ഇന്ത്യന്‍ ടീമിലെത്താന്‍ ഋഷഭ് പന്തുമായി മത്സരമുണ്ടോ ?; തുറന്നുപറഞ്ഞ് സഞ്ജു

By Web TeamFirst Published Jun 8, 2020, 5:47 PM IST
Highlights

ഞാനും ഋഷഭ് പന്തും ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ ഒരുമിച്ചാണ് കളിതുടങ്ങിയത്. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് സമയം ചെലവഴിച്ചിട്ടുണ്ട്. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളുമാണ്. പ്രതിഭാധനനായ കളിക്കാരനാണ് അദ്ദേഹം

തിരുവനന്തപുരം: ഇന്ത്യയുടെ ഭാവി വിക്കറ്റ് കീപ്പര്‍മാരാവാനുള്ള മത്സരത്തില്‍ മുന്‍നിരയിലുള്ള താരങ്ങളാണ് ഋഷഭ് പന്തും മലയാളി താരം സഞ്ജു സാംസണും. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനാണ് ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിട്ടുള്ളത്. സഞ്ജുവിനെ ടീമിലേക്ക് പരിഗണിച്ചിരുന്നതാകട്ടെ സ്പെഷലിസ്റ്റ് ബാറ്റ്സ്മാനായാണ്. കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറായതോടെ അന്തിമ ഇലവനില്‍ ഋഷഭ് പന്തിന് സ്ഥാനം നഷ്ടമായപ്പോള്‍ ബാറ്റ്സ്മാന്‍ എന്ന നിലയില്‍ സഞ്ജുവിന് ന്യൂസിലന്‍ഡിനെതിരായ അവസാന രണ്ട് ടി20 മത്സരങ്ങളില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നു.

ഇതൊക്കെയാണെങ്കിലും ഇന്ത്യന്‍ ടീമിലെത്താന്‍ ഋഷഭ് പന്തുമായി യാതൊരു മത്സരവുമില്ലെന്നും ഡല്‍ഹി ക്യാപിറ്റല്‍സില്‍ ഒരുമിച്ച് കളിക്കുന്ന കാലത്തെ പന്ത് തന്റെ അടുത്ത സുഹൃത്താണെന്നും തുറന്നുപറയുകയാണ് സഞ്ജു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജു മനസുതുറന്നത്. 2015ല്‍ സിംബാബ്‌വെക്കെതിരെ ഇന്ത്യക്കായി അരങ്ങേറിയശേഷം അഞ്ച് വര്‍ഷം കഴിഞ്ഞാണ് ഞാന്‍ വീണ്ടും ദേശീയ ടീമിലെത്തുന്നത്. ഇതിനിടെ നാലോ അ‍ഞ്ചോ ഐപിഎല്‍ സീസണുകളിലും ആഭ്യന്തര ക്രിക്കറ്റിലും ഞാന്‍ കളിച്ചു. എന്റെ കരിയറില്‍ ഈ സമയം വളരെ പ്രധാനപ്പെട്ടതായിരുന്നു. എന്റെ കളിയിലും സമീപനത്തിലും മാറ്റം വരുത്താനും ഒപ്പം കളിമികവ് തേച്ചുമിനുക്കാനും എനിക്കായി. മാനസികമായും ഞാന്‍ കരുത്തുറ്റ ക്രിക്കറ്ററായി.

Also Read: അടുത്ത സ്റ്റോപ്പ് ലങ്കയിലെന്ന് സഞ്ജു; കത്തിക്കേണ്ട, വെറുതെ വിട്ടേക്കെന്ന് ആരാധകര്‍


ഇന്ത്യന്‍ ടീമിലെത്താന്‍ ഋഷഭ് പന്തുമായി മത്സരമില്ല. ടീം കോംബിനേഷന്‍ അനുസരിച്ചാണ് ആരെ ടീമിലെടുക്കണമെന്ന് സെലക്ടര്‍മാര്‍ തീരുമാനിക്കുന്നത്. മറ്റ് കളിക്കാരുടെമേല്‍ കണ്ണുവെച്ച് നമുക്ക് ക്രിക്കറ്റ് കളിക്കാനാവില്ല. ഞാനും ഋഷഭ് പന്തും ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ ഒരുമിച്ചാണ് കളിതുടങ്ങിയത്. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് സമയം ചെലവഴിച്ചിട്ടുണ്ട്. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളുമാണ്. പ്രതിഭാധനനായ കളിക്കാരനാണ് അദ്ദേഹം. ഒരുമിച്ച് കളിക്കുന്നത് ഞങ്ങളെപ്പോഴും ആസ്വദിക്കുന്നുമുണ്ട്. ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരായ ഒരു മത്സരത്തില്‍ ഞാനും ഋഷഭ് പന്തും ചേര്‍ന്ന് ഗ്രൗണ്ടിന്റെ നാലുപാടും സിക്സ് പായിച്ചതും 200 റണ്‍സിന് മുകളിലുള്ള കൂറ്റന്‍ വിജയലക്ഷ്യം ഞങ്ങള്‍ പിന്തുടര്‍ന്ന് ജയിച്ചതും എനിക്കോര്‍മയുണ്ട്. ഋഷഭ്  പന്തിനൊപ്പമുള്ള കൂട്ടുകെട്ട് ഞാന്‍ ശരിക്കും ആസ്വദിക്കുന്നു.


ഇന്ത്യന്‍ ടീമിലെത്താന്‍ ഞാനും ഋഷഭ് പന്തും തമ്മിലുള്ള മത്സരത്തെക്കുറിച്ച് ആളുകള്‍ എപ്പോള്‍ ചോദിക്കുമ്പോഴും ഞങ്ങള്‍ ഒരുമിച്ച് കളിക്കുന്നതിനെക്കുറിച്ചാണ് ഞാന്‍ ചിന്തിക്കാറുള്ളത്. ഒരുമിച്ച് കളിക്കുക മാത്രമല്ല, രസകരമായ ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ പങ്കുവെക്കാറുമുണ്ട്. ബൗളര്‍മാര്‍ക്കുമേല്‍ എപ്പോഴും ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരാണ് ഞങ്ങളിരുവരും. അതുകൊണ്ടുതന്നെ ഋഷഭ് പന്തുമായി മത്സരത്തിനല്ല, അദ്ദേഹത്തിനൊപ്പം കളിക്കാനാണ് എനിക്കിഷ്ടം-സഞ്ജു പറഞ്ഞു.

മഹേന്ദ്ര സിംഗ് ധോണിക്കൊപ്പം അധികം മത്സരങ്ങളില്‍ കളിക്കാനായിട്ടില്ലെങ്കിലും അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായിട്ടുണ്ടെന്നും സഞ്ജു പറഞ്ഞു. ധോണിയുടെ കളി ടിവിയില്‍ കണ്ടാല്‍പോലും നമുക്ക് അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും. ക്രിക്കറ്റിലെ ഏറ്റവും ബുദ്ധിമാനായ കളിക്കാരിലൊരാളാണ് അദ്ദേഹം. ഓരോ മത്സരത്തിനും സാഹചര്യത്തിനും അനുസരിച്ചും അദ്ദേഹത്തിന്റെ സീപനവും ബാറ്റിംഗ് രീതികളും എല്ലാം നോക്കിയാല്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനാവും. എങ്ങനെ ഒറു സ്മാര്‍ട്ട് ക്രിക്കറ്ററാകാം എന്നാണ് അദ്ദേഹത്തില്‍ നിന്ന് താന്‍ പഠിച്ച വലിയ പാഠമെന്നും സഞ്ജു പറഞ്ഞു.

click me!