Latest Videos

ഫൈനലിൽ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം?, എല്ലാം ഒത്തുവന്നാൽ ആരാധകർക്ക് ആവേശപ്പൂരം

By Web TeamFirst Published Nov 6, 2022, 1:33 PM IST
Highlights

പ്രഥമ ട്വന്റി20 ലോകകപ്പ് ഫൈനലിലാണ് മുമ്പ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്. ആവേശം കൊടുമുടി കയറിയ മത്സരത്തിൽ അഞ്ച് റൺസിനായിരുന്നു ഇന്ത്യയുടെ വിജയം.

മെൽബൺ: ഭാ​ഗ്യം തുണക്കുകയാണെങ്കിൽ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഇത്തവണ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ ഏറ്റുമുട്ടാൻ സാധ്യത. അങ്ങനെയെങ്കിൽ ക്രിക്കറ്റ് ആരാധകർക്കുള്ള ​ഗംഭീര വിരുന്നാകുമെന്നതിൽ സംശയമില്ല. ഒരേ​ഗ്രൂപ്പിൽ നിന്നാണ് ഇരുടീമുകളും സെമി ഫൈനലിൽ എത്തിയത്. നിലവിൽ ഇന്ത്യയാണ് ​ഗ്രൂപ്പിൽ മുന്നിൽ. ഇന്ന് സിംബാബ്വെയെ തോൽപ്പിച്ചാൽ ​ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നിലനിർത്തി സെമിയിൽ ഇം​ഗ്ലണ്ടിനെ നേരിടാം. സിംബാബ്വെയോട് ഇന്ത്യ തോറ്റാൽ പാകിസ്ഥാനാകും ​ഗ്രൂപ് ജേതാക്കൾ. അങ്ങനെയെങ്കിൽ ന്യൂസിലാൻഡ് ആയിരിക്കും ഇന്ത്യയുടെ എതിരാളി. ഇന്ത്യ ജയിച്ചാൽ ​ഗ്രൂപ്പിൽ രണ്ടാമതെത്തുന്ന പാകിസ്ഥാന് സെമിയിൽ ന്യൂസിലാൻഡ് ആയിരിക്കും എതിരാളികൾ. സെമി ഫൈനലിൽ ഇരുടീമുകളും ജയിച്ചാലാണ് ഫൈനലിൽ നേർക്കുനേർ വരുക. നിലവിൽ അതിനുള്ള സാധ്യത ഏറെയെന്ന് ആരാധകർ കരുതുന്നു.

പ്രഥമ ട്വന്റി20 ലോകകപ്പ് ഫൈനലിലാണ് മുമ്പ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്. ആവേശം കൊടുമുടി കയറിയ മത്സരത്തിൽ അഞ്ച് റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ജൊ​ഗീന്ദർ ശർമ എറിഞ്ഞ അവസാന പന്തിൽ മലയാളി താരം ശ്രീശാന്ത് എടുത്ത ആ ക്യാച്ച് ഇന്നും ആരാധകർ മറന്നിട്ടില്ല. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ തുടക്കമായിരുന്നു ആ കിരീട ധാരണം. എന്നാൽ, പിന്നീട് ഒരു കുട്ടി ക്രിക്കറ്റ് ലോകകിരീടം സ്വന്തമാക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. 2009ൽ ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് കിരീടം നേടി പാകിസ്ഥാൻ സങ്കടം തീർത്തു. എന്നാൽ, പിന്നീട് കിരീടം നേടാൻ പാകിസ്ഥാനും കഴിഞ്ഞിട്ടില്ല. 

ഈ ലോകകപ്പിൽ ആദ്യമത്സരത്തിൽ തന്നെ പാകിസ്ഥാനെ തോൽപ്പിച്ച ഇന്ത്യ സെമി സാധ്യതകൾ നേരത്തെ സജീവമാക്കിയിരുന്നു. എങ്കിലും ദക്ഷിണാഫ്രിക്കയോടേറ്റ തോൽവി ആശങ്കയായി. എന്നാൽ, പാകിസ്ഥാന്റെ സെമി പ്രവേശം അത്ഭുതപ്പെടുത്തുന്നതായിരുന്നു. ആദ്യമത്സരത്തിൽ ഇന്ത്യയോടും രണ്ടാം മത്സരത്തിൽ സിംബാബ്വെയോടേറ്റ തോൽവിയെ തുടർന്ന് സാധ്യതകൾ അവസാനിച്ചെന്ന് കരുതിയിടത്തുനിന്നാണ് അവർ‌ ഉയിർത്തെഴുന്നേറ്റത്. നെതർലൻഡ്സിനെതിരെയും ദക്ഷിണാഫ്രിക്കയെയും ബം​ഗ്ലാദേശിനെയും തോൽപ്പിച്ച് പാകിസ്ഥാൻ ആരാധകരുടെ പ്രതീക്ഷ കാത്തു. നെതർലൻഡ്സിനെതിരെയുള്ള ദക്ഷിണാഫ്രിക്കയുടെ അപ്രതീക്ഷിത തോൽവി പാകിസ്ഥാന് കാര്യങ്ങൾ എളുപ്പമാക്കി. 

അതേസമയം, സെമിയില്‍ ശക്തരെയാണ് ഇരുടീമുകള്‍ക്കും നേരിടേണ്ടത്. മികച്ച ഫോമിലാണ് ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും. താരസമ്പന്നമായ ഇംഗ്ലണ്ട് ഏത് വമ്പന്മാരെയും മുട്ടുകുത്തിക്കും. മിക്ക ബൗളിങ് നിരയും അതിനൊത്തെ ബാറ്റിങ് നിരയുമുള്ള ന്യൂസിലാന്‍ഡ് ടീമെന്ന നിലയില്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കേണ്ടത്. അതുകൊണ്ടുതന്നെ ഇവരെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കും പാകിസ്ഥാനും ആവനാഴിയിലെ മുഴുവന്‍ അസ്ത്രങ്ങളും പുറത്തെടുക്കേണ്ടിവരും. 

click me!