വെടിക്കെട്ടുമായി സ്റ്റോക്‌സും മൊയീന്‍ അലിയും; ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ വിജയലക്ഷ്യം

By Web TeamFirst Published Feb 14, 2020, 11:30 PM IST
Highlights

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 205 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സന്ദര്‍ശകര്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്‍സെടുത്തത്.

 

ഡര്‍ബന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 205 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സന്ദര്‍ശകര്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്‍സെടുത്തത്. ബെന്‍ സ്‌റ്റോക്‌സ് (30 പന്തില്‍ പുറത്താവാതെ 47), ജേസണ്‍ റോയ് (29 പന്തില്‍ 40) മൊയീന്‍ അലി (11 പന്തില്‍ 39), ജോണി ബെയര്‍സ്‌റ്റോ (17 പന്തില്‍ 35) എന്നിവരുടെ ഇന്നിങ്‌സാണ് ഇംഗ്ലണ്ടിന് തുണയായത്. ലുങ്കി എന്‍ഗിഡി ദക്ഷിണാഫ്രിക്കയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി.

മോശം തുടക്കമായിരുന്നു ഇംഗ്ലണ്ടിന്. സ്‌കോര്‍ ബോര്‍ഡില്‍ 17 റണ്‍സ് മാത്രമുള്ളപ്പോള്‍ ജോസ് ബട്‌ലറെ (2) നഷ്ടമായി. പിന്നീട് ഒത്തുച്ചേര്‍ന്ന റോയ്- ബെയര്‍സ്‌റ്റോ സഖ്യമാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 52 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബെയര്‍സ്‌റ്റോ പുറത്തായെങ്കിലും പിന്നീടെത്തിയ ഒയിന്‍ മോര്‍ഗന്‍ (24 പന്തില്‍ 27) നിരാശപ്പെടുത്തില്ല. ഇതിനിടെ റോയ് മടങ്ങി. എന്നാല്‍ സ്‌റ്റോക്‌സ് വെടിക്കെട്ടിന് തിരികൊളുത്തി. മോര്‍ഗന്‍ പുറത്തായെങ്കിലും മൊയീന്‍ അലി കാര്യങ്ങള്‍ ഏറ്റെടുത്തതോടെ ഇംഗ്ലണ്ടിന് മികച്ച സ്‌കോറുയര്‍ത്താനായി. ഇതിനിടെ അലി, ജോ ഡെന്‍ലി (1), ക്രിസ് ജോര്‍ദാന്‍ (7) എന്നിവര്‍ പുറത്തായെങ്കിലും സ്റ്റോക്‌സ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലെത്തിച്ചിരുന്നു.

എന്‍ഗിഡിക്ക് പുറമെ ആന്‍ഡിലെ ഫെഹ്‌ലുക്വായോ രണ്ടും തബ്രൈസ് ഷംസി, ഡ്വെയ്ന്‍ പ്രിട്ടോറിയൂസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ടി20 ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു. ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം.

click me!