
ചെന്നൈ: കഴിഞ്ഞ ദിവസമാണ് ദിനേശ് കാര്‍ത്തിക് ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്തത്. എല്ലാ ഫോര്‍മാറ്റുകളിലും കളിക്കാന്‍ പാകത്തിലുള്ള ടീമിനെയാണ് കാര്‍ത്തിക് തിരഞ്ഞെടുത്തത്. എന്നാല്‍ ടീമില്‍ ഇതിഹാസ ക്യാപ്റ്റന്‍ എം എസ് ധോണിയില്ലെന്നുള്ളത് ശ്രദ്ധേയമായിരുന്നു. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റന്‍ ഇല്ലാത്തത് ആരാധകരോഷത്തിന് ഇടയാക്കി. മിക്കവരും കരുതിയത് ടീമില്‍ ഉള്‍പ്പെട്ട മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയാണ് കാര്‍ത്തിക് വിക്കറ്റ് കീപ്പറായി നിശ്ചയിച്ചതെന്നാണ്.
എന്നാലിപ്പോള്‍ ധോണിയെ ഉള്‍പ്പെടുത്താത്തതില്‍ ക്ഷമാപണം നടത്തിയിരിക്കുകയാണ് കാര്‍ത്തിക്. അതൊരു പിഴവ് സംഭവിച്ചതാണെന്നാണ് കാര്‍ത്തിക് പറയുന്നത്. കാര്‍ത്തിക് വിശദീകരിക്കുന്നതിങ്ങനെ... ''യഥാര്‍ത്ഥത്തില്‍ അതെനിക്ക് സംഭവിച്ച പിഴവായിരുന്നു. വിക്കറ്റ് കീപ്പറെ ഉള്‍പ്പെടുത്താന്‍ മറക്കുകയായിരുന്നു. ഭാഗ്യവശാല്‍ രാഹുല്‍ ദ്രാവിഡ് അവിടെ ഉണ്ടായിരുന്നു. അദ്ദേഹം ഒരു പാര്‍ട്ട് ടൈം വിക്കറ്റ് കീപ്പര്‍ കൂടിയാണല്ലൊ. എന്നാല്‍ ആ ചിന്ത ടീം ഇടുന്ന സമയത്ത് എനിക്കില്ലായിരുന്നു.'' കാര്‍ത്തിക് വ്യക്തമാക്കി.
പന്ത് താഴ്ന്നത് മുട്ടിന് താഴെ, കണങ്കാലിനോളം! ചാണ്ഡിമല്‍ പുറത്തായത് അത്രയും മോശം പന്തില്‍ -വീഡിയോ
ധോണി ഏത് ടീമിലും ഉള്‍പ്പെടുന്ന താരമാണമെന്നാണ് കാര്‍ത്തിക് പറയുന്നത്. ''വ്യക്തമായി പറയാം, എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയില്‍ മാത്രമല്ല, ലോകത്ത് ഏത് ഫോര്‍മാറ്റിലും കളിക്കേണ്ട താരമാണ് ധോണി. ഇതുവരെ കളിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. ആ ടീമിനെ പൊളിച്ചെഴുതുമ്പോള്‍ ധോണി ടീമില്‍ ഉള്‍പ്പെടും. ക്യാപ്റ്റനും അദ്ദേഹമായിരിക്കും.'' കാര്‍ത്തിക് വ്യക്തമാക്കി.
ദിനേഷ് കാര്‍ത്തിക് തെരഞ്ഞെടുത്ത എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടീം: വീരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ്മ, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി, യുവരാജ് സിംഗ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അനില്‍ കുംബ്ലെ, ജസ്പ്രീത് ബുമ്ര, സഹീര്‍ ഖാന്‍. 12ാമന്‍- ഹര്‍ഭജന്‍ സിംഗ്.