ലോകകപ്പ് ഫൈനലിലെ അബദ്ധം ഇനി ആവര്‍ത്തിക്കില്ല; പുതിയ പരിഷ്കാരവുമായി ബിഗ് ബാഷ് ലീഗ്

By Web TeamFirst Published Sep 24, 2019, 1:43 PM IST
Highlights

ഏതെങ്കിലും ഒരു ടീം വ്യക്തമായി ജയിച്ചുവെന്ന് ഉറപ്പാക്കുന്നതുവരെ സൂപ്പര്‍ ഓവറുകള്‍ തുടരാനാണ് ബിഗ് ബാഷ് ലീഗിലെ തീരുമാനം.

സിഡ്നി: ലോകകപ്പ് ഫൈനലില്‍ നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും സ്കോര്‍ തുല്യമായതോടെ കൂടുതല്‍ ബൗണ്ടറി അടിച്ചതിന്റെ പേരില്‍ ഇംഗ്ലണ്ടിനെ ലോകചാമ്പ്യന്‍മാരാക്കിയ ഐസിസി നിയമത്തിന് പരിഷ്കാരവുമായി ഓസ്ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷ്. പുതിയ പരിഷ്കാരം അനുസരിച്ച് സൂപ്പര്‍ ഓവറിലും സ്കോര്‍ തുല്യമായാല്‍ വീണ്ടുമൊരു സൂപ്പര്‍ ഓവര്‍ കൂടി നടത്തും.

ഏതെങ്കിലും ഒരു ടീം വ്യക്തമായി ജയിച്ചുവെന്ന് ഉറപ്പാക്കുന്നതുവരെ സൂപ്പര്‍ ഓവറുകള്‍ തുടരാനാണ് ബിഗ് ബാഷ് ലീഗിലെ തീരുമാനം. ഈ വര്‍ഷത്തെ പുരുഷ, വനിതാ ബിഗ് ബാഷ് ലീഗുകളില്‍ പരിഷ്കാരം നടപ്പാക്കും. സമയക്കുറവ് മൂലമോ, സംപ്രേക്ഷണ സൗകര്യങ്ങളുടെ അപര്യാപ്തതമൂലമോ, വേദിയിലെ മറ്റ് സാങ്കേതിക തടസങ്ങള്‍മൂലമോ വീണ്ടും വീണ്ടും സൂപ്പര്‍ ഓവറുകള്‍ കളിക്കാന്‍ തടസം നേരിടുകയാണെങ്കില്‍ ലീഗില്‍ പോയന്റ് പട്ടികയില്‍ മുന്നിലെത്തിയ ടീമിനെ വിജയിയായി പ്രഖ്യാപിക്കും.

ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഏറ്റുമുട്ടിയപ്പോള്‍ നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും മത്സരം ടൈ ആയിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ ബൗണ്ടറികള്‍ അടിച്ചതിന്റെ പേരില്‍ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ചത്. ഇത് ആരാധകരുടെ വിമര്‍ശനത്തിന് കാരണമായിരുന്നു. ഐസിസിയും സൂപ്പര്‍ ഓവര്‍ നിയമത്തില്‍ പരിഷ്കാരം വരുത്തുമെന്നാണ് സൂചന.

click me!