വായു മലിനീകരണം രൂക്ഷം; ദില്ലി ടി20 അഗ്‌നിപരീക്ഷയാകും; മാസ്‌ക് ധരിച്ച് പരിശീലനം

By Web TeamFirst Published Oct 31, 2019, 4:29 PM IST
Highlights

അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ഇന്ന് ബംഗ്ലാദേശ് താരം ലിറ്റണ്‍ ദാസ് മാസ്‌ക് അണിഞ്ഞാണ് പരിശീലനത്തിന് ഇറങ്ങിയത്

ദില്ലി: ദില്ലിയില്‍ നടക്കേണ്ട ഇന്ത്യ- ബംഗ്ലാദേശ് ടി20 രൂക്ഷമായ അന്തരീക്ഷ മലിനീകരണം മൂലം കൂടുതല്‍ പ്രതിസന്ധിയിലേക്ക്. അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ഇന്ന് ബംഗ്ലാദേശ് താരം ലിറ്റണ്‍ ദാസ് മാസ്‌ക് ധരിച്ചാണ് പരിശീലനത്തിന് ഇറങ്ങിയത്.

ദില്ലിയിലെ മത്സരം മറ്റൊരു വേദിയിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ മത്സരം മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിട്ടുണ്ട്. ദില്ലിയില്‍ മത്സരം ഒരുകാരണവശാലും നടത്തരുത് എന്നാവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ ഓപ്പണറും എംപിയുമായ ഗൗതം ഗംഭീര്‍ രംഗത്തെത്തിയിട്ടുണ്ട്. 

'ക്രിക്കറ്റല്ല, ശുദ്ധവായുവാണ് പ്രധാനം'

ക്രിക്കറ്റ് അടക്കമുള്ള ഒരു കായികമത്സരവും നടത്താനുള്ള സാഹചര്യമല്ല ദില്ലിയില്‍ ഇപ്പോഴുള്ളത്. മലിനീകരണം നിയന്ത്രണവിധേയമാകും വരെ മത്സരങ്ങള്‍ ഒന്നും നടത്താന്‍ പാടില്ല. അന്തരീക്ഷ മലിനീകരണമാണ് ദില്ലി ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. മുതിര്‍ന്നവരും കുട്ടികളും അടക്കമുള്ളവര്‍ മലിനീകരണത്തിന്‍റെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് എന്നും ഗൗതം ഗംഭീര്‍ വ്യക്തമാക്കി. 

ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ട്വന്‍റി20 നവംബര്‍ മൂന്നിനാണ് ദില്ലിയിലെ അരുണ്‍ ജെയ‌്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കേണ്ടത്. മൂന്ന് ടി20കളാണ് പരമ്പരയിലുള്ളത്. നേരത്തെയും ദില്ലിയിലെ വായു മലിനീകരണം ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഭീഷണിയായിട്ടുണ്ട്. 

click me!