
ധാക്ക: കൊവിഡ് 19 ആശങ്ക പടരുന്ന സാഹചര്യത്തില്‍ ഈ മാസം 18നും 22നു ബംഗ്ലാദേശില്‍ നടത്താനിരുന്ന ഏഷ്യന്‍ ഇലവന്‍-ലോക ഇലവന്‍ ടി20 പരമ്പര മാറ്റിവെച്ചു. ബംഗ്ലാദേശ് രാഷ്ട്ര പിതാവായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ 100ം ജന്മദിനത്തോട് അനുബന്ധിച്ച് നടത്താനിരുന്ന രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി, ക്രിസ് ഗെയ്ല്‍, ഫാഫ് ഡൂപ്ലെസി എന്നിവരുടെ സാന്നിധ്യമുണ്ടാകുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മത്സരങ്ങള്‍ക്കായി എത്തുന്ന കളിക്കാര്‍ക്ക് രാജ്യത്തുനിന്ന് തിരിച്ചുപോവാനാവാത്ത സാഹചര്യം ഉണ്ടാകാനിടയുണ്ടെന്നും ഇത് കണക്കിലെടുത്ത് മത്സരങ്ങള്‍ ഒരു മാസത്തേക്ക് മാറ്റിവെക്കുകയാണെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. അടുത്ത മാസം സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം പുതുക്കിയ തീയതി പ്രഖ്യാപിക്കാനാണ് തീരുമാനം.
മത്സരങ്ങള്‍ക്ക് മുന്നോടിയായി നടത്താനിരുന്ന എ ആര്‍ റഹ്മാന്റെ സംഗീതനിശയും സംഘാടകര്‍ മാറ്റിവെച്ചിട്ടുണ്ട്. നിലവില്‍ സിംബാബ്‌വെയ്ക്കെതിരായ ടി20 പരമ്പരയില്‍ കളിക്കുകയാണ് ബംഗ്ലാദേശ്. മത്സരം അടുത്ത മാസം നടത്തിയാല്‍ ഐപിഎല്ലില്‍ കളിക്കുന്ന വിരാട് കോലി അടക്കമുള്ള പ്രമുഖ താരങ്ങളെ ലഭിക്കാത്ത സാഹചര്യം ബംഗ്ലാദേശിന് മുന്നിലുണ്ട്. മത്സരത്തിനുള്ള ഏഷ്യ ഇലവനേ നേരത്തെ പ്രഖ്യാച്ചിരുന്നു.
വിരാട് കോലിക്ക് പുറമെ ഋഷഭ് പന്ത്, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവരാണ് ഏഷ്യന്‍ ഇലവനിലുള്ള ഇന്ത്യന്‍ താരങ്ങള്‍. പാകിസ്ഥാന്‍ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നാല് ബംഗ്ലാദേശ് താരങ്ങള്‍ ടീമിലുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്ന മൂന്നും ശ്രീലങ്കയില്‍ നിന്ന് രണ്ടും ഒരു നേപ്പാളി താരവും ടീമിലെത്തി.
ഏഷ്യാ ഇലവന്‍: വിരാട് കോലി, ഋഷഭ് പന്ത്, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ലിറ്റണ്‍ ദാസ്, തമീം ഇഖ്ബാല്‍, മുഷ്ഫിഖുര്‍ റഹീം, തിസാര പെരേര, റാഷിദ് ഖാന്‍, മുസ്തഫിസുര്‍ റഹ്മാന്‍, സന്ദീപ് ലാമിച്ചനെ, ലസിത് മലിംഗ, മുജീബ് ഉര്‍ റഹ്മാന്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!