
ബെംഗലൂരു: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പരിക്കേറ്റ് പുറത്തായ പേസര്‍ ജസ്പ്രീത് ബുമ്രയുടെ പകരക്കാരനാവാനുള്ള മത്സരം മുറുകുന്നു. ഈ മാസം ആറിന് ഇന്ത്യന്‍ ടീം ഓസ്ട്രേലിയയിലേക്ക് പോകും മുമ്പെ ബുമ്ര പരിക്കേറ്റ് പുറത്തായിരുന്നെങ്കിലും പകരക്കാരനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിരുന്നില്ല. ബുമ്രയുടെ പകരക്കാരന്‍ സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ച മുഹമ്മദ് ഷമി ഫിറ്റ്നെസ് ടെസ്റ്റ് പൂര്‍ത്തിയാകാതിരുന്നതും പ്രഖ്യാപനം വൈകിപ്പിക്കാന്‍ കാരണമായി.
ഷമിക്ക് ഫിറ്റ്നെസ് തെളിയിക്കാനായില്ലെങ്കില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം നടത്തുന്ന പേസറെ ടീമിലെടുക്കാമെന്നതായിരുന്നു സെലക്ടര്‍മാരുടെ കണക്കുകൂട്ടല്‍. ഇതിനായി ദീപക് ചാഹറെയും മുഹമ്മദ് സിറാജിനെയും ഏകദിന പരമ്പരക്കുള്ള ടീമില്‍ എടുക്കുകയും ചെയ്തു. എന്നാല്‍ ഏകദിന പരമ്പരയില്‍ ഒരു മത്സരം പോലും കളിക്കാതിരുന്ന ചാഹര്‍ വീണ്ടും പരിക്കേറ്റ് മടങ്ങിയത് സെലക്ടര്‍മാരുടെ തലവേദന കൂട്ടി. ഇതിനിടെ ഇന്നലെ അവസാനിച്ച ഏകദിന പരമ്പരയില്‍ പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് പേസര്‍ മുഹമ്മദ് സിറാജായിരുന്നു.
ഷമിയുടെ ഫിറ്റ്നെസിന്‍റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കെ സിറാജിനെ ബുമ്രയുടെ പകരക്കാരനായി ടീമിലെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഷമി ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന ഫിറ്റ്നെസ് ടെസ്റ്റ് പാസായി എന്ന വാര്‍ത്തായാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതോടെ ബുമ്രയുടെ പകരക്കാരനാവാനുള്ള മത്സരം സിറാജും ഷമിയും തമ്മിലാണ്.
പരിക്കേറ്റ താരങ്ങളുടെ പകരക്കാരെ പ്രഖ്യാപിക്കാന്‍ ഐസിസി അനുവദിച്ച സമയപരിധി കഴിഞ്ഞെങ്കിലും പ്രത്യേക അനുമതി വാങ്ങി 15നകം പകരക്കാരനെ പ്രഖ്യാപിക്കാനാണ് ബിസിസിഐ ഒരുങ്ങുന്നത്. ലോകകപ്പ് ടീമിലുണ്ടെങ്കിലും ഇല്ലെങ്കിലും ഷമിയും സിറാജും ഓസ്ട്രേലിയയിലേക്ക് പോകും. ഷമിയെ നേരത്തെ ലോകകപ്പ് ടീമിലെ സ്റ്റാന്‍ഡ് ബൈ താരമായും സിറാജിനെ റിസര്‍വ് താരമായും തെരഞ്ഞെടുത്തിട്ടുണ്ട്.
'ഓസ്‌ട്രേലിയന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനാവാനില്ല'; നിലപാട് വ്യക്തമാക്കി മിച്ചല്‍ മാര്‍ഷ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!