ക്രിക്കറ്റ് പന്തുകള്‍ വൈറസ് വാഹകര്‍; അടുത്തൊന്നും മത്സരങ്ങള്‍ നടക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

By Web TeamFirst Published Jun 24, 2020, 3:36 PM IST
Highlights

ഇതോടെ ബ്രിട്ടനില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഉടനെ അനുമതി കിട്ടില്ലെന്ന് വ്യക്തമായി. അതേസമയം, രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് നിയന്ത്രണം ബാധകമല്ല. 

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ ഉടന്‍ ആരംഭിക്കാനിടയില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ വാക്കുകളാണ് ഇംഗ്ലീഷ് ആരാധകരെ നിരാശരാക്കിയിരിക്കുന്നത്. ക്രിക്കറ്റ് പന്തുകള്‍ സ്വാഭാവിക വൈറസ് വാഹകരാണെന്നാണ് ബോറിസ് പറയുന്നത്.  ബ്രിട്ടീഷ് ജനപ്രതിനിധി സഭയില്‍ കണ്‍സര്‍വേറ്റീവ് എംപി ഗ്രെഗ് ക്ലാര്‍ക്ക് ഉയര്‍ത്തിയ ചോദ്യത്തോടു പ്രതികരിക്കുമ്പോഴാണ് ബോറിസ് ഇങ്ങനെ പറഞ്ഞത്. 

രാജ്യത്ത് ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോടു പ്രതികരിക്കുമ്പോഴായിരുന്നു ഇത്. അദ്ദേഹത്തിന്റെ മറുപടിയിങ്ങനെ.. ''ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നമുണ്ട്. ക്രിക്കറ്റ് പന്തുകള്‍ രോഗവാഹകരാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇക്കാര്യത്തില്‍ ശാസ്ത്രീയ വിശദീകരണം ഉള്ളതാണ്. കോവിഡിനിടെ എങ്ങനെ ക്രിക്കറ്റ് പുനരാരംഭിക്കാമെന്ന കാര്യത്തില്‍ നമ്മള്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.'  ബോറിസ് വ്യക്തമാക്കി.

ഇതോടെ ബ്രിട്ടനില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഉടനെ അനുമതി കിട്ടില്ലെന്ന് വ്യക്തമായി. അതേസമയം, രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് നിയന്ത്രണം ബാധകമല്ല. ഇംഗ്ലണ്ട് -വെസ്റ്റിന്‍ഡീസ് പരമ്പര ജൂലൈ എട്ടിനുതന്നെ ആരംഭിക്കും. ഇപ്പോള്‍ ഇംഗ്ലണ്ടിലുള്ള വിന്‍ഡീസ് ടീം ക്വാറന്റൈനിലാണ്.

click me!