ധരംശാല: ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ ഇംഗ്ലണ്ടിനെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. ഇരു ടീമുകളും ഓരോ മാറ്റം വരുത്തിയാണ് ഇറങ്ങുന്നുത്. മഹുമുദുള്ളയ്ക്ക് പകരം മെഹദി ഹസനെ ബംഗ്ലാദേശ് ടീമില്‍ ഉള്‍പ്പെടുത്തി. ഇംഗ്ലണ്ട് മൊയീന്‍ അലിക്ക് പകരം റീസെ ടോപ്ലിയേയും ടീമിലെത്തിച്ചു.
ഇംഗ്ലണ്ട് ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടിരുന്നു. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ്. അതേസമയം ബെന്‍ സ്റ്റോക്സ്സിന് ഇന്നത്തെ മത്സരം നഷ്ടമാവും. പരിക്കില്‍ നിന്ന് മോചിതനായെങ്കിലും പൂര്‍ണ കായികക്ഷമത കൈവരിക്കാന്‍ സ്റ്റോക്സിന് സാധിച്ചിട്ടില്ല. ബംഗ്ലാദേശിനെതിരായ മത്സരം സ്റ്റോക്സിന് നഷ്ടമാകുമെന്ന് നേരത്തെ ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ അറിയിച്ചിരുന്നു. മാത്രമല്ല, മത്സരം നടക്കുന്ന ധരംശാലയിലെ ഔട്ട് ഫീല്‍ഡിനെ കുറിച്ചും താരം പരാതി പറഞ്ഞിരുന്നു.
എന്നാല്‍ വിവാദങ്ങള്‍ക്കില്ലെന്നും ബട്ലര്‍ വ്യക്തമാക്കിയിരുന്നു. ആദ്യ മത്സരത്തില്‍ കിവീസിനെതിരെ ഒമ്പത് വിക്കറ്റിന്‍റെ കൂറ്റന്‍ തോല്‍വിയാണ് ഇംഗ്ലണ്ടിനുണ്ടായത്. ബംഗ്ലാദേശ് ആറ് വിക്കറ്റിന് അഫ്ഗാനിസ്ഥാനെ തോല്‍പ്പിക്കുകയായിരുന്നു. മികച്ച ഫോമിലുള്ള ബംഗ്ലാദേശ് ഇംഗ്ലണ്ടിന് വെല്ലുവിളിയാകുമെന്നതില്‍ സംശയമില്ല.
ഇംഗ്ലണ്ട്: ജോണി ബെയര്‍സ്‌റ്റോ, ഡേവിഡ് മലാന്‍, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലര്‍, ലിയാം ലിവിംഗ്‌സ്റ്റണ്‍, സാം കറന്‍, ക്രിസ് വോക്‌സ്, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, റീസെ ടോപ്ലി.
ബംഗ്ലാദേശ്: തന്‍സിദ് ഹസന്‍, ലിറ്റണ്‍ ദാസ്, നജ്മുല്‍ ഹുസൈന്‍ ഷാന്റോ, ഷാക്കിബ് അല്‍ ഹസന്‍, മെഹിദി ഹസന്‍ മിറാസ്, മുഷ്ഫിഖുര്‍ റഹീം, തൗഹിദ് ഹൃദോയ്, മെഹദി ഹസന്‍, ടസ്‌കിന്‍ അഹമ്മദ്, ഷൊറിഫുള്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍.
Powered By