
അഹമ്മദാബാദ്: ഐപിഎല്ലിലെ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന് ടൂര്‍ണമെന്‍റിന്‍റെ തുടക്കത്തിലെ വമ്പന്‍ തിരിച്ചടി. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ ഉദ്ഘാടന മത്സരത്തിനിടെ പരിക്കേറ്റ ന്യൂസിലന്‍ഡ് സൂപ്പര്‍ താരം കെയ്ന്‍ വില്യംസണ് ഐപിഎല്‍ പൂര്‍ണമായും നഷ്ടമാകും. വെളളിയാഴ്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് വില്യംസണിന്‍റെ കാല്‍മുട്ടിന് പരിക്കേറ്റത്. വേദനമൂലം വില്യംസണ് നിലത്ത് കാലുറപ്പിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. സപ്പോര്‍ട്ട് സ്റ്റാഫ് തോളിലേറ്റിയാണ് വില്യംസണെ ഗ്രൗണ്ടില്‍ നിന്ന് ഡഗ് ഔട്ടിലെത്തിച്ചത്.
ചെന്നൈ ഇന്നിംഗ്സിലെ പതിമൂന്നാംം ഓവറിലായിരുന്നു സംഭവം. റിതുരാജ് ഗെയ്കവാദ് പൊക്കിയടിച്ച പന്ത് ബൗണ്ടറി ലൈനില്‍ വില്യംസണ്‍ തടയാന്‍ ശ്രമിച്ചു. പന്ത് സിക്‌സാവുന്നത് അദ്ദേഹം തടഞ്ഞെങ്കിലും കാല് കുത്തുന്നതില്‍ പിഴച്ചു. വേദനകൊണ്ട് പുളഞ്ഞ വില്യംസണ്‍ പിന്നീട് ബാറ്റ് ചെയ്യാനും എത്തിയിരുന്നില്ല. മത്സരം ഗുജറാത്ത് ജെയന്റ്‌സ് അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു. ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ ഒഴിവാക്കി ഐപിഎല്ലിനെത്തിയ വില്യംസണെ പരിക്കുമൂലം നഷ്ടമാകുന്നത് ഗുജറാത്തിന് കനത്ത തിരിച്ചടിയാണ്.
പകരക്കാരനായി സ്മിത്ത് വരുമോ
കെയ്ന്‍ വില്യംസണ് പകരക്കാരനായി ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് എത്തുമോ എന്നാണ് ആരാധകരുടെ ആകാംക്ഷ. ഐപിഎല്ലില്‍ സ്റ്റാര്‍ സ്പോര്‍ട്സിനായി കമന്‍ററി പറയാനായി സ്മിത്ത് ഇന്ത്യയിലുണ്ട്. വില്യംസണ് പകക്കാരനായി സ്മിത്തിനെ ടീമിലെടുക്കാന്‍ ഗുജറാത്തിന് തടസമൊന്നുമില്ലെങ്കിലും അതിനുള്ള സാധ്യത സ്മിത്ത് തന്നെ ഇന്നലെ തള്ളിക്കളഞ്ഞിരുന്നു. താന്‍ ലേലത്തില്‍ പോലും പങ്കെടുത്തിട്ടില്ലെന്ന് സ്മിത്ത് പറഞ്ഞു. അതുകൊണ്ടുതന്നെ പകരക്കാരനായി ടീമിലെത്താന്‍ തനിക്ക് യോഗ്യതയുണ്ടോ എന്ന് അറിയില്ലെന്നും സ്മിത്ത് വ്യക്തമാക്കി.
വില്യംസണിന്‍റെ പകരക്കാരനായി എന്‍റെ പേര് പരിഗണിക്കുമോ എന്ന് എനിക്കറിയില്ല. അതിന് എനിക്ക് കഴിയുമോ എന്നും എനിക്ക് ഉറപ്പില്ല, കാരണം, ഞാന്‍ ലേലത്തില്‍ പോലും പങ്കെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ പകരക്കാരനായി എത്താന്‍ സാധ്യതയില്ല. അതുകൊണ്ട് അടുത്ത കൊല്ലം നമുക്ക് നോക്കാമെന്നായിരുന്നു സ്റ്റാര്‍ സ്പോര്‍ട്സ് കമന്‍ററിക്കിടെ സ്മിത്തിന്‍റെ മറുപടി.
ഓസ്ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷില്‍ സിഡ്നി സിക്സേഴ്സിനായി ഓപ്പണറായി ഇറങ്ങിയ സ്മിത്ത് തകര്‍പ്പന്‍ ഫോമിലായിരുന്നു. അഞ്ച് മത്സരങ്ങളില്‍ മാത്രം സിക്സേഴ്സിനായി കളിച്ച സ്മിത്ത് രണ്ട് സെഞ്ചുറി അടക്കം 86.5 ശരാശരിയില്‍ 346 റണ്‍സാണ് അടിച്ചുകൂട്ടിയത്. 25 സിക്സ് അടിച്ച് ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ച താരമായ സ്മിത്ത് സിക്സേഴ്സിനായി സെഞ്ചുറി നേടുന്ന ആദ്യ ബാറ്ററുമായി. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഏകദിനം പരമ്പരയിലും ബാറ്റിംഗില്‍ തിളങ്ങിയില്ലെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ സ്മിത്ത് കൈയടി നേടിയിരുന്നു.