജയം. ധാക്കയില്‍ നടന്ന മത്സരത്തില്‍ 33 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സാണ് നേടിയ്. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്ക 48.1 ഓവറില്‍ 224 എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ മെഹിദി ഹസന്‍, മൂന്ന് വിക്കറ്റ് നേടിയ മുസ്തഫിസുര്‍ റഹ്‌മാന്‍ എന്നിവരാണ് ശ്രീലങ്കയെ തകര്‍ത്തത്. 

ശ്രീലങ്കയുടെ മുന്‍നിര താരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ 74 റണ്‍സ് നേടിയ വാനിഡു ഹസരങ്ക മാത്രമാണ് പിടിച്ചുനിന്നത്. ധനുഷ്‌ക ഗുണതിലക (21), കുശാല്‍ പെരേര (30), പതും നിസ്സങ്ക (8), കുശാല്‍ മെന്‍ഡിസ് (24), ധനഞ്ജയ ഡിസില്‍വ (9), അശന്‍ ഭണ്ഡാര (3), ദസുന്‍ ഷനക (14), ഇസുരു ഉഡാന (21), ദുഷ്മന്ത ചമീര (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ലക്ഷന്‍ സന്ധാകന്‍ (8) പുറത്താവാതെ നിന്നു. 

നേരത്തെ, മുഷ്ഫിഖുര്‍ റഹീം (84) മഹ്‌മുദുള്ള (54), തമീം ഇഖ്ബാല്‍ (52) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ആതിഥേയര്‍ക്ക് തുണയായത്. ആറ് വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായി. ധനഞ്ജയ ഡിസില്‍വ മൂന്ന് വിക്കറ്റ് വീഴ്ത്തി. മത്സരത്തിന്റെ രണ്ടാം ഓവറില്‍ തന്നെ ബംഗ്ലാദേശിന് ഓപ്പണര്‍ ലിറ്റണ്‍ ദാസിനെ (0) നഷ്ട്മായി. പിന്നീട് ക്രീസിലെത്തിയത് ഷാകിബ് അല്‍ ഹസന്‍. എന്നാല്‍ 15 റണ്‍സ് മാത്രമായിരുന്നു ഷാക്കിബിന്റെ സമ്പാദ്യം. 

പിന്നാലെ ഒത്തുചേര്‍ന്ന തമീം- മുഷ്ഫിഖര്‍ സഖ്യമാണ് ബംഗ്ലാദേശിനെ മികച്ച നിലയിലേക്ക് നയിച്ചത്. ഇരുവരും 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തമീമിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ധനഞ്ജയ ബ്രേക്ക് ത്രൂ നല്‍കി. 70 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു തമീമിന്റെ ഇന്നിങ്‌സ്. പിന്നാലെയെത്തിയ മുഹമ്മദ് മിഥുനിന് (0) കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്ത്. 

എന്നാല്‍ മഹ്‌മുദുള്ള മികച്ച ഇന്നിങ്‌സ് പുറത്തെടുത്തതോടെ സ്‌കോര്‍ 250 കടന്നു. ഇതിനിടെ റഹീം പുറത്തായി. 87 പന്തില്‍ ഒരു സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു റഹീമിന്റെ ഇന്നിങ്‌സ്. മഹ്‌മുദുള്ള ഒരു സിക്‌സും രണ്ട് ഫോറും നേടി. അഫീഫ് ഹുസൈന്‍ (27), സെയ്ഫുദ്ദീന്‍ (13) പുറത്താവാതെ നിന്നു.

click me!