
ദില്ലി: വിലക്കും ശിക്ഷയും കഴിഞ്ഞ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയിട്ട് വര്‍ഷങ്ങളായിട്ടും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളെ വിടാതെ പിന്തുടര്‍ന്ന് 'പന്ത് ചുരണ്ടല്‍' വിവാദം. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് ലഭിച്ച ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്തിനെ കളിയാക്കി ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനിടെ ആരാധകര്‍ രംഗത്തെത്തി. ദില്ലിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ സ്‌മിത്ത് ഫീല്‍ഡ് ചെയ്യവേ 'സാന്‍ഡ്‌പേപ്പര്‍' എന്ന് വിളിച്ച് ആക്രോശിക്കുകയായിരുന്നു ആരാധകര്‍.
ഓസീസിന്‍റെ 2018ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ന്യൂലന്‍ഡ്‍സില്‍ നടന്ന മൂന്നാം ടെസ്റ്റിലാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച പന്ത് ചുരണ്ടല്‍ വിവാദമുണ്ടായത്. സാന്‍ഡ്‍പേപ്പർ ഉപയോഗിച്ച് പന്ത് ചുരണ്ടാനുള്ള ഓസീസ് താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന്‍റെ ശ്രമം ക്യാമറയില്‍ കുടുങ്ങുകയായിരുന്നു. ഇതിന് പിന്നാലെ കുറ്റക്കാരെന്ന് കണ്ടെത്തിയ അന്നത്തെ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെയും ഉപനായകന്‍ ഡേവിഡ് വാർണറെയും 12 മാസത്തേക്കും ബാറ്റര്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനെ 9 മാസത്തേക്കും രാജ്യാന്തര-ആഭ്യന്തര മത്സരങ്ങളില്‍ നിന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കി. ഇതിനൊപ്പം സ്മിത്തിന് 2 വർഷത്തെ ക്യാപ്റ്റന്‍സി വിലക്കും വാർണർക്ക് ആജീവനാന്ത ക്യാപ്റ്റന്‍സി വിലക്കും ക്രിക്കറ്റ് ഓസ്ട്രേലിയ ഏർപ്പെടുത്തിയിരുന്നു.
വിലക്ക് കഴിഞ്ഞ് സ്റ്റീവ് സ്‌മിത്തും ഡേവിഡ് വാര്‍ണറും കാമറൂണ്‍ ബാന്‍ക്രോഫ്റ്റും പിന്നാലെ ടീമിലേക്ക് മടങ്ങിയെത്തി. മടങ്ങിവരവിനിടെ ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ട് കാണികള്‍ സ്‌മിത്തിനെയും വാര്‍ണറേയും കൂവിവിളിച്ചിരുന്നു. 2019ല്‍ ബര്‍മിംഗ്‌ഹാമിലെ ഒന്നാം ടെസ്റ്റിനിടെ ഓസീസ് ഓപ്പണര്‍ വാര്‍ണര്‍ പുറത്തായപ്പോള്‍ ഇംഗ്ലീഷ് കാണികള്‍ സാന്‍ഡ് പേപ്പര്‍ ഉയര്‍ത്തിക്കാട്ടിയാണ് ആഘോഷിച്ചത്. സമാനമായി അഞ്ച് വര്‍ഷത്തോളം മുമ്പുണ്ടായ സംഭവത്തില്‍ ഇപ്പോഴും ആരാധകരാല്‍ ആക്രമിക്കപ്പെടുകയാണ് ഓസീസ് താരങ്ങള്‍. സ്മിത്ത് നിലവില്‍ ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റനാണ്.
പന്ത് ചുരണ്ടുന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലായിരുന്നുവെന്ന് 2018ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ കേപ്‌ടൗണ്‍ ടെസ്റ്റില്‍ കളിച്ച ഓസീസ് ബൗളര്‍മാരായ പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ മാര്‍ഷ്, നേഥന്‍ ലിയോണ്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞിരുന്നു. കമ്മിന്‍സാണ് ഇപ്പോള്‍ ഓസീസ് ടെസ്റ്റ് ടീമിനെ നയിക്കുന്നത്. കേപ്ടൗൺ ടെസ്റ്റിൽ പന്തിൽ കൃത്രിമം കാണിച്ചതിനെ കുറിച്ച് സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും പുറമെ ടീമിലെ ബൗളർമാർക്കും അറിവുണ്ടായിരുന്നുവെന്ന് ബാൻക്രോഫ്റ്റ് ഗാർഡിയന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.