
മുംബൈ: ഐപിഎല്‍ പതിനേഴാം സീസണിലെ രണ്ടാംഘട്ട മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൊതുതെരഞ്ഞെടുപ്പ്് നടക്കുന്നതിനാലാണ് ഐപിഎല്‍ വേദി മാറ്റുന്നതെന്നുള്ള വാര്‍ത്തകളുണ്ടായിരുന്നു. മാര്‍ച്ച് 22ന് വൈകിട്ട് 6.30ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് - റോയല്‍ ചലഞ്ചേഴ്സ് ബംഗ്ലൂര്‍ മത്സരത്തോടെയാണ് ഐപിഎല്‍ ആരംഭിക്കുന്നത്. സിഎസ്‌കെയുടെ ഹോം ഗ്രൗണ്ടായ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യത്തെ 21 മത്സരങ്ങളുടെ ഫിക്ച്ചര്‍ മാത്രമാണ് പുറത്തുവിട്ടത്.
മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം മാര്‍ച്ച് 24നാണ്. ജയ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍. ക്രിക്കറ്റ് ആരാധകര്‍ ടൂര്‍ണമെന്റിനായി കാത്തിരിക്കുന്നതിനിടെയാണ് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് യുഎഇ വേദിയാകുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്. ഫ്രാഞ്ചൈസികള്‍ അവരുടെ താരങ്ങളോട് പാസ്പോര്‍ട്ട് കൂടി ഹാജരാക്കാന്‍ പറഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെയാണ് ഐപിഎല്‍ കടല്‍ കടക്കുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്.
ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതിനോട് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ പ്രതികരിച്ചിരുന്നു. മുഴുവന്‍ മത്സരങ്ങളും ഇന്ത്യയില്‍ തന്നെ നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ''ഞങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികളുമായി സംസാരിക്കുന്നുണ്ട്. പൊതുതിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചാലുടന്‍, ഇന്ത്യയില്‍ നടത്താനുള്ള പദ്ധതികള്‍ ഞങ്ങള്‍ കണ്ടെത്തും. മത്സരങ്ങള്‍ ഇന്ത്യയില്‍ മാത്രമെ നടത്തൂ. മറ്റെവിടെയും പോവാന്‍ സമ്മതിക്കില്ല.'' ധുമാല്‍ ഉറപ്പ് നല്‍കി.
ഇപ്പോള്‍ ബിസിസിഐ സെക്രട്ടറി ജയ് ഷായും ഇക്കാര്യം ഉറപ്പുപറയുകയാണ്. മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് ജയ് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിക്കാതെ ഐപിഎല്‍ ഇന്ത്യയില്‍ തന്നെ നടത്തുമെന്നും പൂര്‍ണ മത്സരക്രമം വൈകാതെ പുറത്തിറക്കുമെന്നും ജയ് ഷാ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!