ലോകകപ്പ്- ആഷസ് ഹീറോയിസം; ബെന്‍ സ്റ്റോക്‌സ് ഈ വര്‍ഷത്തെ മികച്ച താരം

By Web TeamFirst Published Oct 3, 2019, 10:53 AM IST
Highlights

പ്രൊഫഷണല്‍ ക്രിക്കറ്റേര്‍‌സ് അസോസിയേഷന്‍റെ(പിസിഎ) മികച്ച താരത്തിനുള്ള പുരസ്‌കാരം ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്
 

ലണ്ടന്‍: ഇംഗ്ലണ്ടിലെയും വെയ്‌ല്‍സിലെയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍മാരുടെ സംഘടനയായ പ്രൊഫഷണല്‍ ക്രിക്കറ്റേര്‍‌സ് അസോസിയേഷന്‍റെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്. ഐസിസി ഏകദിന ലോകകപ്പിലെയും ആഷസിലെയും മിന്നും പ്രകടനമാണ് സ്റ്റോക്‌സിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മികച്ച യുവ താരത്തിനും മികച്ച താരത്തിനുമുള്ള പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുന്ന ആറാമത്തെ താരമാണ് സ്റ്റോക്‌സ്.  

രണ്ടാം തവണയും സോഫി എസല്‍സ്റ്റനാണ് മികച്ച വനിത താരം. തുടര്‍ച്ചയായി പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ വനിതാ താരമെന്ന നേട്ടത്തിലെത്തി സോഫി. മികച്ച യുവ താരത്തിനുള്ള പുരസ്‌കാരം ടോം ബാന്‍‌ടണ്‍ സ്വന്തമാക്കി. റോയല്‍ ലണ്ടന്‍ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റിലും ടി20 ബ്ലാസ്റ്റിലും പുറത്തെടുത്ത ബാറ്റിംഗാണ് ബാന്‍‌ടണെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പേസര്‍മാരായ ക്രിസ് വോക്‌സും സ്റ്റുവര്‍ട്ട് ബ്രോഡും മികച്ച ഏകദിന, ടെസ്റ്റ് താരങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ യഥാക്രമം സ്വന്തമാക്കി. 

ബെന്‍ സ്റ്റോക്‌സിന്‍റെ ഓള്‍റൗണ്ട് മികവാണ് ഇംഗ്ലണ്ട് ലോകകപ്പ് നേടുന്നതില്‍ നിര്‍ണായകമായത്. ലോകകപ്പില്‍ 465 റണ്‍സും ഏഴ് വിക്കറ്റും സ്വന്തമാക്കി.

ആഷസില്‍ ഇംഗ്ലണ്ടിന് സമനില(2-2) സമ്മാനിക്കുന്നതിലും സ്റ്റോക്‌സിന്‍റെ പ്രകടനം നിര്‍ണായകമായി. ആഷസില്‍ ഇംഗ്ലണ്ടിന്‍റെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായ സ്റ്റോക്‌സ് 441 റണ്‍സും എട്ട് വിക്കറ്റും നേടി. രണ്ട് വീതം സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും സ്റ്റോക്‌സിന്‍റെ ബാറ്റില്‍ പിറന്നു. ഹെഡിംഗ്‌ലെയിലെ മാച്ച് വിന്നിംഗ് സെഞ്ചുറി എക്കാലത്തെയും മികച്ച ടെസ്റ്റ് ഇന്നിംഗ്‌സുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. 

click me!