കാണിയെ തെറി വിളിച്ചു; ബെന്‍ സ്റ്റോക്‌സിന് ഐസിസിയുടെ 'പണികിട്ടി'

By Web TeamFirst Published Jan 25, 2020, 8:57 PM IST
Highlights

ഐസിസി ശിക്ഷാനിയമത്തിലെ ലെവല്‍ 1 കുറ്റം സ്റ്റോക്‌സ് ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്

ജൊഹന്നസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്ക- ഇംഗ്ലണ്ട് നാലാം ടെസ്റ്റിനിടെ കാണികളില്‍ ഒരാള്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍സ്റ്റോക്‌സിന് ഐസിസിയുടെ ശിക്ഷ. മാച്ച് ഫീയുടെ 15 ശതമാനവും ഒരു ഡീ മെറിറ്റ് പോയിന്‍റും സ്റ്റോക്‌സിന് വിധിച്ചു. 2,250 പൗണ്ടാണ് ഇംഗ്ലീഷ് താരം പിഴ ഒടുക്കേണ്ടത്. 

ഐസിസി ശിക്ഷാനിയമത്തിലെ ലെവല്‍ 1 കുറ്റം സ്റ്റോക്‌സ് ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്. കുറ്റം സമ്മതിച്ചതിനാല്‍ വിശദീകരണം നല്‍കാന്‍ സ്റ്റോക്‌സ് ഹാജരാകേണ്ടതില്ല. നിലവില്‍ ഡീ-മെറിറ്റ് പോയിന്‍റുകളൊന്നും ഇല്ലാതിരുന്നതിനാല്‍ സ്റ്റോക്‌സിന് ആശ്വസിക്കാം. 24 മാസത്തിനുള്ളില്‍ നാലോ അതിലധികമോ ഡീ-മെറിറ്റ് പോയിന്‍റുകള്‍ ലഭിച്ചാല്‍ സസ്‌പെന്‍ഷന്‍ ലഭിക്കും. 

😯😯😯 pic.twitter.com/SVdls1MRfR

— Sachin Nakrani (@SachinNakrani)

ജെഹന്നസ്‌ബര്‍ഗില്‍ ദക്ഷിണാഫ്രിക്ക- ഇംഗ്ലണ്ട് ടെസ്റ്റിന്‍റെ ആദ്യദിനം കാണികളിലൊരാളെ സ്റ്റോക്‌സ് അധിക്ഷേപിക്കുകയായിരുന്നു. സ്റ്റോക്‌സ് പുറത്തായശേഷം പവലിയനിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. കാണികളില്‍ ഒരാള്‍ പ്രകോപിപ്പിച്ചപ്പോള്‍ സ്‌റ്റോക്‌സ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവം ക്യാമറ ഒപ്പിയെടുത്തതോടെ സ്റ്റോക്‌സ് വിവാദക്കുരുക്കിലായി. താരത്തിനെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. 

രൂക്ഷ വിമര്‍ശനം നേരിട്ടതിന് പിന്നാലെ സംഭവത്തില്‍ മാപ്പ് പറഞ്ഞ് സ്റ്റോക്‌സ് തടിതപ്പാന്‍ ശ്രമിച്ചിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെയായിരുന്നു മാപ്പുപറച്ചില്‍. സ്റ്റോഎന്നാല്‍ ഐസിസി ശിക്ഷാനടപടിയുമായി മുന്നോട്ടുപോവുകയായിരുന്നു.  

click me!