
റാവല്‍പിണ്ടി: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനോട് തോറ്റ് സെമി കാണാതെ പുറത്തായതിന് പിന്നാലെ കണ്ണീരടക്കാനാവാതെ ഇംഗ്ലണ്ട് താരം ജോ റൂട്ട്. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 326 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് എട്ട് റണ്‍സിനാണ് തോറ്റത്. 111 പന്തില്‍ 120 റണ്‍സടിച്ച ജോ റൂട്ട് ആറ് വര്‍ഷത്തിനുശേഷമാണ് ഏകദിനത്തില്‍ സെഞ്ചുറി നേടുന്നത്. 2019ൽ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു റൂട്ട് അവസാനം ഏകദിന സെഞ്ചുറി നേടുന്നത്. റൂട്ടിന്‍റെ കരിയറിലെ പതിനേഴാം ഏകദിന സെഞ്ചുറിയാണിത്.
ജോ റൂട്ടും ക്യാപ്റ്റന്‍ ജോസ് ബട്ലറും ചേര്‍ന്ന കൂട്ടുകെട്ട് ഇംഗ്ലണ്ടിന് വിജയപ്രതീക്ഷ നല്‍കിയപ്പോഴായിരുന്നു അഫ്ഗാന്‍ താരം ഒമര്‍സായി റൂട്ടിനെ വീഴ്ത്തിയത്. അവസാന രണ്ടോവറില്‍ 16 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ഫസലുള്ള ഫാറൂഖി എറിഞ്ഞ 49-ാം ഓവറില്‍ മൂന്ന റണ്‍സ് മാത്രം നേടാനെ ഇംഗ്ലണ്ടിനായുള്ളു. പ്രതീക്ഷ നല്‍കിയ ജോഫ്ര ആര്‍ച്ചറുടെ വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി. അസ്മത്തുള്ള ഒമര്‍സായി എറിഞ്ഞ അവസാന ഓവറില്‍ 13 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.
ആദ്യ നാലു പന്തുകളില്‍ നാലു റണ്‍സ് മാത്രമെടുക്കാനും ആദില്‍ റഷീദിനും മാര്‍ക്ക് വുഡിനും കഴിഞ്ഞുള്ളു. അഞ്ചാം പന്തില്‍ റഷീദിനെ പുറത്താക്കി ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിപ്പിച്ചതോടെ ഡഗ് ഔട്ടിലിരുന്ന ജോ റൂട്ട് കരഞ്ഞുപോയത്. തോല്‍വിയോടെ ഇംഗ്ലണ്ട് സെമി കാണാതെ പുറത്തായപ്പോള്‍ അഫ്ഗാനിസ്ഥാന്‍ സെമി പ്രതീക്ഷ നിലനിര്‍ത്തി. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലും സമ്പൂര്‍ണ തോല്‍വി വഴങ്ങിയ ഇംഗ്ലണ്ട് തുടര്‍ച്ചയായ ആറാം ഏകദിനത്തിലാണ് തോല്‍ക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തില്‍ പ്രതിഷേധിച്ച് അഫ്ഗാനിസ്ഥാനെതിരായ ചാമ്പ്യൻസ് ട്രോഫി മത്സരത്തില്‍ നിന്ന് പിന്‍മാറണമെന്ന് ഇംഗ്ലണ്ടില്‍ നിന്ന് ആവശ്യമുയര്‍ന്നതിനാല്‍ ഇംഗ്ലണ്ടിനെതിരെ നേടിയ ജയം അഫ്ഗാന് ഇരട്ടി മധുരമായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!