വരുന്നു കങ്കാരുക്കള്‍ ഇന്ത്യയിലേക്ക്; ടെസ്റ്റ്, ഏകദിന മത്സരക്രമം പ്രഖ്യാപിച്ചു

By Jomit JoseFirst Published Dec 8, 2022, 6:02 PM IST
Highlights

നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഫെബ്രുവരി 9-ാം തിയതി നാഗ്‌പൂരില്‍ ആദ്യ ടെസ്റ്റ് ആരംഭിക്കും. 

മുംബൈ: ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം വിതറാന്‍ അടുത്ത വര്‍ഷം ആദ്യം ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര. നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഫെബ്രുവരി 9-ാം തിയതി നാഗ്‌പൂരില്‍ ആദ്യ ടെസ്റ്റ് ആരംഭിക്കും. ഇതിന് പുറമെ ഏകദിന പരമ്പരയും ഓസീസിന്‍റെ ഇന്ത്യന്‍ പര്യടനത്തിലുണ്ട്. 

ഫെബ്രുവരി 17-21 തിയതികളില്‍ ദില്ലിയില്‍ രണ്ടാം ടെസ്റ്റും മാര്‍ച്ച് 1-5 തിയതികളില്‍ ധരംശാലയില്‍ മൂന്നാം ടെസ്റ്റും മാര്‍ച്ച് 9 മുതല്‍ 13 വരെ അഹമ്മദാബാദില്‍ നാലാം ടെസ്റ്റും നടക്കും. ഇതിന് ശേഷം മൂന്ന് ഏകദിനങ്ങളുടെ പരമ്പരയുമുണ്ട്. മാര്‍ച്ച് 17(മുംബൈ), മാര്‍ച്ച് 19(വിശാഖപട്ടണം), മാര്‍ച്ച് 22(ചെന്നൈ) എന്നിവിടങ്ങളിലാണ് ഏകദിന മത്സരങ്ങള്‍. ഇതിന് ശേഷമാകും ഐപിഎല്‍ സീസണ്‍ ആരംഭിക്കുക. 

ഇതിന് പുറമെ ശ്രീലങ്ക, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരായ പരമ്പരകളുടെ സമയക്രമവും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരു ടീമുകള്‍ക്കെതിരെയും മൂന്ന് വീതം ടി20കളും ഏകദിനങ്ങളുമാണ് ടീം ഇന്ത്യ കളിക്കുക. ലങ്കയ്ക്കെതിരായ ആദ്യ ടി20 ജനുവരി മൂന്നിന് മുംബൈയിലും രണ്ടാമത്തേത് അഞ്ചിന് പുനെയിലും അവസാന ടി20 ഏഴിന് രാജ്‌കോട്ടിലും നടക്കും. ജനുവരി 10ന് ഗുവാഹത്തി ആദ്യ ഏകദിനത്തിനും 12ന് കൊല്‍ക്കത്ത രണ്ടാം ഏകദിനത്തിനും 15ന് തിരുവനന്തപുരം മൂന്നാം ഏകദിനത്തിനും വേദിയാവും. ബംഗ്ലാദേശിനെതിരായ പരമ്പരക്കുള്ള ടീമില്‍ ഇടം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണ് ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ടീമിലിടം കിട്ടുമോ എന്ന് ആരാധകര്‍ ഉറ്റുനോക്കുന്നു. 

ന്യൂസിലന്‍ഡിനെതിരെ ജനുവരി 18ന് ഹൈദരാബാദ്, 21ന് റായ്‌പൂര്‍, 24ന് ഇന്‍ഡോര്‍ എന്നിവിടങ്ങളിലാണ് യഥാക്രമം ആദ്യ മൂന്ന് ഏകദിനങ്ങള്‍. ജനുവരി 27ന് റാഞ്ചിയിലും 29ന് ലക്‌നൗവിലും ഫെബ്രുവരി ഒന്നിന് അഹമ്മദാബാദിലും ടി20 മത്സരങ്ങള്‍ നടക്കും. 

ഇന്ത്യ-ശ്രീലങ്ക പരമ്പരയുടെ മത്സരക്രമം പ്രഖ്യാപിച്ചു, ഏകദിന പരമ്പരയിലെ അവസാന മത്സരം തിരുവനന്തപുരത്ത്

click me!