Latest Videos

വിജയങ്ങളൊക്കെ അവിടെ നില്‍ക്കട്ടേ; ഇന്ത്യന്‍ ബൗളിംഗില്‍ ഇനിയും പ്രശ്നങ്ങളുണ്ടെന്ന് കപില്‍ ദേവ്

By Jomit JoseFirst Published Oct 28, 2022, 3:09 PM IST
Highlights

ഈ ടീമില്‍ തന്‍റെ അവസരങ്ങള്‍ നന്നായി പ്രയോജനപ്പെടുത്തുകയാണ് സൂര്യകുമാർ യാദവ് എന്ന് കപിലിന്‍റെ പ്രശംസ

സിഡ്‍നി: ട്വന്‍റി 20 ലോകകപ്പില്‍ സൂപ്പർ-12ലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് മുന്നോട്ടുകുതിക്കുകയാണ് ടീം ഇന്ത്യ. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ അവസാന പന്തില്‍ ജയം സ്വന്തമാക്കിയ രോഹിത് ശർമ്മയും സംഘവും രണ്ടാം കളിയില്‍ നെതർലന്‍ഡ്സിനെതിരെ ആധികാരിക ജയം നേടുകയായിരുന്നു. എങ്കിലും ഇന്ത്യന്‍ ടീമിന്‍റെ ബൗളിംഗ് മെച്ചപ്പെടാനുണ്ട് എന്നാണ് ഇതിഹാസ താരം കപില്‍ ദേവിന്‍റെ നിരീക്ഷണം. 

'ഇന്ത്യയുടെ ബൗളിംഗ് മെച്ചപ്പെട്ടിട്ടുണ്ട്. ബാറ്റിംഗില്‍ കൂടുതല്‍ റണ്‍സ് നേടാനാകുമെന്ന് തോന്നി. അവസാന 10 ഓവറുകളില്‍ 100 റണ്‍സിലധികം ഇന്ത്യ നേടി. വലിയ ഗ്രൗണ്ടുകളായതിനാല്‍ ലോകകപ്പില്‍ സ്പിന്നർമാർക്ക് ചെറിയ മുന്‍തൂക്കം ലഭിക്കേണ്ടതാണ്. ഇന്ത്യയുടെ ബൗളിംഗില്‍ ഇപ്പോഴും നികത്തലുകള്‍ വരുത്താനുണ്ട് എന്നാണ് വിശ്വാസം. നെതർലന്‍ഡ്സ് പോലുള്ള ടീമുകളോട് കൃത്യമായ പദ്ധതി വേണമായിരുന്നു എവിടെ പന്തെറിയണമെന്നും ലൈനും ലെങ്തും കാര്യത്തിലും. പരിശീലനം മാത്രമല്ല, വിജയവും ആവശ്യമായ മത്സരമായതിനാല്‍ വൈഡുകളോ നോബോളുകളോ എറിയാന്‍ പാടില്ലായിരുന്നു. അതിനാല്‍ ഇന്ത്യന്‍ ബൗളിംഗില്‍ ഇപ്പോഴും പിഴവുകളുണ്ട് എന്നാണ് എനിക്ക് പറയാനുള്ളത്.

ഈ ടീമില്‍ തന്‍റെ അവസരങ്ങള്‍ നന്നായി പ്രയോജനപ്പെടുത്തുകയാണ് സൂര്യകുമാർ യാദവ്. വേഗത്തില്‍ സ്കോർ നേടുന്നതിനാല്‍ പ്രശംസിക്കപ്പെടണം. കെ എല്‍ രാഹുല്‍ കൂടുതല്‍ റണ്‍സ് നേടാന്‍ തയ്യാറാവണം. ഇന്നിംഗ്സ് കെട്ടിപ്പെടുക്കേണ്ട ചുമതല ബാറ്റിംഗിന്‍റെ ഗിയർ മാറ്റാന്‍ കഴിവുള്ള വിരാട് കോലിക്കാണ്. കോലി 20 ഓവറും ബാറ്റ് ചെയ്താല്‍ ഏത് ടോട്ടലും ഇന്ത്യക്ക് പിന്തുടർന്ന് ജയിക്കാം. സൂര്യകുമാറിനെ പോലൊരു പ്രതിഭയെ അടുത്തകാലത്ത് നമ്മള്‍ കണ്ടെത്തിയിട്ടില്ല' എന്നും കപില്‍ ദേവ് കൂട്ടിച്ചേർത്തു. 

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ നാല് വിക്കറ്റിന്‍റെ ജയമാണ് ഇന്ത്യ നേടിയത്.  160 റണ്‍സ് വിജയലക്ഷ്യം വിരാട് കോലിയുടെ(53 പന്തില്‍ 82*) ഇന്നിംഗ്സ് കരുത്തില്‍ അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടുകയായിരുന്നു. തൊട്ടടുത്ത മത്സരത്തില്‍ നെതർലന്‍ഡ്സിനോട് 56 റണ്‍സിന്‍റെ ജയം ടീം നേടി. രോഹിത് ശർമ്മ 39 പന്തില്‍ 53 ഉം വിരാട് കോലി 44 പന്തില്‍ 62* ഉം സൂര്യകുമാർ യാദവ് 25 പന്തില്‍ 51* ഉം റണ്‍സ് നേടി. രണ്ട് മത്സരങ്ങളില്‍ 4 പോയിന്‍റുമായി ഗ്രൂപ്പില്‍ ടീം ഇന്ത്യയാണ് തലപ്പത്ത്. 

മഴക്കളിയില്‍ മുങ്ങി ലോകകപ്പ്: മെല്‍ബണില്‍ മേല്‍ക്കൂര ഉണ്ടായിട്ടും ഉപയോഗിക്കാത്തതിനെതിരെ മൈക്കല്‍ വോണ്‍

click me!