
മുംബൈ: മുംബൈയിലെ കൊവിഡ് ബാധിതര്‍ക്ക് സഹായവുമായി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. മുംബൈയുടെ വിവിധ ഭാഗങ്ങളിൽ കൊവിഡ് 19 വൈറസ് വ്യാപനം മൂലം ദുരിതമനുഭവിക്കുന്ന 5000ത്തോളം ആളുകൾക്ക് ഒരു മാസത്തേക്ക് സൌജന്യ റേഷന്‍ നല്‍കാനുള്ള യജ്ഞത്തിലാണ് സച്ചിന്‍ പങ്കാളിയായത്. കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധിക്കിടെ ഭക്ഷണം പോലും കിട്ടാതെ അലയുന്ന പാവപ്പെട്ടവരെ സഹായിക്കുന്ന അപ്നാലയ എന്ന ലാഭേതര സന്നദ്ധ സംഘടനയാണ് സച്ചിന്റെ സഹായത്തെക്കുറിച്ച് ട്വീറ്റിലൂടെ വ്യക്തമാക്കിയത്.
നന്ദി, സച്ചിന്‍. സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള അപ്നാലയയുടെ യജ്ഞത്തില്‍ പങ്കാളിയാവാന്‍ മുന്നോട്ടുവന്നതിനും സഹായം നല്‍കിയതിനും. 5000 പേരുടെ റേഷന്‍ ഒരുമാസത്തേക്ക് ഇനി സച്ചിനാവും നോക്കുക. രാജ്യത്ത് ദുരിതമനുഭവിക്കുന്നവര്‍ ഇനിയുമേറെയുണ്ടെന്നും അവര്‍ക്ക് നിങ്ങളുടെ സഹായം ആവശ്യമാണെന്നും അപ്നാലയ ട്വിറ്ററില്‍ വ്യക്തമാക്കി.
ഇതിന് സച്ചിന്‍ മറുപടി നല്‍കുകയും ചെയ്തു. അപ്നാലയക്ക് എല്ലാവിധ ആശംസകളും നേര്‍ന്ന സച്ചിന്‍ നല്ലപ്രവര്‍ത്തികള്‍ ഇനിയും തുടരുകയെന്നും പറഞ്ഞു. നേരത്തെ, കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് 50 ലക്ഷം രൂപ സച്ചിൻ സംഭാവന നൽകിയിരുന്നു. 25 ലക്ഷം രൂപ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 25 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സ് ഫണ്ടിലേക്കുമാണ് സച്ചിന്‍ നല്‍കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!