അസ്വസ്ഥമാക്കുന്നതായിരുന്നു ഇന്ത്യയിലെ കാഴ്ച്ചകള്‍; കൊവിഡ് ഭീതി വിവരിച്ച് ഡേവിഡ് വാര്‍ണര്‍

By Web TeamFirst Published Jun 2, 2021, 5:14 PM IST
Highlights

ഇന്ത്യയിലെ സാഹചര്യത്തെ കുറിച്ച് ഐപിഎല്ലിനെത്തിയ താരങ്ങള്‍ക്ക് വ്യക്കമായ ബോധ്യമുണ്ടായിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുന്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ഇതുതന്നെയാണ് പറയുന്നത്.

സിഡ്‌നി: കൊവിഡ് രണ്ടാം തരംഗം വിതച്ച ദുരിതത്തില്‍ നിന്ന് കരകയറുന്നേയുള്ളൂ ഇന്ത്യ. കൊവിഡ് കേസുകള്‍ രണ്ട് ലക്ഷത്തിന് താഴേക്ക്് വന്നു. ഐപിഎല്‍ നടക്കുന്ന വേളയില്‍ ഇങ്ങനെ അല്ലായിരുന്നു സാഹചര്യം. ബയോ ബബിള്‍ സംവിധാനവും മറികടന്ന് താരങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതോടെയാണ് ഐപിഎല്‍ പാതിവഴിയില്‍ നിര്‍ത്തിവച്ചത്.

ഇന്ത്യയിലെ സാഹചര്യത്തെത കുറിച്ച് ഐപിഎല്ലിനെത്തിയ താരങ്ങള്‍ക്ക് വ്യക്കമായ ബോധ്യമുണ്ടായിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുന്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ഇതുതന്നെയാണ് പറയുന്നത്. ഇന്ത്യയിലേത് ഭീകരാവസ്ഥയായിരുന്നുവെന്ന് ഓസ്‌ട്രേലിയന്‍ താരം വ്യക്തമാക്കി. ''മനസ് അസ്വസ്ഥമാകുന്ന സാഹചര്യത്തിലൂടെയാണ് കടന്നുപോയിരുന്നത്. ഐപിഎല്ലിനിടെ ഗ്രൗണ്ടിലേക്കും തിരിച്ച് ഹോട്ടലിലേക്കുമുള്ള യാത്രയ്ക്കിടെ മനസ് ദുര്‍ബലമാക്കുന്ന കാഴ്ച്ചകളാണ് കണ്ടത്. തെരുവില്‍, തുറന്ന സ്ഥലങ്ങളില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നു. 

ചിലയിടത്ത്, മൃതദേഹം സംസ്‌കരിക്കാനായി നിരത്തുകളില്‍ വരിവരിയായി നില്‍ക്കുന്ന ഉറ്റവരെ കാണാമായിരുന്നു. ഭീതിയോടെയല്ലാതെ ഇതൊന്നും ഓര്‍ക്കാനാവില്ല. ഐപിഎല്‍ ഉപേക്ഷിക്കുക എന്നത് ശരിയായ തീരുമാനമായിരുന്നു. സുരക്ഷ ഒരുങ്ങാന്‍ അധികൃകതര്‍ അവരുടെ പരമാവധി ചെയ്തു. ഇന്ത്യക്കാര്‍ക്ക് ക്രിക്കറ്റ് ജീവനാണെന്നുള്ളത് എല്ലാവര്‍ക്കുമറിയാം. ക്രിക്കറ്റ് അവരുടെ മുഖത്ത് പുഞ്ചിരി സമ്മാനിക്കും. എന്നാല്‍ വെല്ലുവിളി നിറഞ്ഞ സാഹചര്യമായിരുന്നു ഇന്ത്യയിലേത്. 

എത്രയും ഇന്ത്യ വിടാനായിരുന്നു ഞങ്ങള്‍ക്കെല്ലാവര്‍ക്കും താല്‍പര്യം. ഇന്ത്യയില്‍ നിന്ന് മടങ്ങുമ്പോള്‍ മാലദ്വീപിലാണ് ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയത്. ഇന്ത്യയിലേക്ക് മടങ്ങാന്‍ സാധിക്കാത്ത ബുദ്ധിമുട്ടുന്ന നിരവധി പേര്‍ അവിടെയുമുണ്ടായിരുന്നു.'' വാര്‍ണര്‍ പറഞ്ഞുനിര്‍ത്തി.  

വിവിധ ടീമുകളിലെ താരങ്ങള്‍ക്ക് കൊവിഡ് പോസിറ്റീവ് ആയതോടെയാണ് ഐപിഎല്‍ നിര്‍ത്തിവെ്ക്കാന്‍ തീരുമാനിച്ചത്. 31 മത്സരങ്ങള്‍ ഇനിയും ബാക്കിയുണ്ട്. ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളിലായി യുഎഇയില്‍ നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിട്ടുള്ളത്.
 

click me!