
മുംബൈ: രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സർ പട്ടേല്‍ തുടങ്ങിയ ഓള്‍റൗണ്ടർമാർ സമ്പന്നമാണ് ഇന്ത്യന്‍ ടെസ്റ്റ് ടീം നിലവില്‍. മൂവരും പന്തും ബാറ്റും കൊണ്ട് വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിയുന്ന സ്‍പിന്നർമാർ. ഇതിനിടെ മിസ്സ് ചെയ്യുന്ന ഏക ഓള്‍റൗണ്ടർ പേസറായ ഹാർദിക് പാണ്ഡ്യയാണ്. ടെസ്റ്റ് ടീമില്‍ നിലവില്‍ സ്ഥാനമില്ലെങ്കിലും ക്രിക്കറ്റിന്‍റെ വലിയ ഫോർമാറ്റില്‍ താരത്തിന്‍റെ ഭാവി ഉടന്‍ തന്നെ ഇന്ത്യന്‍ സെലക്ടർമാർ ചർച്ച ചെയ്യും എന്നാണ് ഇന്‍സൈഡ് സ്പോർടിന്‍റെ റിപ്പോർട്ട്.
നടുവിനേറ്റ പരിക്കിനെ തുടർന്നാണ് ഹാർദിക് പാണ്ഡ്യയുടെ ടെസ്റ്റ് ഭാവി അവതാളത്തിലായത്. എന്നാലിപ്പോള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് പാണ്ഡ്യയുടെ ടെസ്റ്റ് ഭാവി തീരുമാനിക്കാനിരിക്കുകയാണ് ഇന്ത്യന്‍ സെലക്ടർമാർ. നിലവില്‍ ട്വന്‍റി 20 ടീമിന്‍റെ ക്യാപ്റ്റനായ പാണ്ഡ്യ പൂർണ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. വിദേശ പിച്ചുകളില്‍ കൂടുതല്‍ പേസർമാരുമായി കളിക്കേണ്ട സാഹചര്യങ്ങളില്‍ പാണ്ഡ്യക്ക് മികച്ച ഇംപാക്ട് സൃഷ്ടിക്കാനാകും എന്നാണ് വിലയിരുത്തല്‍. ടെസ്റ്റ് ഭാവി സംബന്ധിച്ച് ബിസിസിഐയും ശിവ് സുന്ദർ ദാസിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയും താരവുമായി ചർച്ച നടത്തും എന്നാണ് റിപ്പോർട്ട്. അഹമ്മദാബാദ് ടെസ്റ്റില്‍ ജയിച്ചാല്‍ ഓവലിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്ക് കളിക്കാം. പേസ് ഓള്‍റൗണ്ടറായ പാണ്ഡ്യ ഓക്കെയെങ്കില്‍ കലാശപ്പോരില്‍ ഇറക്കാനാണ് ബിസിസിഐയുടെ ആലോചന.
നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയുടെയും വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്‍റേയും സേവനം മിസ്സ് ചെയ്യുന്നുണ്ട്. ബുമ്ര പരിക്കിന്‍റെ പിടിയിലാണെങ്കില്‍ റിഷഭ് കാറപകടത്തിന് ശേഷം ചികില്‍സയിലാണ്. പേസ് ഓള്‍റൗണ്ടറായി ഹാർദിക് പാണ്ഡ്യയ്ക്ക് പകരം ഷർദുല്‍ ഠാക്കൂറിനെ പരീക്ഷിച്ചിരുന്നു എങ്കിലും പാണ്ഡ്യയുടെ അത്ര ഇംപാക്ടുണ്ടാക്കാന്‍ മറ്റാർക്കും കഴിയില്ല എന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. 'പാണ്ഡ്യ ടെസ്റ്റില്‍ മടങ്ങിയെത്താന്‍ ധൃതിയില്ല. എന്നാല്‍ അദേഹത്തിന്‍റെ കാര്യത്തില്‍ വ്യക്തത വരേണം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് ഇക്കാര്യം ചർച്ച ചെയ്യു. ബുമ്ര ഇല്ലാത്തതിനാല്‍ ഇംഗ്ലണ്ടില്‍ പാണ്ഡ്യക്ക് നിർണായക സംഭാവന നല്‍കാനാകും. എന്നാല്‍ ടെസ്റ്റിലേക്ക് വേഗം തിരിച്ചുവരാന്‍ പാണ്ഡ്യക്ക് മേല്‍ സമ്മർദമൊന്നുമില്ല' എന്നും ബിസിസിഐ ഒഫീഷ്യല്‍ ഇന്‍സൈഡ് സ്പോർടിനോട് വ്യക്തമാക്കി.
13 വർഷത്തിനിടെ ഇതാദ്യം; സെഞ്ചുറിയോടെ റെക്കോർഡിട്ട് ഉസ്‍മാന്‍ ഖവാജ