ഒരോവറില്‍ 22 റണ്‍സ്, 73 പന്തില്‍ സെഞ്ചുറി, ഇംഗ്ലണ്ടില്‍ പൂജാര ആറാടുകയാണ്

By Gopalakrishnan CFirst Published Aug 12, 2022, 11:45 PM IST
Highlights

അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ വാര്‍വിക്‌ഷെയര്‍ സസെക്സിനെ നാലു റണ്‍സിന് തോല്‍പ്പിച്ചു. 49-ാം ഓവറില്‍ പൂജാര പുറത്തായതാണ് സസെക്സിന് തിരിച്ചടിയായത്.

ലണ്ടന്‍: കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെ റോയല്‍ ലണ്ടന്‍ വണ്‍ഡേ ചാമ്പ്യന്‍ഷിപ്പിലും സസെക്സിനായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര. റോയല്‍ ലണ്ടന്‍ വണ്‍ഡേ കപ്പ് ഏകദിന ചാമ്പ്യന്‍ഷിപ്പില്‍ വാര്‍വിക്‌ഷെയറിനെതിരെ പൂജാര 73 പന്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടി. എന്നാല്‍ പൂജാരയുടെ സെഞ്ചുറിക്കും ആവേശപ്പോരാട്ടത്തില്‍ സസെക്സിനെ ജയിപ്പിക്കാനായില്ല.

അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ വാര്‍വിക്‌ഷെയര്‍ സസെക്സിനെ നാലു റണ്‍സിന് തോല്‍പ്പിച്ചു. 49-ാം ഓവറില്‍ പൂജാര പുറത്തായതാണ് സസെക്സിന് തിരിച്ചടിയായത്. അവസാന രണ്ടോവറില്‍ 20 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. പൂജാര വീണതോടെ വിജയത്തിനരികെ സസെക്സ് വീണു. ആവസാന ആറോവറില്‍ സസെക്സിന് 67 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ലിയാം നോര്‍വെല്‍ എറിഞ്ഞ 45-ാം ഓവറില്‍ ഒരു സിക്സും മൂന്നു ഫോറും അടക്കം 22 റണ്‍സടിച്ച പൂജാരയാണ് സസെക്സിന് വിജയപ്രതീക്ഷ നല്‍കിയത്.

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, ധവാന്‍ ക്യാപ്റ്റന്‍; സഞ്ജു ടീമില്‍

50 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച പൂജാര പിന്നീട് ടോപ് ഗിയറിലായി. പിന്നീട് നേരിട്ട 23 പന്തില്‍ പൂജാര സെഞ്ചുറിയിലെത്തി. 79 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്സും പറത്തിയ പൂജാര 107 റണ്‍സടിച്ചു. 81 റണ്‍സെടുത്ത അലിസ്റ്റര്‍ ഓറും സസെക്സിനായി തിളങ്ങി. വാര്‍വിക്‌ഷെറിനായി പന്തെറിഞ്ഞ ഇന്ത്യയുടെ ക്രനാല്‍ പാണ്ഡ്യ 10 ഓവറില്‍ 51 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത വാര്‍വിക്‌ഷെയറിനായി റോബര്‍ട്ട് യേറ്റ്സ് സെഞ്ചുറിയും(111 പന്തില്‍ 114) ക്യാപ്റ്റന്‍ റോഡ്സ്(70 പന്തില്‍ 76) അര്‍ധസെഞ്ചുറിയും നേടിയിരുന്നു.

നേരത്തെ കൗണ്ടി ചാമ്പ്ന്‍ഷിപ്പില്‍ സസെക്സിനായി രണ്ട് അര്‍ധസെഞ്ചുറികള്‍ അടക്കം അഞ്ച് സെഞ്ചുറികളുമായി പൂജാര തിളങ്ങിയിരുന്നു.

click me!