
മുംബൈ: ആരാധകരെ ആശങ്കയിലാഴ്ത്തി ടീം ഇന്ത്യയുടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്ക് മുൻപ് വമ്പൻ തിരിച്ചടി. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായതിന് തൊട്ടുപിന്നാലെ മറ്റൊരു യുവ ഓൾറൗണ്ടറായ നിതീഷ് കുമാർ റെഡ്ഡിയും പര്യടനത്തിൽ നിന്ന് പുറത്തായതായി. ഇടത് തുടയിലെ പേശികൾക്കേറ്റ പരിക്കാണ് 23 കാരനായ നിതീഷിന് വില്ലനായത്. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് നിതീഷിന് പരിക്കേറ്റത്.
ഇംഗ്ലണ്ടിലെ പേസിനെ തുണയ്ക്കുന്ന പിച്ചുകളിൽ ടീമിന്‍റെ കരുത്താകേണ്ട രണ്ട് പ്രധാന പേസ് ഓൾറൗണ്ടർമാരും ഒന്നിനുപിറകെ ഒന്നായി പുറത്തായത് ഇന്ത്യൻ ടീം കോമ്പിനേഷനെ സാരമായി ബാധിക്കുമെന്നാണ് കരുതുന്നത്. ഹാർദിക്കിന്‍റെ അഭാവം നികത്താൻ നിതീഷിന് സാധിക്കുമെന്ന് കരുതിയിരിക്കെയാണ് ടീമിന് ഈ അപ്രതീക്ഷിത പ്രഹരം ഏൽക്കുന്നത്.സ്‌കാനിംഗിൽ നിതീഷിന്റെ പരിക്ക് അൽപ്പം ഗുരുതരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ റിപ്പോർട്ട് ചെയ്യാൻ താരത്തോട് ബിസിസിഐ മെഡിക്കൽ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കുറഞ്ഞത് നാല് ആഴ്ചയെങ്കിലും താരത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്.
സ്വതന്ത്ര ഫാസ്റ്റ് ബോളിംഗ് പരിശീലകനായ സ്റ്റെഫാൻ ജോൺസിന് കീഴിൽ നിതീഷ് റെഡ്ഡി തന്‍റെ ബോളിംഗ് വേഗത വർദ്ധിപ്പിച്ചിരുന്നു. മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തില്‍ പന്തെറിഞ്ഞിരുന്ന നിതീഷ് പെട്ടെന്ന് 130 കിലോമീറ്ററിന് മുകളിലേക്ക് വേഗത ഉയർത്തി. ഈ പെട്ടെന്നുള്ള മാറ്റം നിതിഷിന്‍റെ ശരീരത്തിന് കടുത്ത സമ്മർദ്ദമുണ്ടാക്കിയെന്നും ഇതാണ് പരിക്കിലേക്ക് നയിച്ചതെന്നും ക്രിക്കറ്റ് വിദഗ്ധർ വിലയിരുത്തുന്നുണ്ട്. ഇന്ത്യയ്ക്കായി ഇതുവരെ 10 ടെസ്റ്റുകളും 6 ഏകദിനങ്ങളും 4 ടി20 മത്സരങ്ങളും നിതീഷ് കളിച്ചിട്ടുണ്ട്.
നിതീഷ് റെഡ്ഡിക്ക് പകരക്കാരനായി മുംബൈയുടെ യുവ ഓൾറൗണ്ടർ സൂര്യൻഷ് ഷെഡ്ഗെ (Suryansh Shedge) ഇന്ത്യൻ ടീമിലേക്ക് എത്തിയേക്കും. അടുത്തിടെ ശ്രീലങ്കയിൽ നടന്ന എ-ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരയിൽ തകർപ്പൻ പ്രകടനമാണ് സൂര്യൻഷ് പുറത്തെടുത്തത്.പരമ്പരയിലെ 5 മത്സരങ്ങളിൽ നിന്ന് 120.49 സ്ട്രൈക്ക് റേറ്റിൽ 147 റൺസ് താരം അടിച്ചുകൂട്ടിയിരുന്നു. മീഡിയം പേസ് ബൗളിംഗിലൂടെ രണ്ട് വിക്കറ്റും സ്വന്തമാക്കി. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ തിളങ്ങാൻ ഈ യുവ ഓൾറൗണ്ടർക്ക് സാധിക്കുമെന്നാണ് സെലക്ടർമാരുടെ പ്രതീക്ഷ. അടുത്ത മാസം എഡ്ജ്ബാസ്റ്റൺ, സോഫിയ ഗാർഡൻസ്, ലോർഡ്സ് മൈതാനങ്ങളിലാണ് ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ ഏകദിന മത്സരങ്ങൾ.
ഐപിഎല്ലിനിടെ പരിക്കേറ്റ സ്പിന്നർ വരുൺ ചക്രവർത്തി പൂർണ്ണ ഫിറ്റ്‌നസ് വീണ്ടെടുക്കാത്തതിനാൽ അയർലൻഡിനെതിരായ ടി20 പരമ്പരയിൽ നിന്ന് ഒഴിവാക്കി. അതേസമയം, ആരാധകർക്ക് ആശ്വാസം നൽകിക്കൊണ്ട് വിരാട് കോലിയെ ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഐപിഎല്ലിനിടെയേറ്റ ഹാംസ്ട്രിങ് പരിക്കിൽ നിന്ന് പൂർണ്ണമുക്തനാണെന്ന് തെളിയിക്കാൻ കോഹ്‌ലി ബംഗളൂരുവിൽ ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയനാകേണ്ടതുണ്ട്. ഇതിന് ശേഷമേ കോലിയുടെ ഏകദിന പരമ്പരയില്‍ കളിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!