മിതാലി, അശ്വിന്‍ എന്നിവരെ ബിസിസിഐ ഖേല്‍രത്‌നയ്ക്ക് ശുപാര്‍ശ ചെയ്യും

By Web TeamFirst Published Jun 30, 2021, 4:28 PM IST
Highlights

രാജ്യത്തെ പരമോന്നത കായിക ബഹുമതിയാണ് ഖേല്‍രത്‌ന. ഇവര്‍ക്കൊപ്പം ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംമ്ര എന്നിവരെ അര്‍ജുന അവാര്‍ഡിനും നിര്‍ദേശിക്കും.

ദില്ലി: വനിതാ ക്രിക്കറ്റില്‍ ഇന്ത്യയുടെ ടെസ്റ്റ്- ഏകദിന ടീം ക്യാപ്റ്റന്‍ മിതാലി രാജിനേയും വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനേയും ഖേല്‍രത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യും. രാജ്യത്തെ പരമോന്നത കായിക ബഹുമതിയാണ് ഖേല്‍രത്‌ന. ഇവര്‍ക്കൊപ്പം ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംമ്ര എന്നിവരെ അര്‍ജുന അവാര്‍ഡിനും നിര്‍ദേശിക്കും. ബിസിസിഐയാണ് ഇവരുടെ പേരുകള്‍ ശുപാര്‍ശ ചെയ്യുക. എന്നാല്‍ വനിത ടീമില്‍ നിന്ന് മറ്റു പേരുകളൊന്നും അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്യില്ല. 

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഒരിക്കലും ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത പേരാണ് മിതാലിയുടേത്. 38 വയസുകാരിയായ താരം 22 വര്‍ഷമായി വനിതാ ടീമിനൊപ്പമുണ്ട്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും മിതാലി തന്നെ. 7000 റണ്‍സാണ് മിതാലിയുടെ അക്കൗണ്ടിലുള്ളത്. അശ്വിനെ പോലെ നേരത്തെ അര്‍ജുന അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട് മിതാലി. 

ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ സ്ഥിരതയോടെ കളിക്കുന്ന താരമാണ് അശ്വിന്‍. 79 ടെസ്റ്റുകളില്‍ നിന്നായി 413 വിക്കറ്റാണ് അശ്വിന്റെ സമ്പാദ്യം. ഏകദിനത്തില്‍ 150 വിക്കറ്റും ടി20യില്‍ 42 വിക്കറ്റും സ്വന്തമാക്കി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം എസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ എന്നിവരാണ് ഖേല്‍രത്‌ന നേടിയ മറ്റു ക്രിക്കറ്റ് താരങ്ങള്‍. 

ധവാന് ഇത്തവണ അര്‍ജുന ലഭിക്കാന്‍ സാധ്യത ഏറെയാണ്. 142 ഏകദിനങ്ങളില്‍ നിന്ന് 5977 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ടെസ്റ്റില്‍ 2315 ണ്‍സും ടി20യില്‍ 1673 റണ്‍സും ധവാന്‍ നേടി. വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യയെ നയിക്കുന്നത് ധവാനാണ്.

click me!